HOME
DETAILS

കോടതിയില്‍ പൊളിയുന്ന യു.എ.പി.എ

  
backup
October 29 2021 | 19:10 PM

981745542452-2


പന്തീരാങ്കാവ് പൊലിസ് അറസ്റ്റ് ചെയ്ത താഹ ഫസലിന് ജാമ്യം അനുവദിച്ചുകൊണ്ടും അലന്‍ ശുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം നിരാകരിച്ചുകൊണ്ടും സുപ്രിംകോടതി പറഞ്ഞത് ഇരുവര്‍ക്കുമെതിരേ യു.എ.പി.എ നിലനില്‍ക്കില്ലെന്നാണ്. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് 2019 നവംബറിലാണ് വിദ്യാര്‍ഥികളായ താഹയെയും അലനെയും പൊലിസ് അറസ്റ്റ് ചെയ്തത്. ഇരുവരുടെയും അറസ്റ്റിനെതിരേ സി.പി.എം പ്രാദേശികഘടകവും ജില്ലാ നേതൃത്വവും രംഗത്തുവന്നെങ്കിലും മുഖ്യമന്ത്രി പിണറായി വിജയന്‍ ന്യായീകരിച്ചതോടെ മറുവാക്കുപറയാന്‍ ത്രാണിയില്ലാത്ത സി.പി.എം നേതൃത്വം പിറകോട്ടുപോവുകയും രണ്ട് സജീവ പ്രവര്‍ത്തകരെ പൊലിസിന്റെ താല്‍പര്യത്തിന് വിട്ടുകൊടുക്കുകയും ചെയ്തു. തുടര്‍ന്ന് എന്‍.ഐ.എ അലനും താഹയ്ക്കുമെതിരേ യു.എ.പി.എ ചുമത്തുകയായിരുന്നു.
രാഷ്ട്രീയപ്രവര്‍ത്തകര്‍ക്കെതിരേ യു.എ.പി.എ ചുമത്തുന്ന എന്‍.ഐ.എ നടപടിക്കെതിരേ സി.പി.എം നേതൃത്വത്തില്‍ പ്രതിഷേധസ്വരങ്ങള്‍ ആഞ്ഞുവീശിക്കൊണ്ടിരിക്കുമ്പോഴാണ് സര്‍ക്കാര്‍ അനുഗ്രഹാശിസുകളോടെ രണ്ട് സി.പി.എം പ്രവര്‍ത്തകരെ യു.എ.പി.എ ചുമത്തി കാരാഗൃഹത്തില്‍ അടച്ചതെന്ന വിരോധാഭാസം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ജാമ്യം അനുവദിക്കാന്‍ സുപ്രിംകോടതിക്ക് ബോധ്യമായ തെളിവുകള്‍ ഇടത് ഭരണകൂടത്തിന് നേരത്തെ മനസിലാക്കാന്‍ കഴിഞ്ഞില്ലെന്നാണോ സാധാരണജനങ്ങള്‍ ഇതില്‍നിന്ന് മനസിലാക്കേണ്ടത്. അല്ലെങ്കില്‍ അറിഞ്ഞിട്ടും രണ്ട് യുവ സി.പി.എം പ്രവര്‍ത്തകരെ എന്‍.ഐ.എയുടെ വായിലേക്ക് വലിച്ചെറിഞ്ഞുകൊടുക്കാന്‍ ആഭ്യന്തര വകുപ്പ് കൈയാളുന്ന മുഖ്യമന്ത്രിയെ പ്രേരിപ്പിച്ച ചേതോവികാരം എന്തായിരിക്കും ?


സുപ്രിംകോടതി ഉത്തരവുപ്രകാരം യു.എ.പി.എ നിയമപ്രകാരമുള്ള 38,39 വകുപ്പുകള്‍ ഇരുവര്‍ക്കുമെതിരേ നിലനില്‍ക്കില്ല. തീവ്രവാദ സംഘടനകള്‍ക്കുള്ള പിന്തുണ, നിയമവിരുദ്ധപ്രവര്‍ത്തനം എന്നിവയും നിലനില്‍ക്കില്ല. ഇതൊന്നും തെളിയിക്കാന്‍ സുപ്രിംകോടതിയില്‍ എന്‍.ഐ.എക്ക് കഴിഞ്ഞിട്ടില്ല. താഹയ്‌ക്കെതിരേ എന്‍.ഐ.എ നിരത്തിയ ആരോപണങ്ങള്‍ വിശ്വാസയോഗ്യമല്ല. പ്രതികളെന്ന് പറയപ്പെടുന്ന ഇരുവരുടെയും ഫോണ്‍ കോളുകളിലോ ഫേസ്ബുക്ക്, ഇ-മെയില്‍ എന്നിവയിലോ കുറ്റകരമായ വസ്തുതകളൊന്നും കണ്ടെത്തിയിട്ടുമില്ല. ചെറുപ്രായത്തില്‍ മാവോയിസ്റ്റ് ആശയങ്ങളില്‍ ആകൃഷ്ടരാകുന്നതും ലഘുലേഖകള്‍ കൈവശംവയ്ക്കുന്നതും യു.എ.പി.എ നിയമപ്രകാരം കുറ്റംചുമത്താവുന്ന കേസുകളല്ല. ഇത്തരം വസ്തുതകള്‍ പരിശോധിച്ചാണ് സുപ്രിംകോടതി താഹയ്ക്ക് ജാമ്യം നല്‍കിയതും അലന്‍ ശുഹൈബിന്റെ ജാമ്യം റദ്ദാക്കാതിരുന്നതും. ഇരുവരും തീവ്രവാദസംഘടനകളില്‍ സജീവ ഇടപെടല്‍ നടത്തുകയോ തീവ്രവാദ സംഘടനകള്‍ക്കുവേണ്ടി സാമ്പത്തികസമാഹരണം നടത്തുകയോ ചെയ്തിട്ടില്ല. പിന്നെ എന്തിനായിരുന്നു ഈ യുവാക്കളെ ഇല്ലാക്കഥ മെനഞ്ഞ് ജയിലിലടയ്ക്കാന്‍ സംസ്ഥാന ഭരണകൂടം താല്‍പര്യപ്പെട്ടത്. കേന്ദ്രസര്‍ക്കാരിന് പ്രത്യേക താല്‍പര്യമുണ്ടാകാം. അതിന്റെ കാരണം ഇരുവരുടെയും പേരുകളുമായിരിക്കാം. അതല്ലല്ലോ വര്‍ഗരാഷ്ട്രീയത്തിനപ്പുറം മറ്റൊരു രാഷ്ട്രീയമില്ലെന്ന് ചെങ്കൊടിയേന്തി നാഴികയ്ക്ക് നാല്‍പതുവട്ടം പ്രഖ്യാപിച്ചുകൊണ്ടിരിക്കുന്ന സി.പി.എം നിലപാട്. പാര്‍ലമെന്റില്‍ യു.എ.പി.എ നിയമഭേദഗതിക്കെതിരേ ശബ്ദിച്ചവരായിരുന്നുവല്ലോ സി.പി.എം എം.പിമാര്‍.


യു.എ.പി.എ അടക്കമുള്ള കരിനിയമങ്ങളെക്കുറിച്ച് പൗരസമൂഹം ഏറെ ഗൗരവത്തോടെ ചര്‍ച്ചചെയ്തുകൊണ്ടിരിക്കുന്ന ഒരു കാലമാണിത്. ഇത്തരം ഭീകര നിയമങ്ങള്‍ക്കെതിരേ സമരം ചെയ്യുന്നവരുടെ നേതൃത്വം ഏറ്റെടുക്കുന്നതാകട്ടെ സി.പി.എമ്മും. ഇന്ത്യയില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന നിയമങ്ങളില്‍ ഏറ്റവും ക്രൂരമായതാണ് യു.എ.പി.എ(അണ്‍ലോഫുള്‍ ആക്ടിവിറ്റിസ് പ്രിവെന്‍ഷന്‍ ആക്ട് 2008). തീവ്രവാദവിരുദ്ധതയുടെയും ഭീകരപ്രവര്‍ത്തനത്തിന്റെയും പേരില്‍ ഈ ഭീകരനിയമം കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയ പ്രതിയോഗികള്‍ക്കെതിരേയും ന്യൂനപക്ഷ, പിന്നോക്ക വിഭാഗങ്ങള്‍ക്കെതിരേയുമാണ് പ്രയോഗിച്ചുവരുന്നത്. അതേ നിയമം ഉപയോഗിച്ച് സ്വന്തം പാര്‍ട്ടിയിലെ രണ്ട് യുവ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യിപ്പിക്കാന്‍ രക്തം രക്തത്തെ തിരിച്ചറിയുന്ന പാര്‍ട്ടിയും ഭരണകൂടവും ഉത്സാഹംകാണിച്ചത് ആര്‍ക്കുവേണ്ടിയായിരുന്നു. പാര്‍ട്ടി നയം അല്ലാതിരുന്നിട്ടും ആരെ തൃപ്തിപ്പെടുത്താനായിരുന്നു ഇത്. ഇത്തരം ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം പറയേണ്ട ബാധ്യത സി.പി.എം കേരള നേതൃത്വത്തിനുണ്ട്. യു.എ.പി.എ നിയമം പാര്‍ട്ടി അംഗീകരിക്കുന്നില്ലെന്ന് സി.പി.എം പോളിറ്റ്ബ്യൂറോ അംഗമായ എം.എ ബേബി പറഞ്ഞതുപോലും അംഗീകരിക്കാതെ സി.പി.എം കേരള ഘടകവും മുഖ്യമന്ത്രിയും നിലകൊണ്ടത് എന്തിന്റെ അടിസ്ഥാനത്തിലായിരുന്നു. സി.പി.എം നയത്തിന് വിരുദ്ധമായ ഒരു നിലപാട് അലന്‍-താഹ വിഷയത്തില്‍ മുഖ്യമന്ത്രി സ്വീകരിച്ചത് പൊലിസ് എഴുതിക്കൊടുത്തത് അംഗീകരിച്ചതിന്റെ ഫലമായിട്ടായിരുന്നു. പൊലിസാകട്ടെ സംഘിമയമാണെന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്. വ്യാജ കുറ്റാരോപണമാണ് താഹയ്ക്കും അലനുമെതിരേ ചുമത്തിയതെന്ന് സുപ്രിംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഇപ്പോഴെങ്കിലും സര്‍ക്കാര്‍ സമ്മതിക്കണം. പൊലിസ് എന്താണോ എഴുതിക്കൊടുക്കുന്നത് അത് വായിക്കുകയെന്ന രീതി ഒരു ഇടതുപക്ഷ മുഖ്യമന്ത്രിക്ക് ചേര്‍ന്നതല്ല. തലയ്ക്കുമുകളിലെ ലാവ്‌ലിന്‍ കേസായിരിക്കാം മുഖ്യമന്ത്രിയെ യു.എ.പി.എക്ക് എതിരായ പാര്‍ട്ടി നയത്തെപ്പോലും ധിക്കരിക്കാന്‍ പ്രേരിപ്പിക്കുന്നത്.


പരിശുദ്ധാത്മാക്കളായ അലനും താഹയും ചായകുടിക്കാന്‍ പോയപ്പോഴല്ല അറസ്റ്റ് ചെയ്യപ്പെട്ടതെന്നായിരുന്നു മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും പറഞ്ഞിരുന്നത്. എന്നാല്‍, വര്‍ഷം രണ്ടായിട്ടും അവര്‍ ചായ കുടിക്കാനല്ല പോയതെന്നതിന് ഉപോദ്ബലകമായ ഒരു തെളിവും ഹാജരാക്കാന്‍ കേരള പൊലിസിനോ എന്‍.ഐ.എക്കോ കഴിഞ്ഞിട്ടില്ല. അപ്പോള്‍ മുഖ്യമന്ത്രിയുടെ ചായകുടി പ്രയോഗം ആരെ സന്തോഷിപ്പിക്കാനായിരുന്നു.


കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയില്‍ 145 യു.എ.പി.എ കേസുകളാണ് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍, യു.എ.പി.എ നിയമപ്രകാരം കേരളത്തില്‍ എത്രപേര്‍ക്കെതിരേ കേസെടുത്തു, ഓരോരുത്തരും ഇതുവരെ അനുഭവിച്ച ജയില്‍വാസം എത്ര, അവരുടെ പേരുവിവരങ്ങള്‍ എന്നിവ സംബന്ധിച്ച് കെ.കെ രമ നിയമസഭയില്‍ ഉന്നയിച്ച ചോദ്യത്തിന് മുഖ്യമന്ത്രി നല്‍കിയ മറുപടി ദേശസുരക്ഷയെ ബാധിക്കുന്ന കാര്യമായതിനാല്‍ മറുപടി പറയാനാകില്ലെന്നായിരുന്നു. ഇതുതന്നെയല്ലേ പ്രധാനമന്ത്രി നരേന്ദ്രമോദി പാര്‍ലമെന്റിലും കോടതികളിലും പറഞ്ഞുകൊണ്ടിരിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെഎസ്ആര്‍ടിസി ബസിടിച്ചു തകര്‍ന്ന ശക്തന്‍ പ്രതിമ അഞ്ച് മാസത്തെ കാത്തിരിപ്പിനോടുവിൽ പുനഃസ്ഥാപിച്ചു

Kerala
  •  a month ago
No Image

അബൂദബി ഗ്രാന്‍ ഫോണ്ടോ; യുഎഇയില്‍ ഗതാഗത നിയന്ത്രണം

uae
  •  a month ago
No Image

മൂന്ന് ജില്ലകളില്‍ മണിക്കൂറില്‍ 40 കിലോമീറ്ററില്‍ കൂടുതല്‍ വേഗതയില്‍ കാറ്റിന് സാധ്യത; എട്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് 

Kerala
  •  a month ago
No Image

വയനാട് ദുരന്തം; ചൊവ്വാഴ്ച വയനാട്ടില്‍ എല്‍ഡിഎഫ് യുഡിഎഫ് ഹര്‍ത്താല്‍

Kerala
  •  a month ago
No Image

രൂപയുടെ ഇടിവ്; പ്രവാസികള്‍ക്ക് നാട്ടിലേക്ക് പണം അയയ്ക്കാന്‍ നല്ല സമയം

uae
  •  a month ago
No Image

കണ്ണൂരില്‍ ബസ് അപകടത്തില്‍ മരിച്ച അഭിനേതാക്കളുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ചു

Kerala
  •  a month ago
No Image

ഇല്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നു: ഇപിയുടെ പുസതക വിവാദം പാര്‍ട്ടിയെ ബാധിച്ചിട്ടില്ലെന്ന് എം.വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

'തന്നെ തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്'; ആത്മകഥ വിവാദത്തിന് പിന്നില്‍ ഗൂഢാലോചനയെന്ന് ആവര്‍ത്തിച്ച് ഇ.പി ജയരാജന്‍

Kerala
  •  a month ago
No Image

മുനമ്പം: പഴയ ചരിത്രത്തിലേക്ക് പോയാല്‍ ഏറ്റവും ബുദ്ധിമുട്ടുണ്ടാകുക ഇടതുപക്ഷത്തിന്- കുഞ്ഞാലിക്കുട്ടി, വിഷയം വര്‍ഗീയ വിഭജനമുണ്ടാക്കാന്‍ ഉപയോഗിക്കരുത് 

Kerala
  •  a month ago
No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago