സ്കൂള്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് കുട്ടിയെ തലകീഴായി തൂക്കിപ്പിടിച്ച് 'ശിക്ഷിച്ചു'
ലഖ്നൗ: ഉത്തര്‍പ്രദേശിലെ ഒരു സ്കൂളില്‍ രണ്ടാം ക്ലാസുകാരനെ സ്കൂള്‍ കെട്ടിടത്തിനു മുകളില്‍ നിന്ന് തലകീഴായി തൂക്കിപ്പിടിച്ച് 'ശിക്ഷ' നല്കിയ ഹെഡ്മാസ്റ്ററെ പൊലിസ് അറസ്റ്റ് ചെയ്തു. മിര്‍സാപൂരിലാണ് സംഭവം.
ഹെഡ്മാസ്റ്റര് കുട്ടിയെ കെട്ടിടത്തിനു മുകളില്‍ നിന്നു താഴേക്ക് തൂക്കിപിടിച്ച് നില്ക്കുന്ന ചിത്രം വൈറലായതിനു പിന്നാലെയാണ് പൊലിസ് ഇയാളെ അറസ്റ്റ് ചെയ്തത്. മനോജ് വിശ്വകര്‍മ എന്നയാളാണ് അറസ്റ്റിലായത്. സ്കൂളിലെ മറ്റു കുട്ടികള്‍ നോക്കി നില്‍ക്കേ സോനു യാദവ് എന്ന കുട്ടിയോടാണ് ഇയാള്‍ ക്രൂരത കാട്ടിയത്.
കെട്ടിടത്തിന്റെ താഴേക്ക് ഇടുമെന്ന് ഭീഷണിപ്പെടുത്തിയാണ് കുട്ടിയെ ഇയാള്‍ തലകീഴായി തൂക്കിപ്പിടിച്ചത്. കുട്ടി പേടിച്ചു കരയുന്നതും മറ്റു ക്ലാസുകളിലെ കുട്ടികള്‍ ചുറ്റും കൂടി നില്ക്കുന്നതും ദൃശ്യങ്ങളിലുണ്ട്. വ്യാഴാഴ്ച ഉച്ചഭക്ഷണത്തിന്റെ ഇടവേളയിലായിരുന്നു സംഭവം. ചുറ്റും കൂടിയ കുട്ടികള്‍ ബഹളംവച്ചതോടെയാണ് ഇയാള്‍ കുട്ടിയെ മോചിപ്പിച്ചത്. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് മനോജ് വിശ്വകര്മയ്ക്കെതിരേ കേസെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."