ചെറിയാച്ചന്റെ ദാര്‍ശനികകൃത്യങ്ങള്‍
വി അബ്ദുല്‍ മജീദ്
ഒരാള്‍ക്കൊരു രാഷ്ട്രീയ കാഴ്ചപ്പാടുണ്ടായാല്‍ മരണം വരെ അതു തുടര്‍ന്നുകൊള്ളണമെന്നൊന്നുമില്ല. ഒരുപാട് ചിന്തകള്‍ പരന്നുകിടക്കുന്ന ജനാധിപത്യ സമൂഹത്തില്‍ കാഴ്ചപ്പാടുകളില്‍ മാറ്റം സ്വാഭാവികവുമാണ്. ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപകനേതാക്കളിലൊരാളായിരുന്ന എം.എന്‍ റോയ് പിന്നീട് മാര്‍ക്‌സിയന്‍ ദര്‍ശനം ഉപേക്ഷിച്ച് മാനവികതാവാദിയായിട്ടുണ്ട്. കിടുകിടിലന്‍ വിപ്ലവകാരിയും നക്‌സലൈറ്റ് പ്രസ്ഥാനത്തിന്റെ സമുന്നത നേതാക്കളിലൊരാളുമായിരുന്ന, 'വിപ്ലവത്തിന്റെ ദാര്‍ശനിക പ്രശ്‌നങ്ങള്‍' എന്ന വിപ്ലവ പാഠപുസ്തകം രചിച്ച കെ. വേണു സോവിയറ്റ് യൂനിയന്‍ അന്ത്യശ്വാസം വലിച്ചതിനെ തുടര്‍ന്ന് ജനാധിപത്യ സങ്കല്‍പ്പവാദിയും യു.ഡി.എഫ് സ്ഥാനാര്‍ഥിയും വരെ ആയി. ഇതുപോലെ ദാര്‍ശനിക വ്യതിയാനം സംഭവിച്ച് വലതുപക്ഷം വിട്ട് കമ്യൂണിസ്റ്റുകളായി മാറിയവരും ധാരാളമുണ്ട്.
പിന്നെ കാര്യമായ ദാര്‍ശനിക ഭാരമൊന്നുമില്ലാതെ രാഷ്ട്രീയ നിലപാട് മാറിയ ടി.കെ ഹംസ, എ.പി അബ്ദുല്ലക്കുട്ടി തുടങ്ങിയ ധാരാളം പേര്‍ വേറെയുമുണ്ട്. അവരുടെയൊന്നും ഗണത്തില്‍ പെടുത്തേണ്ടയാളല്ല ചെറിയാന്‍ ഫിലിപ്പ്. സാംസ്‌കാരിക കേരളം അദ്ദേഹത്തെ പണ്ടുതന്നെ ബുദ്ധിജീവികളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആളൊരു ദാര്‍ശനികനുമാണ്. എന്തൊക്കെയോ ദാര്‍ശനിക സമസ്യകള്‍ അദ്ദേഹത്തെ സദാ അലട്ടിയിരുന്നതായി എനിക്കു തോന്നിയിട്ടുണ്ട്, നിങ്ങള്‍ക്കാര്‍ക്കെങ്കിലും തോന്നിയിട്ടുണ്ടോ എന്നറിയില്ല.
സമരോജ്വലമായ കെ.എസ്.യു- യൂത്ത് കോണ്‍ഗ്രസ് കാലം കടന്ന് കോണ്‍ഗ്രസ് നേതാക്കളിലൊരാളായി മാറിയ കാലം മുതല്‍ സാംസ്‌കാരിക കേരളം അദ്ദേഹത്തെ ശ്രദ്ധിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ രൂപംകൊണ്ട കേരള ദേശീയവേദി അന്ന് പത്രത്താളുകളില്‍ നിറഞ്ഞിരുന്നു. ഞായറാഴ്ചകളിലാണ് ദേശീയവേദിയുടെ പത്രക്കുറിപ്പുകള്‍ പത്രം ഓഫിസുകളില്‍ എത്തിയിരുന്നത്. ഞായറാഴ്ച തയാറാക്കുന്ന, തിങ്കളാഴ്ച പുറത്തിറങ്ങുന്ന പത്രങ്ങളില്‍ പൊതുവെ വാര്‍ത്താക്ഷാമമുണ്ടാകും. അതുകൊണ്ട് വേദിയുടെ വാര്‍ത്ത തരക്കേടില്ലാത്ത വലുപ്പത്തില്‍ വരും.
കോണ്‍ഗ്രസിലെ തിരുത്തല്‍ ശക്തിയായാണ് അദ്ദേഹവും വേദിയും അന്ന് അറിയപ്പെട്ടത്. പൊതുവെ തിരുത്തലുകളോടൊന്നും താല്‍പര്യമില്ലാത്തവരാണ് കോണ്‍ഗ്രസുകാര്‍. അതുകൊണ്ടായിരിക്കാം, പാര്‍ലമെന്ററി രംഗത്ത് അദ്ദേഹത്തിന് വേണ്ടത്ര പരിഗണന കിട്ടിയില്ല. അങ്ങനെയിരിക്കെയാണ് 2001ലെ നിയമസഭാ തെരഞ്ഞെടുപ്പ് വന്നത്. ചെറിയാന് കൊടുത്ത സീറ്റ് ജയസാധ്യതയില്ലാത്തതാണെന്ന് അദ്ദേഹത്തിനു തോന്നി. തൊട്ടുപിറകെ ഇടതുപക്ഷ വിപ്ലവ ചിന്തകളില്‍ ആകൃഷ്ടനുമായി. അദ്ദേഹം കോണ്‍ഗ്രസ് വിട്ടു. അദ്ദേഹം ഒഴിവാക്കിയ സീറ്റില്‍ മറ്റൊരു കോണ്‍ഗ്രസ് നേതാവ് പാട്ടുംപാടി ജയിച്ചത് വേറെ കഥ.
സി.പി.എമ്മിനൊപ്പം ചേര്‍ന്ന ചെറിയാന് എ.കെ.ജി സെന്ററില്‍ നല്ലൊരിടം തന്നെ കിട്ടിയിരുന്നു. കൈരളി ചാനലില്‍ തുടര്‍ച്ചയായി ചെറിയാന്‍ പ്രതികരിക്കാനും തുടങ്ങി. ഇതിനിടയില്‍ നിയമസഭയിലേക്ക് മൂന്നു തവണ സി.പി.എം സീറ്റ് നല്‍കിയെങ്കിലും ജയിക്കാനായില്ല. ബുദ്ധിജീവികളെ ബഹുമാനിച്ചു ശീലിക്കാത്തവരാണല്ലോ ഈ നാട്ടിലെ വോട്ടര്‍മാര്‍. സാധാരണ ഇങ്ങനെയുള്ളവരെ പാര്‍ട്ടികള്‍ രാജ്യസഭയിലേക്കയയ്ക്കുകയാണ് പതിവ്. പിന്നീട് രണ്ടു തവണ രാജ്യസഭയിലേക്ക് പരിഗണിക്കുന്നതായി വാര്‍ത്ത വന്നിരുന്നു. അതും നടന്നില്ല.
അങ്ങനെ സംഭവബഹുലമായ രണ്ടു ദശാബ്ദക്കാലത്തെ ഇടതു പ്രത്യയശാസ്ത്ര സഹവാസം കഴിഞ്ഞ ശേഷമാണ് രാജ്യത്തെ രക്ഷിക്കാന്‍ കോണ്‍ഗ്രസിനു മാത്രമേ സാധിക്കൂ എന്ന് ചെറിയാന് തോന്നിത്തുടങ്ങിയത്. ഒരാളില്‍ ദാര്‍ശനിക വ്യതിയാനം സംഭവിക്കാന്‍ ഈ കാലയളവ് ധാരാളം. വേറെയുമുണ്ട് കാരണങ്ങള്‍. നേതാക്കള്‍ സ്ഥിരമായി പദവികളിലിരിക്കുന്ന രീതി മാറ്റണമെന്ന് പണ്ടെന്നോ കോണ്‍ഗ്രസിലുണ്ടായിരുന്നപ്പോള്‍ ചെറിയാന്‍ പറഞ്ഞിരുന്നു. അടുത്തകാലത്ത് കോണ്‍ഗ്രസില്‍ നേതൃതലത്തില്‍ അഴിച്ചുപണിയുണ്ടായി. കുറച്ചുകാലമായി അധികാരമില്ലാത്തതിനാല്‍ കോണ്‍ഗ്രസിന് ഇത്തിരി വൃത്തിയും വെടിപ്പും ഉണ്ടായിട്ടുമുണ്ട്.
ഇതിനൊക്കെ പുറമെ കോണ്‍ഗ്രസിലേക്ക് ബുദ്ധിജീവികളെ കൊണ്ടുവരുമെന്ന് പുതിയ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ പറഞ്ഞിട്ടുമുണ്ട്. കോണ്‍ഗ്രസില്‍ ബുദ്ധിജീവികള്‍ കുറവാണ്. കാര്യമായി ഇല്ലെന്നുതന്നെ പറയാം. സി.പി.എമ്മാണെങ്കില്‍ ബുദ്ധിജീവികള്‍ പെരുകിയിട്ടുള്ള അധികഭാരം കാരണം കഷ്ടപ്പെടുകയുമാണ്. ബുദ്ധിജീവികള്‍ പാചകക്കാരെപ്പോലെയാണ്. ആവശ്യത്തിനു വേണം. കണക്കിലധികമുണ്ടായാല്‍ അവര്‍ സദ്യ കുളമാക്കും.
ചെറിയാന്‍ സി.പി.എമ്മിനോടൊപ്പം ചേര്‍ന്നപ്പോള്‍ കൂടെ ഏതെങ്കിലും കോണ്‍ഗ്രസുകാര്‍ പോയതായി കേട്ടിട്ടില്ല. തിരിച്ചെത്തിയപ്പോള്‍ ഏതെങ്കിലും സി.പി.എമ്മുകാര്‍ കൂടെ എത്തിയതായും വാര്‍ത്തയില്ല. അതൊന്നും വലിയ വിഷയമല്ല. ആള്‍ബലത്തെക്കാള്‍ വലുതാണല്ലോ ധൈഷണികശേഷി.
എ.കെ.ജി സെന്ററിലെ പല രഹസ്യങ്ങളും തനിക്കറിയാമെന്നും എന്നാല്‍ പുറത്തുവിടില്ലെന്നും ചെറിയാന്‍ പറഞ്ഞിട്ടുണ്ട്. സ്റ്റാലിന്റെ മരണശേഷം നികിത ക്രൂഷ്‌ചേവ് പുറത്തുവിട്ടതുപോലെയുള്ള എന്തെങ്കിലും ഞെട്ടിപ്പിക്കുന്ന വിവരങ്ങളായിരിക്കുമത്. കേരളം അതു കേള്‍ക്കാന്‍ കാതോര്‍ത്തിരിക്കുകയാണെങ്കിലും പുറത്തുവിടാന്‍ ആരും അദ്ദേഹത്തെ നിര്‍ബന്ധിക്കരുത്. 'മാശാഅല്ലാഹ്' സ്റ്റിക്കറുള്ള ഇന്നോവ വന്നാല്‍ തടയാന്‍ കോണ്‍ഗ്രസുകാരെ കിട്ടിക്കൊള്ളണമെന്നില്ല.
പാര്‍ട്ടിയായാല്‍ സ്വന്തം
ശിശുക്ഷേമ സമിതിയും വേണം
ആലായാല്‍ തറയും അടുത്തുതന്നെ അമ്പലവുമൊക്കെ വേണമെന്നു പറയുന്നതുപോലെ ഒരു രാഷ്ട്രീയപ്പാര്‍ട്ടിയായാല്‍ പല സജ്ജീകരണങ്ങളൊക്കെ വേണ്ടിവരും. ആവശ്യത്തിന് ഓഫിസുകള്‍, നേതാക്കള്‍ക്ക് സഞ്ചരിക്കാന്‍ വാഹനങ്ങള്‍, പത്രം, ചാനല്‍, സഹകരണ സംഘങ്ങള്‍ തുടങ്ങിയ സംവിധാനങ്ങള്‍ പൊതുവെ വേണ്ടവയാണ്. ബൂര്‍ഷ്വാ പാര്‍ട്ടികള്‍ക്ക് അത്രയൊക്കെ മതിയാകും. അത്രയും വേണമെന്നുമില്ല.
എന്നാല്‍ വിപ്ലവപ്പാര്‍ട്ടികള്‍ക്ക് അത്രയൊന്നും മതിയാവില്ല. സ്വന്തമായി പൊലിസ്, കോടതി, പട്ടാളം തുടങ്ങിയ ചില സെറ്റപ്പുകള്‍ കൂടി വേണ്ടിവരും. ഞങ്ങള്‍ക്ക് അതൊക്കെയുണ്ട്. ആദ്യമൊന്നും ഞങ്ങളത് പുറത്തു പറഞ്ഞിരുന്നില്ല. വിപ്ലവപ്പാര്‍ട്ടികള്‍ എല്ലാ കാര്യങ്ങളുമൊന്നും അങ്ങനെ പുറത്തു പറയാറില്ല. രഹസ്യങ്ങള്‍ സൂക്ഷിക്കല്‍ ഒരു കമ്യൂണിസ്റ്റ് രീതിയാണ്. ഒരിക്കല്‍ ഞങ്ങളുടെ ഒരു വനിതാ നേതാവ് ഒരാവേശത്തിന് പരസ്യമായി പറഞ്ഞുപോയതുകൊണ്ടാണ് പൊലിസിന്റെയും കോടതിയുടെയും കാര്യം നാട്ടുകാര്‍ അറിഞ്ഞത്. പട്ടാളത്തിന്റെ കാര്യം ഞങ്ങള്‍ പറയാതെ തന്നെ നാട്ടുകാര്‍ക്കറിയാം. ഒഞ്ചിയത്തും മറ്റുമായി കുലംകുത്തികളെ കൈകാര്യം ചെയ്തത് ആ പട്ടാളമാണല്ലോ.
ഞങ്ങളുടെ അന്വേഷണ സംവിധാനം കുറ്റമറ്റതാണ്. ഇത്ര വിദഗ്ധരായ അന്വേഷണോദ്യോഗസ്ഥര്‍ സര്‍ക്കാരിനു പോലുമില്ല. പീഡനത്തിന്റെ തീവ്രത പരിശോധിച്ചു കണ്ടെത്താനുള്ള മിടുക്കു പോലും അവര്‍ക്കുണ്ട്. നാട്ടില്‍ മറ്റൊരു അന്വേഷണ ഏജന്‍സിയും ആ വിദ്യ സ്വായത്തമാക്കിയിട്ടില്ല.
കാലം മാറുമ്പോള്‍ ഇനിയും ചിലതുകൂടി വേണ്ടിവരും. ഇപ്പോള്‍ അടിയന്തരമായി വേണ്ടത് സ്വന്തമായി ശിശുക്ഷേമ സമിതിയും അമ്മത്തൊട്ടിലുമാണ്. ഏതെങ്കിലും സഖാക്കളുടെ കുടുംബത്തിന്റെ മാനം രക്ഷിക്കാന്‍ കുഞ്ഞുങ്ങളെ ഒളിപ്പിച്ചു കടത്തേണ്ട ആവശ്യം വരും. പൊതുവായ ശിശുക്ഷേമ സമിതിയും അമ്മത്തൊട്ടിലുമൊക്കെ അതിനായി ഉപയോഗപ്പെടുത്തിയാല്‍ ഏതെങ്കിലും അമ്മമാര്‍ പരാതിയുമായി വരും. അന്വേഷണമുണ്ടാകും. വാര്‍ത്ത പുറത്തുവരും. കോലാഹലമാകും. മൊത്തത്തില്‍ നാറ്റക്കേസാകും. ഇത്തരം സംവിധാനങ്ങള്‍ സ്വന്തമായി ഉണ്ടെങ്കില്‍ പരാതി വന്നാല്‍ തന്നെ പാര്‍ട്ടി പൊലിസ് അന്വേഷിച്ചാല്‍ മതിയല്ലോ. പാര്‍ട്ടി കോടതി തീര്‍പ്പു കല്‍പ്പിക്കുകയുമാവാം. ഇനി വൈകേണ്ട. അടുത്ത പാര്‍ട്ടി കോണ്‍ഗ്രസില്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."