വിവാദ ദത്ത്: സമ്മതപത്രം ഒപ്പിട്ടു വാങ്ങിയത് പ്രസവത്തിന് മുമ്പ്
തിരുവനന്തപുരം: നവജാത ശിശുവിനെ നിയമവിരുദ്ധമായി ദത്ത് നല്‍കിയ സംഭവത്തില്‍ അനുപമയുടെ പിതാവിനെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ദത്ത് നല്‍കുകയാണെന്ന് അറിയിച്ച് തയാറാക്കിയ സമ്മതപത്രത്തില്‍ അനുപമ ഒപ്പുവച്ചത് അവര്‍ പ്രസവിക്കുന്നതിനും മുമ്പ്. കുഞ്ഞിനെ ശിശുക്ഷേമ സമിതിയില്‍ ഏല്‍പ്പിക്കുന്നതിനായി അനുപമയുടെ പിതാവ് പി.എസ് ജയചന്ദ്രന്‍ ഒപ്പിട്ടുവാങ്ങിയ സമ്മതപത്രത്തിന്റെ പകര്‍പ്പ് സമൂഹമാധ്യമങ്ങളിലും പ്രചരിക്കുന്നുണ്ട്.
പ്രസവിച്ച് കഴിഞ്ഞാല്‍ കുഞ്ഞിനെ ശിശുക്ഷേമ സമിതിയില്‍ ഉപേക്ഷിക്കാനുള്ള സമ്മതപത്രമാണ് പി.എസ് ജയചന്ദ്രന്‍ നോട്ടറിയുടെ സഹായത്തോടെ തയാറാക്കിയത്. ഒക്ടോബര്‍ 19 നാണ് നെയ്യാര്‍ മെഡിസിറ്റിയില്‍ അനുപമ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. അതിന് നാലുദിവസം മുമ്പ് നോട്ടറിയും ജയചന്ദ്രന്റെ സുഹൃത്തും വീട്ടിലെത്തി കണ്ടാണ് അനുപമയെക്കൊണ്ട് സമ്മതപത്രത്തില്‍ ഒപ്പുവപ്പിച്ചത്. തനിക്ക് കുഞ്ഞിനെ വേണമെന്ന് തോന്നിയാല്‍ തിരിച്ചെടുത്ത് വളര്‍ത്താന്‍ അവകാശമുണ്ടാകുമെന്നും സമ്മതപത്രത്തിലുണ്ട്. മാതാവ് ശിശുക്ഷേമ സമിതി മുമ്പാകെ നേരിട്ട് വന്ന് കുഞ്ഞിനെ വളര്‍ത്താനാകില്ലെന്ന് പറഞ്ഞാല്‍ മാത്രമേ കുഞ്ഞിനെ സ്വീകരിക്കാന്‍ പാടുള്ളൂവെന്നാണ് ചട്ടം.കുഞ്ഞിനെ കാണാനില്ലെന്നും തിരികെ ലഭിക്കണമെന്നുമുള്ള അനുപമയുടെ ആവശ്യത്തിന് കാര്യമായ നിയമ പിന്‍ബലം ലഭിക്കാതിരുന്നത്, കുഞ്ഞിനെ ശിശുക്ഷേമ സമിതിയെ ഏല്‍പ്പിക്കാന്‍ അനുവാദം നല്‍കുന്ന സമ്മതപത്രമായിരുന്നു. എന്നാല്‍, അത് പ്രസവിക്കുന്നതിനും മുമ്പേ ഒപ്പിട്ട് വാങ്ങിയതാണെന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവന്നത്.
ഒപ്പുവയ്പ്പിച്ചത് ഭീഷണിപ്പെടുത്തിയായിരുന്നുവെന്ന് നേരത്തെതന്നെ അനുപമ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."