മാപ്പിളപ്പാട്ടിലെ പ്രിയദര്‍ശിനി
ഡോ. ഷബീബ് ഖാന്‍ പി.
പണ്ഡിറ്റ് നെഹ്‌റുവിന്റെ മകള്‍ പ്രിയദര്‍ശിനിയെക്കുറിച്ച് എഴുതിയ രണ്ടു മാപ്പിളപ്പാട്ടുകളില്‍ ഒന്നില്‍ അവരുടെ ജീവിതം വരച്ചിടുമ്പോള്‍, രണ്ടാമത്തേത് ഇന്ദിരാജിയുടെ ദൗര്‍ഭാഗ്യ വിയോഗത്തിന്‍ നോവ് പകര്‍ന്ന വിരഹഗാനമായി കൈരളിയുടെ മുന്നിലെത്തിച്ചിരുന്നു. മലയാള ഗാന സംസ്‌കൃതിയിലെ അവിഭാജ്യമായ മാപ്പിളപ്പാട്ട് ശാഖയില്‍ ഇന്ദിരാ ഗാന്ധിയെ കുറിച്ച് എഴുതിയ രണ്ടു പ്രശസ്ത ഗാനങ്ങളെയാണ് ഈ ലേഖനത്തില്‍ വിശകലനം ചെയ്യുന്നത്.
'പണ്ഡിറ്റ് നെഹ്‌റുവിന്റെ
പുത്രി മാലിനി മണി
പ്രകാശ താരമായിരുന്ന പ്രിയദര്‍ശിനി
ഈ നാട്ടുകാരെ
കണ്ണിലുണ്ണിയായ പൂങ്കനി
ഇന്ത്യന്‍ പ്രധാനമന്ത്രി
ആയിരുന്ന സിംഹിണി'
ഇന്ദിരയെ പരിചയപ്പെടുത്തുന്ന ഈ വരികള്‍ ഇന്ദിരാജിയുടെ വിയോഗത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തി കെ.ടി മുഹമ്മദ് രചിച്ചതാണ്. ഇന്ദിരയെ നെഹ്‌റുവിന്റെ പുത്രിയെന്നും, അവര്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയെന്നും മനസിലാക്കിത്തരുന്ന പ്രാരംഭം. ഇന്ത്യന്‍ ചരിത്രത്തിലെ നിര്‍ഭാഗ്യ സംഭവത്തെ വരച്ചുകാണിക്കുന്ന ഇമ്പമാര്‍ന്ന ഈ ഗാനം പാടിയത് പ്രശസ്ത മാപ്പിള ഗായകന്‍ എ.വി മുഹമ്മദും ഗായിക ലതാ മാലതിയും ചേര്‍ന്നാണ്.
ഇന്ദിരാ ഗാന്ധിയുടെ ജീവിതവും മരണവും കൂടാതെ, മകനായ രാജീവ് ഗാന്ധി പ്രധാനമന്ത്രി ആകുന്നതുവരെയുള്ള രാഷ്ട്രീയ സംഭവങ്ങള്‍കൂടി കെ.ടി മുഹമ്മദ് തന്റെ സ്വതസിദ്ധമായ വരികളിലൂടെ മനോഹരമായി വര്‍ണിക്കുന്നു. ഇന്ദിരാജിയുടെ വേര്‍പ്പാടിന്റെ മനോവ്യഥ വരച്ചിടുന്നത് ഇങ്ങനെ:
'കണ്ണീരിലാഴ്ത്തി കൊണ്ട്
നമ്മെ വിട്ടു പോയഹോ...
അശ്മലനായ ദുഷ്ടന്‍
വെടിവച്ചു കൊന്നഹോ...
വര്‍ണിക്കാന്‍ വയ്യ രംഗം
ഓര്‍ത്തു കണ്ണുനീരഹോ
വഞ്ചിച്ചതായ ഗാഥ തന്റെ
കടും കൈയഹോ'
സ്വന്തം അംഗരക്ഷകരുടെ കരങ്ങളാല്‍ വെടിയേറ്റു വീഴേണ്ടി വന്നതിനെ വ്യക്തമാക്കുന്ന വരികള്‍ക്കൊപ്പം, മഹതിയുടെ വിയോഗത്തില്‍ ദു:ഖാര്‍ഥരായ ജനതയെയും, ഈ അപ്രതീക്ഷിത വിയോഗമറിഞ്ഞ് രാജ്യതലസ്ഥാനത്തെത്തി പ്രണാമം അര്‍പ്പിച്ച ലോക നേതാക്കളെയെല്ലാം സ്വതസിദ്ധമായ തന്റെ ശൈലിയില്‍ കെ.ടി മുഹമ്മദ് വരച്ചിടുന്നു.
'ലോകം ഈ വാര്‍ത്തയും
അറിഞ്ഞു അമ്പരന്നു പോയ്...
ലക്ഷം വിദേശ തലവന്മാരും
എത്തി ഡല്‍ഹിയില്‍...
ശോകം നിറഞ്ഞ അന്തരീക്ഷം
നാട്ടിലെങ്ങുമായി...
ശോഭത്തിന്‍ തീപ്പൊരികള്‍
പൊങ്ങി പാറി പാരില്‍ ഭംഗമായ്...'
ഇന്ദിരാജിയുടെ മരണാനന്തര ചുറ്റുപാടുകളിലൂടെ സഞ്ചരിച്ച്; പിന്‍ഗാമി രാജീവ് ഗാന്ധിയുടെ ഭരണത്തില്‍ പുരോഗതി ഉണ്ടാകുന്നതിന് പ്രാര്‍ഥനയും ഭാവുകങ്ങളും നേരാനും കവി മറന്നിട്ടില്ല.
'നാശത്തിന്റ അന്ന് ഒരെ കാണാന്‍
അയ്യോ നഷ്ടമായി...
രാജീവ് ഗാന്ധി പുത്രന്‍ തന്റെ
കൈയ്യില്‍ ഭരണം ആയി...
ശേഷം പുരോഗതികള്‍
കൈവരട്ടെ നാടിനായ്
നേരുന്നു ഭാവി ഭാസുരം
ജനങ്ങള്‍ കൂട്ടമായ്...'
രണ്ടാമത്തെ ഗാനം ഇന്ദിരാഗാന്ധിയുടെ സംഭവബഹുലമായ രാഷ്ട്രീയ ജീവിതത്തെക്കുറിച്ചുള്ളതാണ്. കെ.ടി മുഹമ്മദ് കുട്ടിയും എല്‍.ആര്‍ അഞ്ജലിയും ചേര്‍ന്നാണ് ആലപിച്ചത്.
'ഭാരത ദേവി ഇന്ദിര ഗാന്ധി
ഭാവന യുഗത്തിന് കൗതുക കാന്തി...
ഭൗതിക പൂവണിയില്‍ വന്ദിത പൂങ്കനി
ഭാവുകം നേര്‍ന്നിടുന്നു ഭാരത പൂക്കള്‍...'
ആധുനികചരിത്രത്തിലെ ശ്രദ്ധേയരായ വനിതാ ഭരണാധികാരികളിലൊരാളായി കരുതപ്പെടുന്ന ഇന്ദിരാ പ്രിയദര്‍ശിനി ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ഒരേ ഒരു മകളായിരുന്നു. 1966-77 കാലഘട്ടത്തിലും, പിന്നീട് 1980 മുതല്‍ മരണം വരേയും നാലു തവണയായി ഇന്ത്യയുടെ പ്രധാനമന്ത്രി പദം അലങ്കരിച്ച ഇവര്‍ തന്റെ പിതാവിനു ശേഷം ഏറ്റവും കൂടുതല്‍ കാലം രാജ്യം ഭരിച്ച പ്രധാനമന്ത്രിയാണ്.
'സാമൂഹ്യജീവിതം സുന്ദരമാക്കി,
ഇരുപത് ഇന പരിപാടി ഇടിവാള്‍ മുഴക്കി,
ഇരുട്ടിനെ അകറ്റി ഇന്ദിര ജ്യോതി...'
ഇന്ദിര 1947 മുതല്‍ 1964 വരെ അനൗദ്യോഗികമായി പിതാവിന്റെ ഉപദേശകസംഘത്തിന്റെ മുഖ്യചുമതല വഹിച്ചിരുന്നു. ഭരണത്തില്‍ അവരുടെ സ്വാധീനം വളരെ പ്രകടമായിരുന്നു. 1959ല്‍ കോണ്‍ഗ്രസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.
നെഹ്‌റുവിന്റെ മരണശേഷം, തനിക്കു വച്ചുനീട്ടിയ പ്രധാനമന്ത്രിപദം നിരസിച്ച് ലാല്‍ബഹാദൂര്‍ ശാസ്ത്രി മന്ത്രിസഭയില്‍ ഒരു കേന്ദ്രമന്ത്രിയായി ഇന്ദിര ചുമതലയേറ്റു. തന്റെ പിതാവിന്റെ സഹോദരിയായിരുന്ന വിജയലക്ഷ്മി പണ്ഡിറ്റ് മന്ത്രിയാകുന്നത് തടയിടാനായിയിരുന്നു ഇന്ദിര, നെഹ്‌റുവിന്റെ മരണശേഷം ഉടന്‍ തന്നെ മന്ത്രിസഭയില്‍ ചേരുവാന്‍ താല്‍പര്യം പ്രകടിപ്പിച്ചത് എന്നും പറയപ്പെടുന്നു.
1966ല്‍ ലാല്‍ ബഹാദൂര്‍ ശാസ്ത്രിക്കു ശേഷം ഇന്ത്യയുടെ അഞ്ചാമത് പ്രധാനമന്ത്രിയും, ആദ്യത്തെ വനിതാപ്രധാനമന്ത്രിയുമായി സ്ഥാനമേറ്റെടുത്തു. ഒരു പ്രധാനമന്ത്രി എന്ന നിലയില്‍ അധികാരകേന്ദ്രീകരണത്തിന്റെയും, കര്‍ക്കശമായ പെരുമാറ്റത്തിന്റെയും പ്രതീകമായിരുന്നു അവര്‍. ഭരണനൈപുണ്യത്തെ കവി വിവരിക്കുന്നത് കാണുക!.
'കരിഞ്ചന്ത കള്ളക്കടത്തും നിറുത്തി
കോടിശ്വരന്മാരെ കൂട്ടിലമര്‍ത്തി
സ്വാര്‍ഥത കാട്ടിയോരെ മുട്ടിവിരട്ടി
സോഷ്യലിസം ഇന്ത്യയില്‍ മാതൃക കാട്ടി'
ഇരുപതിന പരിപാടിയെക്കുറിച്ചും, അടിയന്തരാവസ്ഥാ കാലത്തെയും ഈ ഗാനത്തിലൂടെ വരച്ചുകാണിക്കുന്നു. സാമൂഹിക സാമ്പത്തിക സമത്വം കൊണ്ടുവന്നതും ബാങ്ക് ദേശസാല്‍ക്കരണ നടപടികളും ഈ വരികളില്‍നിന്ന് നമുക്ക് വായിച്ചെടുക്കാം.
പാകിസ്താന്റെ കിഴക്കന്‍ മേഖലയില്‍ ഉയര്‍ന്നുവന്ന സ്വാതന്ത്ര്യസമര പോരാട്ടങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച്, മേല്‍ രാജ്യവുമായി യുദ്ധത്തിലേര്‍പ്പെടേണ്ടി വന്നതും, അതില്‍ ഇന്ത്യന്‍ സേനയുടെ സഹകരണത്തോടെ വിപ്ലവം വിജയിച്ച് ബംഗ്ലാദേശ് രൂപീകരണത്തിലേക്ക് നയിച്ചതുമെല്ലാം കൃത്യമായി കോര്‍ത്തിണക്കുന്നു. ഇന്ദിരയുടെ ഭരണകാലത്ത് ഇന്ത്യ, ദക്ഷിണേഷ്യയിലെ ഒരു പ്രധാന ശക്തിയായി വളര്‍ന്നതും, രാജ്യം സാമ്പത്തിക, രാഷ്ട്രീയ, സൈനിക മേഖലകളില്‍ കൈവരിച്ചതും ഒരു ചരിത്ര സൂക്ഷിപ്പായി കവി ഉദ്ധരിക്കുന്നു.
1975 മുതല്‍ 1977 വരെ ഇന്ദിര ഇന്ത്യയില്‍ പ്രഖ്യാപിച്ച അടിയന്തരാവസ്ഥകാലത്ത് അവര്‍ ഒരു ഏകാധിപതിയെപ്പോലെയാണ് പെരുമാറിയിരുന്നതെന്ന വിമര്‍ശനത്തെ മുന്നോട്ടുവയ്ക്കുന്നതിന് കവി മടിക്കുന്നില്ല.
'അട്ടിമറി കാട്ടാളന്മാരെ ചാരെ...
അടിയന്തിരവാസ്ഥാ ഗര്‍ജ്ജിച്ചു നേരം...
ശിരസോടെ രാഷ്ട്രീയം തരിപ്പണമാക്കി...'
ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍ എന്ന നടപടിയുടെ പരിണിതഫലമായി, സിഖ് വംശജരുടെ അപ്രീതിക്കു പാത്രമായിത്തീര്‍ന്ന അവര്‍ 1984 ഒക്ടോബര്‍ 31ന് സിഖ് വംശജരായ തന്റെ സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിയേറ്റ് മൃതിയടഞ്ഞു.
'പരസ്പരം കലഹിക്കാന്‍
പറഞ്ഞില്ല മതങ്ങള്‍...
പരിഹാരം സഹോദര
ഐക്യദായിലാം ഗുണങ്ങള്‍...'
മതങ്ങള്‍ തമ്മില്‍ പരസ്പരം കലഹിക്കാന്‍ അല്ല പറഞ്ഞത്; സഹോദര ഐക്യമാണ് ഉണ്ടാവേണ്ടത് എന്ന സന്ദേശം ആണ് ഈ മാപ്പിള ഗാനത്തിന്റെ ആരംഭം.
ആയിരം കൊല്ലങ്ങള്‍ക്കിടെ ജീവിച്ച ശ്രേഷ്ഠയായ വനിതയെ കണ്ടെത്താനായി ബി.ബി.സി നടത്തിയ തെരഞ്ഞെടുപ്പില്‍ ഒന്നാമതെത്തിയത് ഇന്ദിരാ ഗാന്ധിയായിരുന്നു. ഇംഗ്ലണ്ടിലെ എലിസബത്ത് രാജ്ഞി, മേരി ക്യൂറി, മദര്‍ തെരേസ എന്നിവരെ പിന്‍തള്ളിയാണ് ഇന്ദിര ഈ സ്ഥാനത്തേക്കു തെരഞ്ഞെടുക്കപ്പെട്ടത്. ധീര വനിതയായ ഇന്ദിരാ ഗാന്ധിയെ പ്രകീര്‍ത്തിച്ചുകൊണ്ടാണ് ഈ മാപ്പിള ഗാനത്തിന്റെ പരിസമാപ്തി എന്നതും എടുത്തു പറയേണ്ട ഒന്നാണ്.
'വിതക്കേണ്ട സമയത്ത്
വിതക്കുവാന്‍ വേണ്ടി
വിദ്യാര്‍ഥി നിത്യസമരം ഒഴിവാക്കി
ജയ് ജയ് ധീര വനിതാ
ജയ് ജയ് ഇന്ദിര ഗാന്ധി
ജയ് ജയ് ധീര വനിതാ
ജയ് ജയ് ഇന്ദിര ഗാന്ധി'
എന്നാവേശമുണര്‍ത്തുന്ന വരികളില്‍ അവസാനിക്കുന്ന പാട്ടിന് രാജ്യചരിത്രത്തിന്റെ രേഖപ്പെടുത്തലുകളില്‍ മാറ്റി നിര്‍ത്താനാവാത്ത പ്രാധാന്യമുണ്ടെന്ന് മനസിലാക്കേണ്ടതുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."