ഇനിയെന്നാണൊരു ബദൽ?
കെ.എൻ.എ ഖാദർ
ജനങ്ങൾക്ക് കാര്യമായ അധികാരങ്ങളോ, അധീശത്വമോ ഇല്ലെങ്കിലും ജനാധിപത്യത്തിൽ സർക്കാരിനെ തെരഞ്ഞെടുക്കുന്നത് ജനങ്ങളാണ്. ആ നടപടിക്രമങ്ങളിലും സ്വതന്ത്രമായ അഭിപ്രായ പ്രകടനമാണ് വോട്ടർ നടത്തുന്നത് എന്നു കരുതുകവയ്യ. പലവിധ സ്വാധീനങ്ങൾ അവൻ്റെ മസ്തിഷ്ക്കത്തെ മതിക്കുന്നു. അപൂർവം ചിലർ ഒഴികെ അധിക പേരും അവരുടെ അഭിപ്രായങ്ങളെ രൂപപ്പെടുത്തിയ കക്ഷിക്കോ വ്യക്തിക്കോ വോട്ട് ചെയ്യുന്നു. ഇന്ത്യ ഭരിക്കുന്ന മോദി സർക്കാരും കേരളം ഭരിക്കുന്ന പിണറായിയും യു.പി ഭരിക്കുന്ന യോഗിയും ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ടവർ തന്നെ. ജനവിരുദ്ധമായ അത്തരക്കാരുടെ സമീപനങ്ങളെയും ദുർഭരണത്തേയും നാം വിമർശിക്കുന്നു. തെരഞ്ഞെടുക്കപ്പെട്ടവരെയല്ല, അവരെ തെരഞ്ഞെടുത്ത ജനങ്ങളോട് വേണം ആവലാതി പറയാനെന്ന് ഒരു സ്നേഹിതൻ ഈയിടെ എന്നെ ഉപദേശിച്ചു. അതിലും ചെറിയ ശരിയുണ്ട്. രാപ്പകൽ മോദി സർക്കാരിനെ വിമർശിക്കുന്ന മുഖ്യധാര രാഷ്ട്രീയപ്പാർട്ടികൾക്കു പോലും അടുത്ത തെരഞ്ഞെടുപ്പിലെങ്കിലും ജയിച്ചു വരാൻ ഒരു പദ്ധതിയോ മുന്നണിയോ പ്രവർത്തനമോ ഉള്ളതായി കാണുന്നില്ല. സിനിമാനടൻ ജയൻ പണ്ട് പറഞ്ഞിരുന്നതുപോലെ ഒരു ഗവൺമെൻ്റ് കിട്ടിയാൽ ഭരിക്കാമായിരുന്നു എന്നു പറഞ്ഞുനടക്കുക മാത്രമാണവർ ചെയ്യുന്നത്.
ഇതുവരെയുള്ള കാര്യങ്ങൾവച്ചു നോക്കിയാൽ ജനാധിപത്യ, മതേതരത്വ കക്ഷികൾക്ക് കാര്യമായി പ്രതീക്ഷക്ക് വകയില്ല. ദേശീയതലത്തിൽ കേന്ദ്ര സർക്കാരിനെതിരേ ശക്തമായ പ്രക്ഷോഭങ്ങൾ ഉയർന്നുവരുന്നില്ല. ജനവിരുദ്ധമായ നടപടികൾ യാതൊരു സങ്കോചവുമില്ലാതെ അവർ തുടരുന്നു. വിലക്കയറ്റം, തൊഴിലില്ലായ്മ, പട്ടിണി എന്നിവ പെരുകുന്നു. കർഷകരുടെ ന്യായമായ ആവശ്യങ്ങൾക്ക് നേരെ മുഖം തിരിഞ്ഞുനിൽക്കുന്നു. കാലാകാലങ്ങളായി തൊഴിലാളികൾ നേടിയെടുത്ത നിയമ പ്രാബല്യമുള്ള മിക്ക അവകാശങ്ങളും റദ്ദാക്കപ്പെട്ടിരിക്കുന്നു. പൊതുമേഖലാ സ്ഥാപനങ്ങൾ സർവതും കോർപറേറ്റുകൾക്ക് ചുളുവിലയ്ക്ക് വിറ്റുകഴിഞ്ഞു. എതിർശബ്ദങ്ങൾ പുറപ്പെടുന്നത് എവിടെ നിന്നായിരുന്നാലും ആരിൽ നിന്നായാലും ക്രൂരമായി അടിച്ചമർത്തപ്പെടുന്നു. ജാതിയും മതവും പറഞ്ഞ് തമ്മിലടിക്കുവാൻ ജനങ്ങൾക്ക് സർക്കാർ തന്നെ പ്രചോദനം നൽകുന്നു. വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, റെയിൽവേ, ബാങ്കിങ് മേഖല, ഇൻഷുറൻസ് കമ്പനികൾ, പ്രതിരോധ സ്ഥാപനങ്ങൾ, റോഡുകൾ , വ്യവസായങ്ങൾ, ഭൂമി, കൃഷി, തൊഴിൽ എല്ലാം സർക്കാർ അംബാനിക്കും അദാനിക്കും ടാറ്റക്കും വിറ്റു കഴിഞ്ഞു. ഓരോ ദിവസവും പെട്രോൾ, ഡീസൽ, പാചക വാതകം തുടങ്ങിയ സകലതിനും മുടങ്ങാതെ വില കൂടുന്നു. എണ്ണിയാലൊടുങ്ങാത്ത വിഷയങ്ങൾ പറയാനുണ്ടാവും.
എൻ.ഡി.എ സർക്കാർ രണ്ടാം തവണയാണ് ഇന്ത്യ ഭരിക്കുന്നത്. മിക്കവാറും സംസ്ഥാനങ്ങളും അവരുടെ കൈയിലാണ്. കേരളത്തിലെ ഇടതു സർക്കാർ ഉൾപ്പെടെ ചില സംസ്ഥാന സർക്കാരുകളും കേന്ദ്രത്തിലെ ബി.ജെ.പി സർക്കാരിനോട് പിണങ്ങാൻ ഇഷ്ടമില്ലാത്തവരാണ്. പിണറായിയും കൂട്ടരും മോദിയോട് പറ്റി ചേർന്നാണ് മുന്നോട്ടുപോകുന്നത്. തൃണമൂൽ കോൺഗ്രസിൻ്റെ സർക്കാർ ഒഴികെ ഒരു സംസ്ഥാന സർക്കാറും എന്തുകൊണ്ടോ ചെറുത്തുനിൽപ്പിന് തയാറായില്ല. കർഷകർ മാത്രമാണ് വല്ലതും ചെയ്ത് കാണിച്ചത്. ഇതര ജനകീയ പ്രസ്ഥാനങ്ങൾ മുരടിപ്പിലും മരവിപ്പിലുമാണ് . കൃഷിക്കാരുടെ പ്രക്ഷോഭമല്ലാതെ മറ്റൊന്നും തന്നെ ഈ സർക്കാരിനെ അൽപ്പമെങ്കിലും പിടിച്ചുകുലുക്കിയിട്ടില്ല. ദേശീയതലത്തിൽ കാര്യമായൊരു പ്രക്ഷോഭത്തിനൊരുങ്ങാൻ തൊഴിലാളി പ്രസ്ഥാനങ്ങൾ ഇതുവരെ മുന്നോട്ടുവന്നിട്ടില്ല. തൊഴിലാളികളുടെ പ്രതീക്ഷക്കൊത്ത് ഉയരുന്നുമില്ല. രാഷ്ട്രീയ പ്രസ്ഥാനങ്ങളും കാലത്തിന് അനുസരിച്ച് ഉണർന്നുപ്രവർത്തിക്കുന്നുമില്ല. മമത ബാനർജി തന്നെ ഇക്കാര്യത്തിൽ ശക്തമായ വിമർശനങ്ങൾ ഉയർത്തിയിട്ടുണ്ട്. അവർക്ക് ദേശ വ്യാപകമായി ഒരു ജനകീയമായ ഉയിർത്തെഴുന്നേൽപ്പ് സൃഷ്ടിക്കാൻ ആഗ്രഹമുണ്ടായാലും അസാധ്യമാണ്. അവരുടെ പരിമിതികൾ കാണണം. ഇടതു പക്ഷങ്ങളും ഇതര മതേതര കക്ഷികളും അധരവ്യായാമങ്ങളിൽ അഭിരമിക്കുകയാണ്.
ബി.ജെ.പിയെ ഭരണത്തിൽ നിന്നു മാറ്റുവാൻ 2024 ലും കഴിയുന്ന തരത്തിലുള്ള ഒരു മുന്നേറ്റം ഇതുവരെ വളർന്നില്ല. അത് ബോധപൂർവം സൃഷ്ടിച്ചാൽ മാത്രമേ യാഥാർഥ്യമാവുകയുള്ളൂ. നിർഭാഗ്യവശാൽ ആയിരംകാതം അകലെയാണ്. സമയം ഏറെ വൈകിപ്പോയി. ജനങ്ങളിൽ ഒരു വിഭാഗമെങ്കിലും അവരെ നയിക്കുവാൻ ഒരു നേതാവിനെയോ നേതാക്കളെയോ ആഗ്രഹിക്കുന്നു. പക്ഷേ തക്ക യോഗ്യതയും കരുത്തുമുള്ള നേതാക്കളെ ഇതുവരെ അവർ കണ്ടെത്തിയിട്ടില്ല. കഠിനപരിശ്രമത്തിലൂടെ മാത്രമേ ഒരു ബദൽ ജനിക്കുകയുള്ളൂ. ആരും അതിന് മുൻകൈയെടുക്കുന്നില്ല. മുമ്പേ നടക്കുവാൻ ആരുമില്ല. വെല്ലുവിളികൾ ഏറ്റെടുക്കാൻ ആരും ഒരുമിക്കുന്നില്ല. ഒരു ശരാശരി ഇന്ത്യക്കാരൻ്റെ ഈ ദുഃഖം ഉടനെ മാറുമെന്ന് കരുതാൻ വയ്യ.യാഥാർഥ്യങ്ങൾ കണ്ടില്ലെന്ന് നടിക്കരുത്. 2024 ലും മതേതര, ജനാധിപത്യ ദേശീയസഖ്യം ഇന്ത്യയിൽ ഉണ്ടാവുമെന്ന് തോന്നുന്നില്ല. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ നടന്നതെല്ലാം വീണ്ടും ആവർത്തിക്കാൻ ഇടയുണ്ട്.
യോഗ്യതയില്ലെങ്കിലും ജനവിരുദ്ധമാണെങ്കിലും ഏകാധിപതികളാണെങ്കിലും മറ്റൊരു സഖ്യം ഇല്ലാതെ പോയാൽ അവർ എന്തു ചെയ്യും. ആളുകളെല്ലാം ശീലിച്ചുകഴിഞ്ഞു. ഇന്നത്തെ സ്ഥിതിയിൽ ഇന്ത്യൻ ജനത മഹാനിദ്രയിലാണെന്ന് കരുതാം. എന്നും അവർ അങ്ങനെയായിരുന്നു. തട്ടിയുണർത്താൻ യോഗ്യതയുള്ളവർ മിനക്കെട്ടപ്പോൾ വല്ലപ്പോഴും അവർ കണ്ണു തുറന്നിട്ടുണ്ട്. താമസിയാതെ വീണ്ടും കുംഭകർണ്ണ സേവയിൽ മുഴുകും. ഇന്നത്തെ സ്ഥിതിയിൽ വീണ്ടും ഇന്ത്യ ഭരിക്കാൻ ബ്രിട്ടീഷുകാർ തയാറായി വന്നാലും ജനം എന്തെങ്കിലും എതിരുപറയാനുള്ള സാധ്യത നന്നേ കുറവാണ്. ഉള്ളതു പറഞ്ഞാൽ ഉറിയും ചിരിക്കും. കരയാൻ അധികം വൈകുകയില്ലല്ലോ? വാതിലിലെ മുട്ടുകേൾക്കാത്തവരോട് എന്തു പറയാനാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."