എരിതീയിൽ എണ്ണ പരസ്പരം പഴിചാരി സർക്കാരും പ്രതിപക്ഷവും
മോദി സർക്കാർ കക്കാനിറങ്ങുമ്പോൾ കേരളം ഫ്യൂസ് ഊരി കൊടുക്കരുതെന്ന് ഷാഫി
കേന്ദ്ര നയത്തിനെതിരെയാണ് അണിചേരേണ്ടതെന്ന് മന്ത്രി
ഇന്ധനവില വർധനവിൽ പരസ്പരം പരിചാരി സർക്കാരും പ്രതിപക്ഷവും നിയമസഭയിൽ. ഷാഫി പറമ്പിലാണ് അടിയന്തിര പ്രമേയമായി വിഷയം സഭയിൽ ഉന്നയിച്ചത്. എന്നാൽ ധനമന്ത്രിയുടെ മറുപടിയെ തുടർന്ന് സ്പീക്കർ എം.ബി രാജേഷ് അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. ഇതേതുടർന്ന് പ്രതിപക്ഷം നിയമസഭയിൽനിന്ന് ഇറങ്ങിപ്പോയി.
110 രൂപയ്ക്ക് ഇന്ധനം അടിക്കുമ്പോൾ 66 രൂപ നികുതി നൽകേണ്ട ഗതികേടാണെന്നു അടിയന്തര പ്രമേയ നോട്ടിസ് നൽകി ഷാഫി ആരോപിച്ചു. രണ്ടു തവണ നികുതി കുറച്ച മനുഷ്യത്വമുള്ള മുഖ്യമന്ത്രി ഭരിച്ച നാടാണിത്. നാലു തവണയായി 600 കോടി രൂപ വേണ്ടെന്നു വച്ച മാതൃകയുണ്ട്. കേന്ദ്രം കക്കാൻ ഇറങ്ങുമ്പോൾ ഫ്യൂസ് ഊരി കൊടുക്കുന്ന നിലപാടാണ് കേരള സർക്കാരിന്റേത്. സ്റ്റേറ്റ് സ്പോൺസേഡ് നികുതി ഭീകരതയാണ് നടക്കുന്നത്. ജനരോഷത്തിൽനിന്ന് സംഘ്പരിവാറിനെ രക്ഷിക്കാൻ സംസ്ഥാന സർക്കാർ ശ്രമിക്കരുത്. ഇപ്പോൾ 36 ശതമാനം മാത്രമാണ് അടിസ്ഥാന എണ്ണയുടെ വില. ഇതിന് കോൺഗ്രസിനെ കുറ്റപ്പെടുത്തേണ്ട. ഇടതുപക്ഷത്തിന് കേരളത്തിലെ അധികാരം ഏൽപ്പിച്ചത് രാജസ്ഥാനിൽ എന്ത് ചെയ്യുന്നുവെന്ന് നോക്കാനല്ല. നികുതി തീരുമാനിക്കുന്നത് കമ്പനികളല്ല, സർക്കാരാണ്.
വില നിർണയാധികാരം കൈമാറിയെന്നത് കോൺഗ്രസിനെതിരായ വ്യാജ പ്രചരണമാണ്. നികുതിക്കൊള്ള അംഗീകരിക്കാനാവില്ലെന്നും ഷാഫി വ്യക്തമാക്കി.
ഗൗരവമുള്ള വിഷയമെന്ന് പറഞ്ഞുകൊണ്ടാണ് ധനമന്ത്രി കെ.എൻ ബാലഗോപാൽ മറുപടി നൽകിയത്. സംസ്ഥാനം ഇന്ധന നികുതി കുറയ്ക്കാത്തതാണ് പ്രശ്നം എന്നു പറയുന്നത് തെറ്റിദ്ധരിപ്പിക്കലാണെന്നും അഞ്ചു വർഷത്തിനിടെ സംസ്ഥാനത്ത് നികുതി വർധിച്ചിട്ടില്ലെന്നും ധനമന്ത്രി പറഞ്ഞു. കൊവിഡ് കാലത്ത് യു.പി, ഗോവ, ഹരിയാന, ഛത്തീസ്ഗഡ്, കർണാടക സംസ്ഥാനങ്ങൾ നികുതി വർധിപ്പിച്ചെങ്കിലും കേരളം വർധിപ്പിച്ചില്ല. ആന്ധ്രപ്രദേശ്, മധ്യപ്രദേശ്, കർണാടക, പഞ്ചാബ്, രാജസ്ഥാൻ, തെലങ്കാന സംസ്ഥാനങ്ങളിൽ കേരളത്തേക്കാൾ നികുതി കൂടുതലാണ്.
കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലും മഹാരാഷ്ട്രയിലും കേരളത്തേക്കാൾ ഇന്ധനവില കൂടുതലാണെന്നും മന്ത്രി പറഞ്ഞു.
ഉമ്മൻചാണ്ടി സർക്കാർ നികുതി വേണ്ടെന്ന് വെച്ചുവെന്ന പരാമർശത്തിനെതിരേ കണക്കുകൾ നിരത്തിയും ധനമന്ത്രി രംഗത്തുവന്നു. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് മൂന്ന് തവണ നികുതി കുറച്ചപ്പോൾ 620 കോടി നഷ്ടമായി. പക്ഷെ 13 തവണ നികുതി വർധിപ്പിച്ച് അന്നത്തെ സർക്കാർ നാലിരട്ടി നേട്ടമുണ്ടാക്കിയെന്നും ധനമന്ത്രി പറഞ്ഞു.
പെട്രോളിന്റെ വില നിയന്ത്രണാധികാരം മാത്രമാണ് യു.പി.എ സർക്കാർ എണ്ണക്കമ്പനികൾക്ക് നൽകിയതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ വാക്കൗട്ട് പ്രസംഗത്തിൽ പറഞ്ഞു. ഇന്ധന സബ്സിഡി ഇനത്തിൽ രണ്ടു ലക്ഷം കോടിയുടെ ബാധ്യത ഉണ്ടായതിനെ തുടർന്നായിരുന്നു തീരുമാനം.
2014ൽ മോദി സർക്കാർ ഡീസലിന്റെ വില നിർണയവും കമ്പനികൾക്കു കൈമാറി. അന്താരാഷ്ട്ര മാർക്കറ്റിൽ ക്രൂഡ് ഓയിൽ വില കൂടുമ്പോൾ ജനങ്ങളുടെ തലയിൽ വയ്ക്കും.
കുറയുമ്പോൾ ആ ആനുകൂല്യം ജനങ്ങൾക്ക് നൽകാതെ നികുതി കൂട്ടും- സതീശൻ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."