ഹജ്ജ് എംബാര്‍ക്കേഷന്‍: കരിപ്പൂരിനെ ഒഴിവാക്കിയ നടപടി പുനഃപരിശോധിക്കണമെന്ന് അബ്ദുസ്സമദ് സമദാനി
കോഴിക്കോട്: രാജ്യത്തെ ഹജ്ജ് എംബാര്‍ക്കേഷന്‍ കേന്ദ്രങ്ങളില്‍ നിന്ന് കരിപ്പൂര്‍ വിമാനത്താവളം ഒഴിവാക്കിയ നടപടി പുനഃപരിശോധിക്കണമെന്നും കരിപ്പൂരിനെ ഉള്‍പ്പെടുത്തണമെന്നും വിമാനത്താവള ഉപദേശക സമിതി ചെയര്‍മാന്‍ കൂടിയായ ഡോ.എം.പി. അബ്ദുസ്സമദ് സമദാനി എം.പി ആവശ്യപ്പെട്ടു. ഹജ്ജ് അപേക്ഷകരില്‍ പ്രവാസികള്‍ക്കുള്ള പരിഗണന വേണ്ടെന്നുവെച്ചതു പുനഃപരിശോധിക്കണം.
തീര്‍ത്ഥാടകബാഹുല്യവും ഭൗതികസൗകര്യങ്ങളുടെ ലഭ്യതയും പരിഗണിക്കുമ്പോള്‍ എംബാര്‍ക്കേഷന്‍ പോയന്റായി തിരഞ്ഞെടുക്കപ്പെടാന്‍ ഏറ്റവും അര്‍ഹതയുള്ള വിമാനത്താവളമാണ് കോഴിക്കോട്.
കരിപ്പൂരില്‍ നിന്ന് വലിയ വിമാനങ്ങളുടെ സര്‍വിസ് നടക്കാത്തതിന്റെ പേരിലാണ് ഈ നടപടിയെങ്കില്‍, വന്‍ വിമാന സര്‍വ്വിസ് തുടങ്ങുന്നതിന് ഒരു തടസ്സവുമില്ലെന്ന വസ്തുത ഏവര്‍ക്കും അറിയുന്നതാണ്. വിമാനാപകടത്തിന്റെ പേരില്‍ നിര്‍ത്തിവച്ച വന്‍ വിമാന സര്‍വിസ് പുനരാരംഭിക്കണം. അപകടത്തിന്ന് റണ്‍വേ അടക്കമുള്ള വിമാനത്താവളത്തിന്റെ ഭൗതിക സൗകര്യങ്ങളുമായി ഒരു ബന്ധവുമില്ലെന്ന ഔദ്യോഗിക റിപ്പോര്‍ട്ട് പുറത്തുവന്നിട്ടും വലിയ വിമാനങ്ങള്‍ പുറപ്പെടാന്‍ വൈകുന്നതിന് നീതീകരണമില്ല.
കേരളത്തില്‍ നിന്നുള്ള ഹജ്ജ് തീര്‍ഥാടകരില്‍ വലിയൊരു വിഭാഗം വടക്കന്‍ ജില്ലകളില്‍ നിന്നുള്ളവരാണ്. കൊച്ചിയിലെ എംബാര്‍ക്കേഷന്‍ പോയന്റിലേക്ക് ഏറെ ദൂരം യാത്ര ചെയ്യേണ്ട ഗതികേടാണ് അവര്‍ക്കുള്ളത്. രാജ്യത്താകെയുള്ള എംബാര്‍ക്കേഷന്‍ കേന്ദ്രങ്ങള്‍ ഇരുപത്തി ഒന്നില്‍ നിന്ന് പത്താക്കി ചുരുക്കിയതും തീര്‍ഥാടകര്‍ക്ക് ഏറെ പ്രയാസം സൃഷ്ടിക്കുന്ന തീരുമാനമാണ്.
കൊച്ചിയിലെ എംബാര്‍ക്കേഷന്‍ പോയന്റില്‍ കേരളത്തിനു പുറമെ മാഹി, പോണ്ടിച്ചേരി, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നു തുടങ്ങി ആന്‍ഡമാന്‍-നിക്കോബാര്‍ വരെയുള്ള പ്രദേശങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. കൊച്ചിയിലെത്താന്‍ നൂറു കണക്കിന് കിലോമീറ്ററുകളാണ് അവര്‍ക്ക് യാത്ര ചെയ്യേണ്ടിവരിക. എംബാര്‍ക്കേഷന്‍ പോയന്റുകളുടെ എണ്ണം കഴിയുന്നത്ര വര്‍ധിപ്പിക്കാന്‍ നടപടിയുണ്ടാകണമെന്നും കേന്ദ്ര ഏവിയേഷന്‍ മന്ത്രിക്കയച്ച ഇ-മെയിലില്‍ അദ്ദേഹം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."