പ്രതിഷേധം ആളിക്കത്തി; ഒടുവില്‍ ഇന്ധന വിലയില്‍ നേരിയ കുറവ്, തെരഞ്ഞെടുപ്പുകള്‍ മുന്നില്‍ കണ്ടുള്ള 'ദീപാവലി സമ്മാന'മെന്ന് നിരീക്ഷകര്‍
ന്യൂഡല്‍ഹി: കടുത്ത ജനരോഷത്തിനൊടുവില്‍ ഇന്ധനവിലയില്‍ നേരിയ കുറവ്. എക്‌സൈസ് തീവിലയില്‍ തീരുവ കുറക്കാന്‍ കേന്ദ്രം തയ്യാറായതാണ് വിലയില്‍ നേരിയ കുറവെങ്കിലും വരാന്‍ കാരണം.
പെട്രോളിന് അഞ്ചു രൂപയും ഡീസലിന് 10 രൂപയുമാണ് കുറച്ചത്. ഇതുവഴി ഇന്ധന വില കുറയുമെങ്കിലും മൂന്നക്കത്തില്‍തന്നെ തുടരും.
ഡീസല്‍ ലിറ്ററിന് 12 രൂപ 33 പൈസയാണ് സംസ്ഥാനത്ത് കുറഞ്ഞത്. പെട്രോളിന് 6 രൂപ 57 പൈസയും കുറഞ്ഞു. തിരുവനന്തപുരത്ത് പെട്രോള്‍ വില 105 രൂപ 86 പൈസയും ഡീസല്‍ വില 93 രൂപ 52 യുമായി. കൊച്ചിയില്‍ പെട്രോള്‍ വില 103 രൂപ രൂപ 70 പൈസയും ഡീസല്‍ വില 91 രൂപ 49 പൈസയുമാണ്. കോഴിക്കോട് പെട്രോളിന് 103 രൂപ 97 പൈസയും ഡീസലിന് 92 രൂപ 57 പൈസയുമായി.
ഒരു ലിറ്റര്‍ പെട്രോളിന് ഈടാക്കിയിരുന്ന എക്‌സൈസ് ഡ്യൂട്ടി 32.9 രൂപയാണ്. ഡീസലിന്റെ കാര്യത്തില്‍ 31.80 രൂപ. ഈ കനത്ത നികുതിയില്‍നിന്നാണ് യഥാക്രമം അഞ്ചു രൂപയും 10 രൂപയും കുറഞ്ഞത്. അതേസമയം, തീരുവ ഏറ്റവുമൊടുവില്‍ ഉയര്‍ത്തിയ 2020 മെയ് അഞ്ചിനു ശേഷം പെട്രോള്‍ ലിറ്ററിന് 40 രൂപയോളമാണ് ഉയര്‍ന്നത്. ഡീസലിന് ശരാശരി 28 രൂപ. എന്നിട്ടും വിട്ടുവീഴ്ചക്ക് സര്‍ക്കാര്‍ തയാറാകാതെ വന്നതാണ് വില മൂന്നക്കത്തിലേക്ക് കയറാന്‍ ഇടയാക്കിയത്.
ദിനേനയെന്നോണമാണ് പെട്രോള്‍, ഡീസല്‍ വില ഉയര്‍ന്നു കൊണ്ടിരുന്നത്. മറ്റു രാജ്യങ്ങളുമായി താരതമ്യപ്പെടുത്തിയാല്‍ സര്‍ക്കാര്‍ ഈടാക്കി വരുന്ന നികുതി അതിഭീമമാണെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടുവെങ്കിലും എണ്ണക്കമ്പനികളിലൂടെ ഒഴുകി വരുന്ന കൊള്ളലാഭം വേണ്ടെന്നു വെക്കാന്‍ സര്‍ക്കാര്‍ തയാറായില്ല. യു.പി, പഞ്ചാബ് തുടങ്ങി വിവിധ സംസ്ഥാനങ്ങളില്‍ നിയമസഭ തെരഞ്ഞെടുപ്പു അടുത്തു വരുന്നതിനിടയിലാണ് ദീപാവലി സമ്മാനമെന്ന നിലയില്‍ ഇപ്പോള്‍ വിലകുറച്ചത്.
മോദി സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെ 2014 നവംബറിനും 2016 ജനുവരിക്കും ഇടയില്‍ ഒമ്പതുതവണയാണ് എക്‌സൈസ് നികുതി കൂട്ടിയത്. അതിലൂടെ പെട്രോളിന് 11.77 രൂപയും ഡീസലിന് 13.47 രൂപയും 15 മാസം കൊണ്ട് വര്‍ധിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."