ജനകീയ സമരങ്ങളെ തമസ്കരിക്കരുത്
ഇന്ധന വിലവർധനവിൽ പ്രതിഷേധിച്ച് എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ദേശീയപാത ഉപരോധത്തിനിടെ, ഗതാഗത തടസമുണ്ടാക്കി എന്നാരോപിച്ച് നടൻ ജോജു ജോർജ് സമരക്കാർക്കെതിരേ തിരിഞ്ഞത് വലിയ വാർത്താപ്രാധാന്യമാണ് നേടിയത്. എന്തിനു വേണ്ടിയായിരുന്നുവോ അല്ലെങ്കിൽ, ആർക്കുവേണ്ടിയായിരുന്നുവോ കോൺഗ്രസ് സമരം ചെയ്തത് ആ വിഷയം തമസ്കരിക്കപ്പെടുകയും ജനങ്ങൾ ചേരിതിരിഞ്ഞ് നടന് അനുകൂലമായും പ്രതികൂലമായും പ്രതികരിക്കുകയും ചെയ്തത് വാർത്തയാവുകയും ചെയ്തു. സമരങ്ങളോടുള്ള ജനങ്ങളുടെ സമീപനവും ഒപ്പം പുതിയ കാലത്തെ സമരം എങ്ങനെ രൂപപ്പെടുത്തണമെന്ന ചിന്തയിലേക്കുമാണ് ഈ സംഭവം നയിക്കുന്നത്. അതേസമയം തന്നെ ജനകീയ സമരങ്ങളെ സർക്കാരുകൾ അവഗണിക്കുന്നതിലെ സാംഗത്യവും പ്രശ്നവൽക്കരിക്കേണ്ടതുണ്ട്.
ഇന്ത്യയിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത് ഡിജിറ്റൽ മുതലാളിത്തമാണ്. കേന്ദ്ര ഭരണകൂടവും അധ്വാനിക്കുന്ന തൊഴിലാളി വർഗത്തിൻ്റെ മേൽവിലാസത്തിൽ അധികാരത്തിലേറിയ സംസ്ഥാന സർക്കാരും ആ വഴിയിലൂടെയാണ് സഞ്ചരിക്കുന്നത്. അതുകൊണ്ടാണ് ഡിജിറ്റൽ മുതലാളിത്ത വ്യവസ്ഥയാണെങ്കിലും പഴയ രീതിയിലുള്ള ചൂഷണവ്യവസ്ഥ ഇപ്പോഴും നിലനിൽക്കുന്നത്.
നടൻ ജോജു ജോർജിന്റെ രോഷപ്രകടനത്തെ അവഗണിക്കാമെങ്കിലും ജനകീയ പ്രശ്നങ്ങൾ ഉയർത്തിപ്പിടിക്കുന്ന സമരങ്ങളോട് ഭരണകൂടം സ്വീകരിക്കുന്ന നിലപാട് തീർച്ചയായും ചർച്ച ചെയ്യപ്പെടേണ്ടതാണ്. എന്നാൽ, ജനങ്ങൾ തന്നെ എതിരായിത്തീരുക എന്നതു സംഭവിക്കാൻ പാടില്ലാത്തതുമാണ്. ഇത്തരം സംഭവങ്ങൾ ഏകാധിപത്യ മനോഭാവത്തോടെ ഭരിക്കുന്ന ഭരണകൂടങ്ങളെയാണ് തൃപ്തിപ്പെടുത്തുക. അടുത്ത കാലത്ത് കോൺഗ്രസ് നടത്തിയ ഉശിരുള്ള ഒരു സമരത്തെ ചെറുതാക്കി കാണിക്കാൻ മുഖ്യമന്ത്രിയടക്കം നിയമസഭയിൽ തയാറായി എന്നത് നിരാശപ്പെടുത്തുന്നതാണ്.
സാധാരണ ദിവസങ്ങളിൽപോലും ഇടപ്പള്ളി - വൈറ്റില റോഡിൽ രൂക്ഷമായ ഗതാഗത തടസമനുഭവപ്പെടാറുണ്ട്. അത്തരമൊരവസ്ഥയിൽ അവിടെ റോഡ് ഉപരോധസമരം നടക്കുന്നത് അറിയാതെ എത്തപ്പെട്ടവരാണ് മണിക്കൂറുകൾ വഴിയിൽ കുടുങ്ങിക്കിടക്കേണ്ടി വന്നത്. സമര രീതികളോടുള്ള നമ്മുടെ ചിന്താരീതിയിലും സമീപനങ്ങളിലും മാറ്റം ആവശ്യമാണ്. ഒരേ വീക്ഷണത്തിൽ സമരമടക്കമുള്ള കാര്യങ്ങളെ രാഷ്ട്രീയ പാർട്ടി നേതാക്കൾ വിലയിരുത്തുമ്പോൾ, സമൂഹം എങ്ങനെയാണ് അവയെ കാണുന്നതെന്നും ചിന്തിക്കുന്നതെന്നും അവർ ഓർക്കുന്നില്ല. ഒരേ കാഴ്ചപ്പാടിൽ എല്ലാ കാലവും ഒതുങ്ങി നിൽക്കുന്നതല്ല മാറിക്കൊണ്ടിരിക്കുന്ന സമൂഹം.
രാജ്യത്തു വിവിധ ആവശ്യങ്ങൾൾക്കായി നിരവധിയായ സമരങ്ങളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. പ്രധാനമായും ജനാധിപത്യമാർഗങ്ങളിലൂടെ ഡൽഹിയിലും മറ്റിതര സംസ്ഥാനങ്ങളിലും നടക്കുന്ന കർഷക സമരങ്ങൾ തമസ്കരിക്കാനും അടിച്ചമർത്താനുമാണ് കേന്ദ്ര ഭരണകൂടം താൽപര്യപ്പെടുന്നത്. അതുതന്നെയാണ് നാം കാണുന്നതും. ഇത്തരം സമരങ്ങളെ ഭരണകൂടം അഭിമുഖീകരിക്കുന്നില്ലെങ്കിൽ അതിന്റെ സ്വഭാവത്തിൽ വ്യത്യാസം സ്വാഭാവികമായും ഉണ്ടാകും.
കാലാവസ്ഥാ വ്യതിയാനത്തിനെതിരേയും ഭരണകൂടങ്ങളുടെ ജനവിരുദ്ധ നടപടികൾക്കെതിരേയും കൂറ്റൻ റാലികളാണ് പാശ്ചാത്യ രാജ്യങ്ങളിൽ നടക്കുന്നത്. അവിടെ അതിനായി നിശ്ചയിക്കപ്പെട്ട പാതകളിലാണ് സമരങ്ങൾ അരങ്ങേറുന്നത്. അതിനാൽ ഗതാഗത തടസവും ഉണ്ടാകാറില്ല. പല സമരങ്ങളും അവിടെ വിജയിക്കുകയും ചെയ്യുന്നു. ഇന്ത്യയിൽ പ്രതിഷേധ റാലികൾ നടത്താനായി മാത്രം പ്രത്യേക തെരുവുകൾ മാറ്റിവച്ചിട്ടില്ല. ഡൽഹിയിൽ മാത്രമാണ് പ്രതിഷേധ സമരം നടത്താൻ ജന്തർ മന്ദിർ റോഡ് നീക്കിവച്ചിരിക്കുന്നത്. ജനങ്ങളുടെ സഞ്ചാര സ്വാതന്ത്യം സമരത്താൽ തടയരുതെന്ന് കർഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട് സുപ്രിം കോടതിയും അടുത്തിടെ പറഞ്ഞിരുന്നു.
കാസർകോട് മുതൽ തിരുവനന്തപുരം വരെ തുറന്നുവച്ച ഒരു ഷോപ്പിങ് മാൾ പോലെയാണ് കേരളം. ഒരിഞ്ച് സ്ഥലം പോലും എവിടെയും വെറുതെ കിടക്കുന്നില്ല. ജനസാന്ദ്രത കൂടിയതിനാലും ഭൂവിസ്തൃതി കുറഞ്ഞതിനാലുമാണിത്. ഇത്തരമൊരു സംസ്ഥാനത്ത് മാറിയ പരിതസ്ഥിതിയിൽ ചെറു പ്രകടനം പോലും വലിയ ഗതാഗത കുരുക്കുണ്ടാക്കുന്നുണ്ട്. വാഹനങ്ങളുടെ പെരുപ്പവും റോഡുകളുടെ അപര്യാപ്തതയും ഒപ്പം പൊട്ടിപ്പൊളിഞ്ഞ വീഥികളും വാഹനഗതാഗതത്തെ സാധാരണ ഗതിയിൽ തന്നെ തടസപ്പെടുത്തുന്നുണ്ട്. മുൻകാലങ്ങളിൽ ഇത്രയധികം വാഹന പ്രളയം റോഡുകളിൽ ഉണ്ടായിരുന്നില്ല. എന്നാലിപ്പോൾ മിക്ക വീടുകളിലും ഒരു കാറെങ്കിലുമുണ്ടാകും. രാഷ്ട്രീയ പാർട്ടികളുടെ സംസ്ഥാന യോഗങ്ങളോടനുബന്ധിച്ചുള്ള റാലികൾ മുമ്പ് സാധാരണമായിരുന്നു. ഇപ്പോൾ രാഷ്ട്രീയ പാർട്ടികൾ സംസ്ഥാന സമ്മേളനങ്ങളോടനുബന്ധിച്ച് റാലികൾ നടത്താതിരിക്കുന്നതും ഗതാഗത തടസമുണ്ടാകുമെന്നതിനാലാണ്.
ജനവിരുദ്ധനയങ്ങളുമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നടപടികൾക്കെതിരേ തീർച്ചയായും സമരജ്വാലകൾ ഉയരേണ്ടതുണ്ട്. ജനകീയ സർക്കാരെന്ന ലേബലിൽ അധികാരത്തിൽ വരുന്ന ഭരണകൂടങ്ങളൊക്കെയും തന്നെ അധികാരത്തിൽ വന്നാൽ കോർപറേറ്റുകളുടെയും ശതകോടീശ്വരമാരുടെയും താൽപര്യങ്ങൾക്കാണ് മുൻതൂക്കം നൽകിക്കൊണ്ടിരിക്കുന്നത്. ഇത്തരം ഭരണാധികാരികളെ ഉദ്ദേശിച്ചായിരിക്കണം ഫ്രാൻസിൻ്റെ ഭരണാധികാരിയായിരുന്ന ചാൾസ് ഡി ഗോൾ 'ജനങ്ങളുടെ ഭരണാധികാരിയാവാൻ അവർ ആദ്യത്തിൽ ജനങ്ങളുടെ വേലക്കാരായി അഭിനയിക്കും' എന്ന് പറഞ്ഞിട്ടുണ്ടാവുക.
ഏകാധിപതികളും സ്വേച്ഛാധിപതികളുമായ ഭരണകർത്താക്കളെ സന്തോഷിപ്പിക്കുന്നതാണ് ഇന്നും പ്രയോഗിച്ചുകൊണ്ടിരിക്കുന്ന സമര മുറകൾ. ഒരു ദിവസത്തിനപ്പുറം നീളാത്ത റോഡ് ഉപരോധ സമരങ്ങൾ അടക്കമുള്ളവ അവഗണിച്ചു ജനവിരുദ്ധ നടപടികളുമായി അവർ മുന്നോട്ടു പോകുന്നു. ഇതു തന്നെയായിരുന്നു ബ്രിട്ടീഷ് സർക്കാർ ഇന്ത്യയിലും ഒപ്പം ആ കാലത്ത് ബ്രിട്ടനിൽ സമരം ചെയ്തിരുന്ന തൊഴിലാളികൾക്കു നേരേയും അനുവർത്തിച്ചത്. അത്തരമൊരു സാമ്രാജ്യത്വ ഭരണകൂടത്തെ മുട്ടുകുത്തിക്കാൻ ഗാന്ധിജിയുടെ സമര മുറകൾക്ക് കഴിഞ്ഞുവെങ്കിൽ ബ്രിട്ടീഷ് സർക്കാരിൻ്റെ മനോഭാവത്തോടെ നിലവിൽ രാജ്യം ഭരിച്ചു കൊണ്ടിരിക്കുന്ന ഇന്ത്യൻ ഭരണകൂടത്തെയും അതേ സമരമുറകൾ കൊണ്ട് പരാജയപ്പെടുത്താം. ആ സമരമുറകൾ ഇന്നും പ്രസക്തമാണ്. ഏകാധിപതികളായി രാജ്യം ഭരിക്കുന്നവരെ പരാജയപ്പെടുത്താനുള്ള മാർഗമാണത്. ഗതാഗത തടസമുണ്ടാക്കിയല്ല ഗാന്ധിജി ബ്രിട്ടീഷുകാരെ ഇവിടെ നിന്നും കെട്ടുകെട്ടിച്ചതെങ്കിൽ പോലും ഇന്നത്തെ ഇന്ത്യയിലും ആ സമരത്തിന് ഏറെ സാധ്യതയുണ്ട്. ഭരണകൂടം ആദ്യം ഇത്തരം സമരങ്ങളെ അവഗണിക്കുമായിരിക്കും. പിന്നെ പരിഹസിക്കുമായിരിക്കും. ഏറ്റവുമവസാനം അക്രമിക്കുമായിരിക്കും. എങ്കിലും അന്തിമ വിജയം ഗാന്ധിമാർഗത്തിൽ സമരം ചെയ്യുന്നവർക്കു തന്നെയായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."