മുല്ലപ്പെരിയാർ പുതിയ ഡാം വേണമെന്നത് കേരളത്തിന്റെ നിലപാടെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം
126 വർഷം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമിനു പകരം പുതിയ ഡാം പണിയണമെന്നാണ് കേരളത്തിന്റെ നിലപാടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. ഇക്കാര്യം സുപ്രിം കോടതിയെ അറിയിച്ചിട്ടുണ്ടെന്നും ടി.പി രാമകൃഷ്ണന്റെ അടിയന്തര ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.
മുല്ലപ്പെരിയാർ വിഷയത്തിൽ സംസ്ഥാന നിയമസഭ പാസാക്കിയ പ്രമേയങ്ങൾക്ക് അനുസൃതമായ നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്. സുപ്രിം കോടതിയിൽ കേരളം ഫയൽ ചെയ്ത നോട്ടുകളിൽ തമിഴ്നാട് വൈഗ ഡാമിലേക്ക് പരമാവധി ജലം കൊണ്ടുപോകണമെന്ന് ശക്തമായി ആവശ്യപ്പെട്ടിട്ടുണ്ട്. ഡാമിലെ ജലനിരപ്പ് 136ൽ നിന്ന് 142 അടിയായി ഉയർന്നാലുള്ള അപകട സാധ്യതയും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 136ന് മുകളിൽ ഉയരുന്ന ഓരോ ജലനിരപ്പും ഡാമിനു നൽകുന്ന മർദം ക്രമാനുഗതമല്ലെന്ന വസ്തുതയും വ്യക്തമാക്കിയിട്ടുണ്ട്. മുല്ലപ്പെരിയാർ മേൽനോട്ട സമിതി മുമ്പാകെ തമിഴ്നാട് സർക്കാർ സമർപ്പിച്ച റൂൾ കർവിനെപ്പറ്റിയുള്ള വിയോജിപ്പും അറിയിച്ചിട്ടുണ്ട്.
തുലാവർഷത്തിന് മുമ്പ് ലഭിച്ച അതിതീവ്ര മഴ കാരണം ഒക്ടോബർ 29 മുതൽ ഡാമിന്റെ ഷട്ടറുകൾ ഉയർത്തി ജലം തുറന്നുവിടുന്നുണ്ട്. വ്യക്തമായ മുന്നറിയിപ്പോടെ നിയന്ത്രിത അളവിലാണ് അധിക ജലം പുറത്തേക്കൊഴുക്കുന്നത്. മുല്ലപ്പെരിയാറിൽ ജലനിരപ്പുയരുന്നതു മൂലം ജനങ്ങൾക്കുണ്ടാകുന്ന ആശങ്ക സർക്കാർ കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. വൃഷ്ടി പ്രദേശങ്ങളിൽ ലഭ്യമാകുന്ന മഴയും നീരൊഴുക്കും കണക്കിലെടുത്ത് ജലനിരപ്പിലെ വ്യതിയാനങ്ങൾ സമയാസമയം അവലോകനം ചെയ്ത് വേണ്ട മുൻകരുതലുകളെടുക്കുന്നുണ്ട്.
കാര്യങ്ങൾ വിശദീകരിച്ച് ഒക്ടോബർ 24ന് തമിഴ്നാട് മുഖ്യമന്ത്രിക്ക് കത്തയച്ചു. ഇതിന് തമിഴ്നാട് മുഖ്യമന്ത്രി നൽകിയ മറുപടിയിൽ രണ്ട് സംസ്ഥാനങ്ങളുടെയും ജനങ്ങളുടെയും താൽപര്യം സംരക്ഷിക്കുമെന്ന് ഉറപ്പു നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."