സ്വര്‍ണക്കടത്തു കേസ്: സ്വപ്ന സുരേഷ് ഇന്ന് ജയില്‍ മോചിതയായേക്കും
തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷ് ഇന്ന് ജയില്‍ മോചിതയായേക്കും. ചൊവ്വാഴ്ചയാണ് സ്വപ്നക്ക് ജാമ്യം ലഭിച്ചത്. എന്നാല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാത്തതിനാല്‍ മോചനം വൈകുകയായിരുന്നു. തിരുവനന്തപുരത്തെ രണ്ടു കേസുകളിലും ജാമ്യം നേടിയിട്ടുണ്ട്.
എറണാകുളത്തെ കേസുകളില്‍ വിവിധ കോടതികളിലായ 28 ലക്ഷം രൂപ കെട്ടിവച്ച ശേഷമാണ് ജാമ്യം ലഭിച്ചത്. സ്വപ്ന ഉള്‍പ്പെടെ എട്ട് പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു .
നയതന്ത്ര ബാഗേജ് വഴി സ്വര്‍ണം കടത്തിയ കേസില്‍ എന്‍.ഐ.എ ഹാജരാക്കിയ രേഖകള്‍ വെച്ച് തീവ്രവാദക്കുറ്റം എങ്ങനെ നിലനില്‍ക്കുമെന്നായിരുന്നു ജാമ്യം അനുവദിക്കവെ ഹൈക്കോടതിയുടെ ചോദ്യം. കളളക്കടത്തും അതുമായി ബന്ധപ്പെട്ട ഗൂഡാലോചനയും നടന്നെന്നാണ് പ്രഥമദൃഷ്ട്യാ വ്യക്തമാകുന്നത്. സ്വര്‍ണക്കളളക്കടത്ത് രാജ്യത്തിന്റെ സ്ഥിരതയെ അട്ടിമറിക്കുന്ന സാമ്പത്തിക തീവ്രവാദമെന്ന എന്‍.ഐ.എ വാദം അംഗീകരിക്കാനാവില്ല. വന്‍തോതില്‍ കളളനോട്ടുകള്‍ അച്ചടിച്ച് വിതരണം ചെയ്യുന്നതാണ് സാമ്പത്തിക തീവ്രവാദത്തിന്റെ പരിധിയില്‍ വരുന്നത്. പ്രതികള്‍ ഏതെങ്കിലും വിധത്തിലുളള തീവ്രവാദപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടതായി കുറ്റപത്രത്തില്‍ ഇല്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."