ഗവർണർമാർ കയറിക്കളിക്കുമ്പോൾ
കരിയാടൻ
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യ. ജനങ്ങൾക്കുവേണ്ടി, ജനങ്ങൾ തെരഞ്ഞെടുക്കുന്ന, ജനങ്ങളുടെ ഭരണകൂടം എന്നതാണ് നമ്മുടെ റിപ്പബ്ലിക്കിൻ്റെ മേന്മ. ബാലറ്റ് പേപ്പറുകളെയും വോട്ടുപെട്ടികളെയും കുറിച്ച് ഓരോ തെരഞ്ഞെടുപ്പ് അവസരങ്ങളിലും ആരോപണ പ്രത്യാരോപണങ്ങൾ ഉണ്ടാവാറുണ്ടെങ്കിലും ഫലപ്രഖ്യാപനം കഴിയുന്നതോടെ ഭൂരിപക്ഷ കക്ഷി അഥവാ മുന്നണി അധികാരമേറുന്നതാണ് നമ്മുടെ ഭരണക്രമം.ആ നേതാവിനെ മന്ത്രിസഭയുണ്ടാക്കാൻ ഗവർണർമാർ ക്ഷണിക്കുന്നു. എന്നാൽ ജനങ്ങൾക്ക് ലഭിക്കുന്ന ഈ സ്വയംഭരണാവകാശത്തിൽ കൈവയ്ക്കാൻ ഒരു കൂട്ടരെ കേന്ദ്ര സർക്കാരിൻ്റെ ഡൽഹിയിൽ നിന്നു ചുമതലപ്പെടുത്തിവയ്ക്കാറുണ്ട്. അവരാണ് ഗവർണർമാർ. കേന്ദ്രഭരണപ്രദേശങ്ങളിൽ അവരുടെ പേര് ലെഫ്റ്റനൻ്റ് ഗവർണർമാർ എന്നാണെങ്കിലും. ജനകീയ ഭരണം നടക്കുന്നിടത്ത് ഇങ്ങനെ അധികപ്പറ്റായി ഒരു ഗവർണർ ആവശ്യമുണ്ടോ? സംസ്ഥാനം ഭരണഘടനാനുസൃതമായാണ് പ്രവർത്തിക്കുന്നതെന്ന കേന്ദ്രസർക്കാരിൻ്റെ ഒരുറപ്പാണ് ഗവർണർ പദവി കൊണ്ടുദ്ദേശിക്കുന്നത് എന്നാണ് പൊതുവെ പറയപ്പെടാറുള്ളത്.
ബ്രിട്ടീഷ് ഭരണകാലത്ത് തന്നെ നിലവിലുണ്ടായിരുന്ന ഗവർണർ എന്ന സംവിധാനം സ്വതന്ത്ര ഇന്ത്യയും സ്വീകരിക്കുകയായിരുന്നു. എന്നാൽ ഭരണാധികാരി എന്നതാണ് അർഥമെങ്കിലും ജനാധിപത്യ വ്യവസ്ഥിതിയിൽ ഗവർണർമാർക്ക് വാസ്തവത്തിൽ എന്ത് റോളാണ് വഹിക്കാനുള്ളത്? ജനകീയ ഭരണം നടക്കുന്നിടത്ത് ഇങ്ങനെയൊരു ബാഹ്യസംവിധാനം ആവശ്യമുണ്ടോ എന്നു വർഷങ്ങളായി ഉയർന്നുവരുന്ന ചോദ്യമാണ്. ഡി.എം.കെ സ്ഥാപക നേതാവായ സി.എൻ അണ്ണാദുരൈ ഗവർണർ പദവിയെ വിശേഷിപ്പിച്ചത് ആട്ടിൻ്റെ കഴുത്തിലുള്ള മുലയോടാണ്, അജഗളസ്തനം. അതുമായി ആട്ടിനും കാര്യമില്ല, ഉപയോക്താക്കൾക്കും ഉപകാരമില്ല.
ഇന്നിപ്പോൾ വ്യാപകമായിത്തന്നെ ഗവർണർ നിയമനങ്ങൾ ഇടക്കിടെ നടക്കുന്നു. കേന്ദ്രം ഭരിക്കുന്ന കക്ഷി, അഥവാ മുന്നണി നിർദേശിക്കുന്നവരെ ഗവർണർമാരായി രാഷ്ട്രപതി നിയമിക്കുന്നു. ബംഗാളിൽ തൃണമൂൽ കോൺഗ്രസ് നേതാവായ മുഖ്യമന്ത്രി മമതാ ബാനർജിയും അവിടുത്തെ ഗവർണറായ ജഗ്ദീപ് ധൻകറും തമ്മിൽ പൊരിഞ്ഞ പോരാണ്. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുള്ള കോടിക്കണക്കിനു രൂപ കർഷകർക്കു നൽകിയില്ല എന്നു പറഞ്ഞു മമതാ ബാനർജിയെ വിമർശിച്ച് ഗവർണർ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലേക്ക് കത്തയച്ചതും ഗവർണറുടെ റിപ്പോർട്ടിൻ്റെ വെളിച്ചത്തിൽ സി.ബി.ഐ രണ്ടു മന്ത്രിമാർക്കെതിരേ അന്വേഷണ ഉത്തരവിട്ടതും ഈയടുത്തകാലത്താണല്ലോ. ഇതിനെതിരേ സി.ബി.ഐ ആസ്ഥാനത്തിന് മുന്നിൽ മുഖ്യമന്ത്രി തന്നെ ധർണ ഇരിക്കുകയും ചെയ്തു.
ഈ കിഴക്കൻ സംസ്ഥാനത്ത് ഗവർണർമാരും മുഖ്യമന്ത്രിമാരും തമ്മിലുള്ള ശീതയുദ്ധം പുത്തരിയല്ല. 1967ൽ അജയ മുഖർജി ഗവർണർ ധരംവീറുമായി കൊമ്പുകോർത്തതാണ്. ഗവർണർമാരായിരുന്ന ബി.സി പാണ്ഡെയും എ.പി ശർമയും കൽക്കത്ത സർവകലാശാല വൈസ് ചാൻസലർ നിയമനങ്ങളുടെ പേരിൽ മുഖ്യമന്ത്രിയുമായി ഇടഞ്ഞതാണ്. വർഷങ്ങൾ സംസ്ഥാനം ഭരിച്ച മാർക്സിസ്റ്റ് ആചാര്യൻ ജ്യോതിബസു അവിടെ നന്ദിഗ്രാമിൽ നടത്തിയ കലാപങ്ങളെ അന്നത്തെ ഗവർണർ ഗോപാൽ കൃഷ്ണ ഗാന്ധി രൂക്ഷമായി വിമർശിച്ചിരുന്നു. ഗോപാൽ കൃഷ്ണഗാന്ധി, രാഷ്ട്രപിതാവായ മഹാത്മജിയുടെ പേരക്കുട്ടിയാണെന്ന പരിഗണനപോലും നൽകാതെയാണ് ബസു പ്രതികരിച്ചത്. പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി തന്നെ ആന്ധ്രയിൽ രാംലാലും ജമ്മുകശ്മിരിൽ ജഗൻമോഹനും ഗവർണർമാർ എന്ന നിലയിൽ പ്രവർത്തിച്ചുവന്ന രീതിയെ ശക്തിയായി എതിർക്കുകയുണ്ടായി. ഇപ്പോൾ ഒരു ഗവർണർ നടത്തിയ രണ്ടു പരാമർശങ്ങൾ കേന്ദ്ര സർക്കാരിനെ തന്നെ പിടിച്ചുലച്ചുകൊണ്ടിരിക്കുന്നു. മേഘാലയ ഗവർണർ പദവിയിൽ ഇരിക്കുന്ന സത്യപാൽ മാലിക്കാണ് കഥാപാത്രം. ഒരു വർഷത്തോളമായി ദേശവ്യാപകമായി നടന്നു വരുന്ന കർഷക സമരത്തെ ഭംഗ്യന്തരേണ അനുകൂലിച്ച ഇദ്ദേഹത്തിൻ്റെ പുതിയ പ്രസ്താവന, താൻ ജമ്മു കശ്മിർ ഗവർണർ പദവിയിലിരുന്ന കാലത്ത് നടന്ന ഒരു സംഭവത്തെപ്പറ്റിയാണ്. 2017-19 കാലത്ത് താൻ ജമ്മു-കശ്മിരിലായിരിക്കെ രണ്ടു ഫയലുകൾ ഒപ്പിടാൻ ചിലർ 300 കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന ആരോപണമാണ് വിഷയം.
ഉത്തർപ്രദേശുകാരനായ ഈ 75 കാരൻ ഭാരതീയ ക്രാന്തിദൾ, കോൺഗ്രസ്, ജനതാദൾ എന്നീ പാർട്ടികളിലൂടെ ബി.ജെ.പിയിലെത്തിയ രാഷ്ട്രീയ നേതാവാണെങ്കിലും ഗോവ, ജമ്മു-കശ്മിർ, ഒഡിഷ, ബിഹാർ എന്നിവിടങ്ങളിൽ ഗവർണറായ ശേഷമാണ് മേഘാലയയിൽ എത്തിയിരിക്കുന്നത്. പൊതുജീവിതത്തിൽ ഇത്രയേറെ പരിചയമുള്ള തനിക്കെതിരേ ഒരു അഴിമതിയും ആർക്കും ഉണ്ടായിക്കാണില്ലെന്നു അദ്ദേഹം പറയുന്നു. അഞ്ചുസെറ്റ് പൈജാമയും കുർത്തയും മാത്രം സ്വന്തമായുള്ള ഒരു സാധാരണക്കാരനാണ് താൻ എന്നും മാലിക്ക് കൂട്ടിച്ചേർക്കുന്നു. എന്നാൽ അദ്ദേഹം കൈക്കൂലി വാങ്ങിയില്ല എന്നതല്ല പ്രശ്നം. വാഗ്ദാനം ചെയ്യപ്പെടുന്നതും അഴിമതി നിരോധന ബില്ലിൻ്റെ പരിധിയിൽ വരുന്നു എന്നതാണ്. കൂട്ടത്തിൽ പറയട്ടെ, ഇടക്കാലത്ത് ഗോവയിൽ ആയിരുന്നപ്പോൾ അവിടുത്തെ മുഖ്യമന്ത്രി പ്രമോദ് സാവന്തുമായും ഇടഞ്ഞ ചരിത്രമുള്ള ആളാണ് മാലിക്ക്. മേഘാലയക്കു പറയാനുള്ള മറ്റൊരു കഥ, അവിടെ ഗവർണറായിരുന്ന തഥാഗത റോയ് ബി.ജെ.പിയെ വിമർശിച്ചതിന് സ്ഥാനം നഷ്ടപ്പെട്ട സംസ്ഥാനമാണ് അത് എന്നതത്രെ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."