'വള്ളുവനാട് അതി ജീവനത്തിന്റെ 100 വർഷങ്ങൾ'; ചരിത്ര ഗ്രന്ഥം മിഡിൽ ഈസ്റ്റ് തല പ്രകാശനം ചെയ്തു
ജിദ്ദ: പുഴക്കാട്ടിരി പഞ്ചായത്ത് ഗ്ലോബൽ കെഎംസിസിയുടെ ആഭിമുഖ്യത്തിൽ സഊദി പ്രവാസി സംഗമവും 'വള്ളുവനാട് അതി ജീവനത്തിന്റെ 100 വർഷങ്ങൾ' എന്ന ഗ്രന്ഥത്തിന്റെ മിഡിൽ ഈസ്റ്റ് തല പ്രകാശനവും സംഘടിപ്പിച്ചു. ഷറഫിയ്യ ഗ്രീൻ ലാൻഡ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ ജിദ്ദയിലെ രാഷ്ട്രീയ - സാംസ്‌കാരിക - സാഹിത്യ - മാധ്യമ രംഗത്തെ പ്രമുഖർ സംബന്ധിച്ചു.
ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം പ്രസിഡന്റ് പി. എം മായീൻ കുട്ടി ഉദ്ഘാടനം ചെയ്തു. ചരിത്രം തിരുത്തപ്പെട്ടു കൊണ്ടിരിക്കുന്ന വർത്തമാന കാലത്ത് നാടിന്റെ ചരിത്രം അടയാളപ്പെടുത്തിയ ഒരു ഗ്രന്ഥം പ്രസിദ്ധീകരിക്കാൻ മുന്നോട്ട് വന്ന പുഴക്കാട്ടിരി ഗ്ലോബൽ കെഎംസിസിയുടെ പ്രവർത്തനം അഭിനന്ദനാർഹമാണെന്ന് അദ്ദേഹം പറഞ്ഞു. ജീവ കാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന കെഎംസിസി പ്രവർത്തകർ നാടിന്റെ ചരിത്രവും സംസ്കാരവും രേഖപ്പെടുത്തുക എന്ന വലിയ ദൗത്യം ഏറ്റെടുത്തത് ശ്ലാഘനീയമാണെന്നും ഇത് മറ്റു സംഘടനകൾക്ക് മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. സഊദിയിലെ തൊഴിൽ മേഖലയിൽ വന്നു കൊണ്ടിരിക്കുന്ന വലിയ മാറ്റങ്ങൾ ഉൾക്കൊണ്ട് പ്രവാസികൾക്ക് തൊഴിൽ പരിശീലനം സംഘടിപ്പിക്കാൻ കെഎംസിസി മുന്നോട്ട് വരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ചടങ്ങിൽ പുഴക്കാട്ടിരി പഞ്ചായത്ത് ഗ്ലോബൽ കെഎംസിസി ചെയർമാൻ സയ്യിദ് അലി അരീക്കര അധ്യക്ഷത വഹിച്ചു.
ചരിത്ര ഗ്രന്ഥത്തിന്റെ പ്രകാശനം ഡോ: വിനീത പിള്ളക്ക് കോപ്പി നൽകി സഊദി കെഎംസിസി നാഷണൽ കമ്മിറ്റി ട്രഷറർ കുഞ്ഞിമോൻ കാക്കിയ നിർവഹിച്ചു. പിറന്ന നാടിന്റെ ചരിത്രം അടയാളപ്പെടുത്താനുള്ള കെഎംസിസിയുടെ ശ്രമം ശ്ലാഘനീയമാണെന്ന് ഡോ: വിനീത പിള്ള പറഞ്ഞു. ചരിത്രം ഒരു പുഴ പോലെയാണെന്നും പുഴയെ തടസ്സമില്ലാതെ ഒഴുകാൻ അനുവദിക്കണമെന്നും അവർ കൂട്ടിച്ചേർത്തു.
കിംഗ് അബ്ദുൽ അസീസ് യൂണിവേഴ്സിറ്റി പ്രൊഫസർ ഡോ: ഇസ്മായിൽ മരിതേരി പുസ്തകം പരിചയപ്പെടുത്തി. ചരിത്രം വിസ്മരിക്കാനുള്ളതല്ലെന്നും എപ്പോഴും ഓർമ്മിക്കാനുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. വർഗീയ പ്രശ്നങ്ങൾ ഉണ്ടാവുമ്പോൾ മാത്രമല്ല, ചരിത്രം എപ്പോഴും ഓർക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.
കെഎംസിസി ഭാരവാഹികളായ നിസാം മമ്പാട്, നാസർ മച്ചിങ്ങൽ, അഷ്‌റഫ് മുല്ലപ്പള്ളി, ഇ. സി അഷ്‌റഫ് കൂട്ടിലങ്ങാടി തുടങ്ങിയവർ ആശംസയർപ്പിച്ചു. കൊവിഡ് കാലത്ത് മികച്ച സേവനം നടത്തിയ ജിദ്ദ കെഎംസിസി വെൽഫെയർ വിംഗ് കൺവീനർ മുഹമ്മദ് കുട്ടി പാണ്ടിക്കാടിനെ ചടങ്ങിൽ വെച്ച് ആദരിച്ചു. പുഴക്കാട്ടിരി ഗ്ലോബൽ കെഎംസിസി വക ഉപഹാരം സൈദലവി പനങാങ്ങര മുഹമ്മദ് കുട്ടിക്ക് കൈമാറി. ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റിയുടെ ലൈബ്രറിയിലേക്ക് പുഴക്കാട്ടിരി ഗ്ലോബൽ കെഎംസിസി വക പുസ്തകങ്ങൾ റഷീദ് മാമ്പ്രത്തൊടി ചെയർമാൻ നിസാം മമ്പാടിന് കൈമാറി.
ദേശീയ ഗാനത്തോടെ ആരംഭിച്ച പരിപാടിയിൽ പുഴക്കാട്ടിരി പഞ്ചായത്ത് ഗ്ലോബൽ കെഎംസിസി ജനറൽ സെക്രട്ടറി കെ. ടി അബ്ദുൽ കരീം സ്വാഗതവും പ്രോഗ്രാം കൺവീനർ ഹനീഫ നെടുവഞ്ചേരി നന്ദിയും പറഞ്ഞു. റഷീദ് മാമ്പ്രത്തോടി, സുൽഫിക്കാറലി മേലേടത്ത്, നജീബ് കൂര്യാടൻ, റിയാസ് പരവക്കൽ, ഷഫീഖ് വാരിയത്തൊടി, നാസർ തൊട്ടിയിൽ, പി. വി മുസ്തഫ, അഷ്‌റഫ് തൊട്ടിയിൽ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."