ഒാൺലൈനിൽനിന്ന് ഒാഫ്‌ലൈനിലെത്തുമ്പോൾ
പി.കെ.എം ഷഹീദ്
സംസ്ഥാനത്തെ സ്കൂൾ അന്തരീക്ഷം സാധാരണ നിലയിലേക്ക് സഞ്ചരിക്കുകയാണ്. നിശബ്ദമായ സ്കൂൾ അന്തരീക്ഷം മാറി വിദ്യാർഥികളുടെ കളിചിരികളിലേക്ക് നീങ്ങുന്നു. ഓൺലൈനിൽ നിന്നു ഓഫ് ലൈനിലേക്ക് തിരികെപോവാൻ കുട്ടികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും വേണ്ടി കേരള സർക്കാർ മാർഗരേഖ പുറപ്പെടുവിച്ചിരുന്നു. എന്നാൽ ഓഫ്‌ലൈനിൽനിന്ന് ഓൺലൈനിലേക്ക് മാറാൻ നമുക്ക് ഒരു സർക്കുലറും ആവശ്യമായിരുന്നില്ല. ജീവിതക്രമം തന്നെ തെറ്റിച്ച് കൊറോണ വൈറസ് നമുക്കൊരു മാർഗരേഖ ഒരുക്കിത്തരികയായിരുന്നു. ഓൺലൈൻ പഠനം ലോകമാകെ നടന്ന ഒരു സംവിധാനമാണ്. യുനെസ്കോയുടെ 2020 ലെ കണക്കനുസരിച്ച് 194 രാജ്യങ്ങളിലെ 1.6 ബില്യൺ വിദ്യാർഥികൾ കാംപസിന് പുറത്താണ്. നാടകീയമായ ഒരുചേഞ്ച് നമ്മെ ഡിജിറ്റൽ പ്ലാറ്റ്ഫോമിലേക്ക് എത്തിക്കുകയായിരുന്നു.
ഓഫ് ലൈനിനു പകരം പഠനം നിശ്ചലമാവാതെ മുന്നോട്ടുപോവാനുള്ള ഏക പോംവഴി വ്യത്യസ്തമായ സങ്കേതങ്ങൾ ഉപയോഗപ്പെടുത്തി വിവിധ രീതിയിൽ പഠനം നടത്തുക തന്നെയാണ്. അതിനുവേണ്ടി വാട്സ്ആപ്പും ഗൂഗിളിന്റെ വിവിധ വകഭേദങ്ങളും ഒക്കെ നാം ഉപയോഗപ്പെടുത്തിയിട്ടുണ്ട്. പക്ഷേ ഇന്ത്യയെപ്പോലെയുള്ള ഒരു വലിയ രാജ്യത്ത് ദാരിദ്ര്യരേഖക്ക് താഴെ കോടികൾ അധിവസിക്കുന്ന നാട്ടിൽ ഓൺലൈൻ പഠനമുണ്ടാക്കിയ ഡിജിറ്റൽ ഡിവൈഡ് ആർക്കും തള്ളിക്കളയാൻ പറ്റാത്തതാണ്. ഇന്ത്യയിൽ 66% ഗ്രാമീണർ ജീവിക്കുന്ന മേഖലയിൽ 25.3 ശതമാനത്തിനാണ് ഇന്റർനെറ്റ് ലഭ്യതയുള്ളത്. കേരളത്തിൽ 43.76 ലക്ഷത്തിലധികം കുട്ടികൾ പൊതുകലാലയങ്ങളിൽ പഠിക്കുമ്പോൾ 2.61 ലക്ഷം കുട്ടികൾക്ക് നെറ്റില്ല എന്നാണ് കണക്കുകൾ പറയുന്നത്.
അക്കാദമിക നിലവാരം ചോരാതെ നിലനിർത്താൻ സർക്കാർ ശ്രമിച്ചെങ്കിലും ധാരാളം അപാകതകൾ ചൂണ്ടിക്കാണിക്കാൻ കഴിയും. ഒന്നരവർഷമായി കൊവിഡ് പ്രതിസന്ധി നമ്മെ പ്രയാസപ്പെടുത്താൻ തുടങ്ങിയിട്ട്. അന്നുതൊട്ട് കുട്ടികൾ കാംപസിന് പുറത്താണ്. പഠനം ഓൺലൈനിലാണ്. പ്രത്യേകമായ കരിക്കുലവും സിലബസും ക്രമപ്പെടുത്തിയില്ലെങ്കിലും എന്തെല്ലാം മാർഗം ഉപയോഗിക്കാമെന്ന് സമൂഹം സ്വയം പഠിച്ചു. കുട്ടികൾ സ്ക്രീനിനു മുന്നിൽ ഇരുത്തം തുടങ്ങി. ഇതുണ്ടാക്കിയ വലിയ വിഷമങ്ങളും അസുഖങ്ങളും കുടുംബങ്ങൾ അനുഭവിക്കാൻ തുടങ്ങുന്നേയുള്ളൂ. മറ്റൊരു പോംവഴി ഇല്ലാത്തതുകൊണ്ട് രക്ഷിതാക്കളും സഹിച്ചു. ഒരു വർഷം കഴിഞ്ഞിട്ടും ഡിജിറ്റൽ സംവിധാനം ഇല്ലാത്തവന്റെ കണക്കെടുപ്പ് നടത്താൻ ഫോർമാറ്റ് വിട്ടുകൊണ്ടിരിക്കുകയായിരുന്നു സർക്കാർ. അവസാന കണക്കെടുപ്പും ലക്ഷത്തിൽ പരം കുട്ടികൾ ഈ സൗകര്യങ്ങൾ ഇല്ലാത്തവരാണ്. ഇതിനേക്കാൾ വലിയ ഡിജിറ്റൽ ഡിവൈഡ് വേറെ എന്താണ്. ഇത് കേരളത്തിൽ മാത്രമല്ല ലോകം മുഴുക്കെ ഈ വ്യത്യാസം കാണാൻ പറ്റും.
സർക്കാർ സാമ്പത്തിക സൗകര്യങ്ങൾ ചെയ്തു കൊടുത്ത രാജ്യങ്ങളിൽ കുട്ടികൾ ഡിജിറ്റൽ മാർഗം ഉപയോഗപ്പെടുത്തി. സ്വിറ്റ്സർലാൻഡിൽ 95 ശതമാനം കുട്ടികൾ സ്കൂൾ പഠനത്തിന് കംപ്യൂട്ടർ ഉപയോഗിക്കുന്നവരാണ്. അതേസമയം, ഇന്തോനേഷ്യയിൽ 34 ശതമാനം കുട്ടികൾക്കാണ് ഈ സൗകര്യമുള്ളത്. ലോകത്തെവിടെയും ഈ വിഭജനം നമുക്ക് കാണാൻ പറ്റും.
കേരളത്തിൽ സർക്കാരിന് ഒരുപാട് ചെയ്യാമായിരുന്നു. കുട്ടികളുടെ പഠനത്തെ സർക്കാർ ഗൗരവമായി കാണുന്നില്ല. കിറ്റ് കൊടുത്താൽ എല്ലാമായെന്ന് തന്നെയാണ് ഇപ്പോഴും സർക്കാർ ധാരണ. അല്ലെങ്കിൽ ഇത്രമേൽ സമ്മർദവും നിയമസഭയിൽ ചർച്ചയും ആവശ്യമുള്ള വിഷയമായി ഇവിടത്തെ പ്ലസ് വൺ സീറ്റ് പ്രശ്നം മാറുമായിരുന്നില്ല. ലാഭം മാത്രം നോക്കി മുന്നോട്ടുപോകുന്ന ഒരു ബിസിനസ് പ്രോസസാക്കി വിദ്യാഭ്യാസത്തെ കാണരുത്. ഇത് ഒരു നാടിന്റെ അസറ്റായി മാറേണ്ട ഒരു തലമുറയെ വാർത്തെടുക്കുന്ന സമ്പ്രദായമാണത്. കേരളത്തിന്റെ ചുറ്റുപാടിൽ ഇപ്പോൾ അനിവാര്യമായും സർക്കാർ മുൻഗണന കൊടുക്കേണ്ടത് പ്ലസ് വൺ പഠനസൗകര്യം ഉറപ്പുവരുത്തനാണ്. കൂടാതെ ഡിഗ്രി സീറ്റുകളുടെയും ബാച്ചുകളുടെയും ലഭ്യതയും.
ഓഫ് ലൈനിൽ കുട്ടി പാകപ്പെടാൻ അൽപം സമയമെടുക്കും. ബയോബബിൾ സിസ്റ്റം എത്രമാത്രം പ്രായോഗികമാകും എന്നറിയില്ല. ഇല്ലെങ്കിൽ അപകടങ്ങളുണ്ടാവുകയും ചെയ്യും. സ്കൂൾ ബസിലെ യാത്ര സർക്കാർ മാനദണ്ഡം പ്രകാരമാണെങ്കിൽ നന്നാവും. പക്ഷേ അത് പ്രായോഗികമാവില്ല എന്നത് വസ്തുതയാണ്. രണ്ടു കുട്ടികളാണ് ഒരു ബെഞ്ചിൽ ഇരിക്കുന്നത് മാസ്കും സാനിറ്റൈസറും എല്ലാം ഒരുക്കണം, കൃത്യമായ മാർഗ്ഗരേഖ പുറത്തിറങ്ങിക്കഴിഞ്ഞു.
ഓൺലൈനിൽനിന്നുഓഫ്‌ലൈനിലേക്കുള്ള ഈ തിരിച്ചുപോക്ക് മുഴുവൻ വിദ്യാർഥികൾക്കും ഒരുപോലെ ഗുണം ചെയ്യും. ഭിന്നശേഷിക്കാരായ അനവധി വിദ്യാർഥികൾക്ക് ഓൺലൈൻ സംവിധാനത്തിൽ പഠിക്കാൻ പറ്റാത്ത അവസ്ഥയായിരുന്നു. അവർക്ക് പൊതുവായ ഒരു സംവിധാനം വീണ്ടും വരികയാണ്. എല്ലാറ്റിലുമുപരി കുട്ടികളുടെ മാനസിക പിരിമുറുക്കം കുറയും ജൈവികമായ ക്ലാസ് റൂമും വിശാലമായ ഗ്രൗണ്ടും സൗഹൃദവും സാമൂഹികരണം എന്ന വലിയപ്രക്രിയയും കുട്ടികളിൽ സന്നിവേശിപ്പിക്കാൻ ഈ തിരിച്ചുപോക്ക് കാരണമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."