കളിയാവേശത്തിലും രാജ്യദ്രോഹമോ?
ഈ കുറിപ്പിന് തലക്കെട്ടായി നൽകിയത് രാജ്യത്തെ പ്രമുഖനായ മുൻ സുപ്രിംകോടതി ന്യായാധിപന് ചോദിച്ച ചോദ്യമാണ്. ആ ചോദ്യത്തിലെ പ്രസക്തിയും ആ ചോദ്യത്തിനു നേരിടേണ്ടി വന്ന നിന്ദ്യമായ അവഗണനയുമാണ് ഈ വിഷയത്തെക്കുറിച്ച് എഴുതാൻ പ്രേരകമായത്. ചോദ്യം ചോദിച്ചത് ജസ്റ്റിസ് ദീപക് ഗുപ്ത. ചോദ്യത്തിനു നേരേ മൗനം പാലിച്ചതും അതു കേട്ടില്ലെന്നു നടിച്ചതും ഈ രാജ്യത്തെ രാഷ്ട്രീയ, സാംസ്കാരിക നായകന്മാരെന്നു വിശേഷിപ്പിക്കപ്പെടുന്നവർ! ജസ്റ്റിസ് ദീപക് ഗുപ്ത ഇങ്ങനെയൊരു പ്രതികരണം നടത്താൻ കാരണമായ സാഹചര്യം ചില കശ്മിരി മെഡിക്കൽ വിദ്യാർഥികൾക്കെതിരേ യു.എ.പി.എ ചുമത്തിയ നടപടിയും അതിനെ ന്യായീകരിച്ച് യു.പി മുഖ്യമന്ത്രിയുടെ ഓഫിസ് നടത്തിയ ട്വീറ്റുമാണ്.
ട്വന്റി 20 ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിൽ പാകിസ്താൻ ടീം വിജയിച്ചപ്പോൾ ആ വിദ്യാർഥികൾ അതിൽ ആഹ്ലാദം പ്രകടിപ്പിച്ചു. അതൊരു ഭീകരക്കുറ്റമായാണ് പൊലിസ് കണക്കാക്കിയത്. അവർക്കെതിരേ കേസെടുത്തു. വെറും കേസല്ല, രാജ്യദ്രോഹക്കുറ്റമാണ് ചുമത്തിയത്.രാജ്യദ്രോഹക്കുറ്റം മാത്രമല്ല, സാമുദായിക വിരോധമുണ്ടാക്കാൻ ശ്രമം, രാജ്യത്തിനെതിരേയോ രാജ്യത്തെ ഒരു വിഭാഗം ജനങ്ങൾക്കെതിരേയോ കലാപമുണ്ടാക്കാൻ മറ്റുള്ളവരെ പ്രേരിപ്പിക്കൽ തുടങ്ങിയ വകുപ്പുകളും ചുമത്തി. തീർന്നില്ല, ഇതിനു പുറമെ ഐ.ടി ആക്ട് 66 എഫ് അനുസരിച്ച് സൈബർ ഭീകരതാ കുറ്റവും.തീർച്ചയായും നമ്മുടെ രാജ്യമായ ഇന്ത്യയെ അപമാനിക്കുകയോ രാജ്യത്തിനെതിരേ കലാപമുണ്ടാക്കാൻ ശ്രമിക്കുകയോ മറ്റുള്ളവരെ അതിനായി പ്രേരിപ്പിക്കുകയോ സാമൂഹ്യമാധ്യമങ്ങളിൽ രാജ്യവിരുദ്ധമായ മുദ്രവാക്യങ്ങളോ കലാപാഹ്വാനമോ പ്രചരിപ്പിക്കുകയോ ഒക്കെ ചെയ്യുന്നത് തീർത്തും അക്ഷന്തവ്യവും ഗുരുതരവുമായ തെറ്റു തന്നെയാണ്. അത്തരം വ്യക്തിക്കോ വ്യക്തികൾക്കോ എതിരേ മേൽപ്പറഞ്ഞ എല്ലാ വകുപ്പുകളും ഉപയോഗിച്ചു കേസ്സെടുക്കേണ്ടതും മാതൃകാപരമായ ശിക്ഷ ഉറപ്പുവരുത്തേണ്ടതുമാണ്. കാരണം, ആത്യന്തികമായി നമുക്കു പ്രധാനം നമ്മുടെ രാജ്യത്തിന്റെ പരമാധികാരമാണ്.
കരൺ താപ്പറിന് നൽകിയ അഭിമുഖത്തിൽ ജസ്റ്റിസ് ദീപക് ഗുപ്തയും ഇക്കാര്യമെല്ലാം അടിവരയിട്ട് അംഗീകരിക്കുന്നുണ്ട്.ഇതൊക്കെ അംഗീകരിച്ച ശേഷം അദ്ദേഹം ചോദിക്കുന്ന ചോദ്യങ്ങളിവയാണ്. കളി ആസ്വദിക്കുന്ന കാര്യത്തിൽ നമ്മൾ രാജ്യസ്നേഹവും രാജ്യദ്രോഹവും കാണേണ്ടതുണ്ടോ. ഒരാൾക്ക് ഏതെങ്കിലുമൊരു കായികതാരത്തിന്റെയോ കായിക ടീമിന്റെയോ കളി ഇഷ്ടപ്പെട്ടുവെങ്കിൽ അതു സത്യസന്ധമായി പ്രകടിപ്പിക്കുന്നതിൽ എന്താണ് തെറ്റ്. അതിൽ എവിടെയാണ് രാജ്യദ്രോഹക്കുറ്റമുള്ളത്.പ്രസക്തമല്ലേ ഈ ചോദ്യങ്ങൾ
രൂപീകരണകാലം മുതൽ ഇന്ത്യക്കെതിരേ ശത്രുതാപരമായ നടപടികൾ കൈക്കൊള്ളുന്ന രാജ്യമാണ് പാകിസ്താൻ എന്നതിൽ തർക്കമില്ല. തുടർച്ചയായി നമ്മുടെ അതിർത്തിയിൽ അവർ അസ്വാസ്ഥ്യമുണ്ടാക്കുക്കൊണ്ടിരിക്കുന്നുണ്ട്. തുടർച്ചയായി നുഴഞ്ഞുകയറ്റക്കാരെ അതിർത്തി കടത്തിവിട്ട് ഇവിടെ ഭീകരാക്രമണങ്ങൾ നടത്തുന്നുണ്ട്. അത്തരം ശ്രമങ്ങൾക്കെതിരേ അതിശക്തമായ തിരിച്ചടികൾ ഇന്ത്യ നൽകുന്നുമുണ്ട്. തുടർന്നും വിട്ടുവീഴ്ചയില്ലാതെ ചുട്ടമറുപടി നൽകേണ്ടതുമുണ്ട്. സൈനികവും രാഷ്ട്രീയവുമായ രീതിയിൽ നേരിടേണ്ട കാര്യങ്ങളാണ് അവ. അതേസമയം, കലയും സാഹിത്യവും സിനിമയും കായികമത്സരങ്ങളുമെല്ലാം രാജ്യാതിർത്തികളിൽ ഒതുക്കിയിടേണ്ടതല്ല. മുഹമ്മദ് റഫിയെയും ലതാമങ്കേഷ്കറെയും കിഷോർകുമാറിനെയും പങ്കജ് ഉദാസിനെയും മറ്റും ഹൃദയത്തിലേറ്റിയ എത്രയോ പാകിസ്താനികളെക്കുറിച്ചു നാം കേട്ടിട്ടുണ്ട്. കലയും സാഹിത്യവും സിനിമയും കായികമത്സരങ്ങളുമെല്ലാം രാജ്യാതിർത്തികളിൽ ഒതുക്കിയിടേണ്ടതല്ല എന്നതല്ലേ സത്യം.
വീണ്ടും കശ്മിരി വിദ്യാർഥികളുടെ രാജ്യദ്രോഹക്കേസിലേയ്ക്കു വരാം. ജസ്റ്റിസ് ദീപക് ഗുപ്ത പാക് വിജയത്തിൽ ആഹ്ലാദിച്ച അവരെ പിന്തണയ്ക്കുകയോ പുകഴ്ത്തുകയോ അല്ല ചെയ്യുന്നതെന്നു മനസ്സിലാക്കണം. അതേസമയം അദ്ദേഹം ഓർമിപ്പിക്കുന്നത്, ആ വിദ്യാർഥികൾ നടത്തിയത് ക്രിമിനൽ കുറ്റമല്ലെന്നാണ്, പ്രത്യേകിച്ച് രാജ്യദ്രോഹക്കുറ്റും ചുമത്തേണ്ട കുറ്റമേയല്ലെന്നാണ്. അങ്ങനെ രാജ്യദ്രോഹക്കുറ്റം ചുമത്തുന്നത് ഭരണഘടനയെയും ഇന്ത്യയിലെ നീതിവ്യവസ്ഥയെയും വെല്ലുവിളിക്കലാണെന്നാണ്. ദീപക് ഗുപ്ത ആത്യന്തികമായി പറയുന്നത് രാജ്യദ്രോഹക്കുറ്റം പുനഃപരിശോധിക്കാൻ രാജ്യത്തെ പരമോന്നത നീതിപീഠം ഒരു നിമിഷം പോലും അമാന്തിക്കരുത് എന്നാണ്. കാരണം, അത് നിരപരാധികളെ ജീവിതകാലം മുഴുവൻ അഴിക്കുള്ളിലടയ്ക്കാൻ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട് എന്നാണ് രാജ്യത്തെ പരമോന്നത നീതിപീഠത്തിൽ ദീർഘകാലം ആത്മാർഥമായി പ്രവർത്തിച്ച ജസ്റ്റിസ് ദീപക് ഗുപ്തയുടെ അഭിപ്രായം.അതു പൂർണമായും ശരിവയ്ക്കേണ്ടതാണെന്ന് സുപ്രിംകോടതിയും വിവിധ ഹൈക്കോടതികളും യു.എ.പി.എ കേസുകളിൽ പല തവണ നടത്തിയ പരാമർശങ്ങൾ തന്നെ തെളിവ്.
അതിൽ ഏറ്റവും ഒടുവിലത്തേതാണ് പന്തീരാങ്കാവ് യു.എ.പി.എ കേസ്. സി.പി.എം പ്രവർത്തകരെ സി.പി.എം നേതൃത്വം കൊടുക്കുന്ന സർക്കാരിന്റെ കാലത്ത് യു.എ.പി.എ ചുമത്തി അഴിക്കുള്ളിൽ അടച്ച കേസാണല്ലോ അത്. പ്രാദേശിക സി.പി.എം നേതൃത്വം അറസ്റ്റിനെതിരേ പരസ്യമായി രംഗത്തുവന്നിട്ടും പൊലിസ് യു.എ.പി.എയിൽ ഉറച്ചുനിന്നു. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പൊലിസിനെ ന്യായീകരിച്ചു. കൗമാരപ്രായം വിട്ടുവെന്നു പറയാറാകാത്ത അലനും താഹയും ഭീകരന്മാരായി ചിത്രീകരിക്കപ്പെട്ടു.സി.പി.എമ്മുകാർ യു.എ.പി.എ കേസിൽ കുടുങ്ങിയതിൽ ആവേശം പൂണ്ട കേന്ദ്ര ഏജൻസി കേസ് ഏറ്റെടുത്തു. അതോടെ അലനും താഹയ്ക്കും അഴിക്കുള്ളിൽ നിന്നു മുക്തിയുണ്ടാവില്ലെന്നു വന്നു. ഈ ഘട്ടത്തിൽ പരമോന്നത കോടതി വേണ്ടി വന്നു അവർക്കെതിരേ ചുമത്തിയ യു.എ.പി.എ കുറ്റം നിലനിൽക്കില്ല എന്നു വ്യക്തമാക്കി അലനെയും താഹയെയും അഴിക്കുള്ളിൽ നിന്നു മോചിപ്പിക്കാൻ. മാവോയിസ്റ്റുകളുമായി ബന്ധമുണ്ട് എന്നതുകൊണ്ട് ഒരാൾക്കെതിരേയും രാജ്യദ്രോഹക്കുറ്റം നിലനിൽക്കില്ല എന്നാണ് കോടതി വ്യക്തമാക്കിയത്. തെറ്റു ചെയ്തവരെ ശിക്ഷിക്കാം. പക്ഷേ, ചെയ്യാത്ത തെറ്റിന് രാജ്യദ്രോഹികളാക്കുന്ന പ്രവണത അംഗീകരിക്കാനാവില്ല.
കശ്മിരി മെഡിക്കൽ വിദ്യാർഥികൾക്കെതിരേ 153 (എ)യും 505 (1) (എ)യും ചുമത്തിയതിനെക്കുറിച്ച് ജസ്റ്റിസ് ദീപക് ഗുപ്ത പ്രതികരിക്കുന്നതിങ്ങനെ: ഇഷ്ടപ്പെട്ട ടീമിന്റെ വിജയത്തിൽ സന്തോഷിച്ചവർ ആരുടെ മതവികാരത്തെ മുറിവേൽപ്പിച്ചുവെന്നും ആരിൽ സ്പർദ്ധയുണ്ടാക്കിയെന്നുമാണ് പറയുന്നത്.സാമൂഹ്യമാധ്യമങ്ങളിൽ ഒരു പരാമൾശവും നടത്താത്തവർക്കെതിരേ എങ്ങനെയാണ് ഐ.ടി നിയമം 66 എഫ് അനുസരിച്ച് സൈബർ ഭീകരതാക്കുറ്റം ചുമത്തുക.തീർച്ചയായും ജനാധിപത്യ സമൂഹം മറുപടി പറയേണ്ട സംശയങ്ങളാണ് ഇവ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."