അച്ചടക്കത്തോടെ ജി. സുധാകരൻ തലസ്ഥാനത്തുനിന്ന് മടങ്ങി ചിരിക്കുന്ന മുഖം മുഖചിത്രമാക്കി
സ്വന്തം ലേഖകൻ
തിരുവനന്തപുരം
അമ്പലപ്പുഴയിൽ പാർട്ടിയുടെ സ്ഥാനാർഥി വിജയിച്ചിട്ടും സംസ്ഥാനത്ത് പാർട്ടി വീണ്ടും അധികാരത്തിലേറിയിട്ടും തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ വീഴ്ച വരുത്തിയതിന് അച്ചടക്ക നടപടി നേരിടേണ്ടി വന്ന സി.പി.എം നേതാവ് ജി. സുധാകരൻ അച്ചടക്കം വിടാതെ തലസ്ഥാനത്തുനിന്ന് മടങ്ങി. തന്നെ അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകൾ നിറഞ്ഞ ഫേസ്ബുക്കിൽ ചിരിക്കുന്ന മുഖത്തിന്റെ പുതിയ ചിത്രം പ്രൊഫൈൽ പിക്ചറാക്കുകയും ചെയ്തു.
ഇരുപത്തിയേഴായിരത്തിലധികം പേർ ലൈക്കടിച്ച ചിത്രത്തിനു താഴെയും അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകളെത്തി. ശനിയാഴ്ചത്തെ സംഘർഷം നിറഞ്ഞ മുഖഭാവത്തിനു പകരം പാർട്ടി നടപടിയെ ഉൾക്കൊണ്ട നിലയിലാണ് അദ്ദേഹം ആലപ്പുഴയിലേക്ക് പോയത്.
ആലപ്പുഴയിലെ പാർട്ടി ഓഫിസിൽ സ്വകാര്യ ചാനലുമായി സംസാരിച്ച അദ്ദേഹം സജീവമായി പാർട്ടിയിൽ ഉണ്ടാകാതിരിക്കേണ്ട ഒരു സാഹചര്യവുമില്ലെന്ന് പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ആലപ്പുഴയിൽ നേരത്തേ പ്രവർത്തിച്ച പോലെ തന്നെ പ്രവർത്തിക്കണമെന്നും ജില്ലാ നേതൃത്വത്തെ സഹായിക്കണമെന്നും പറഞ്ഞെന്നും താൻ അതിനൊപ്പം തന്നെ ഉണ്ടാകുമെന്നും സുധാകരൻ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."