ലക്ഷദ്വീപിലേക്കുള്ള കപ്പൽ യാത്രാ നിരക്കിൽ കഴുത്തറപ്പൻ വർധന ദ്വീപിലുള്ളവർക്ക് നിലവിലെ നിരക്കിൻ്റെ പകുതികൂടി വർധിപ്പിച്ചപ്പോൾ പുറത്തുനിന്നുള്ളവർക്ക് കൂട്ടിയത് മൂന്നിരട്ടി
കൊച്ചി
ലക്ഷദ്വീപിലേക്കുള്ള കപ്പൽ യാത്ര ഇനി കീശകാലിയാക്കും. ദ്വീപിലുള്ളവർക്ക് നിലവിലെ നിരക്കിൻ്റെ പകുതികൂടി വർധിപ്പിച്ചപ്പോൾ പുറത്തുനിന്നുള്ളവർക്ക് മൂന്നിരട്ടി വർധനവാണ് നടപ്പാക്കിയിരിക്കുന്നത്. കപ്പൽ സർവിസുകളുടെ നടത്തിപ്പ് ചെലവ് കൂടിയതാണ് ഇത്തരത്തിൽ ഭീമമായ നിരക്ക് വർധനയ്ക്ക് കാരണമായി ലക്ഷദ്വീപ് ഭരണകൂടം പറയുന്നത്. നവംബർ 10 മുതലാണ് വർധിപ്പിച്ച നിരക്ക് നിലവിൽവരിക.
ലക്ഷദ്വീപുകാർക്ക് കവരത്തിയിലേക്ക് കൊച്ചിയിൽ നിന്നുള്ള ബങ്ക് ക്ലാസ് ടിക്കറ്റിന് 220 രൂപയുണ്ടായിരുന്നത് ഇനി 330 രൂപ നൽകണം. ഇതേ യാത്രയ്ക്ക് ഫസ്റ്റ് ക്ലാസ് കാബിന് 3,510 രൂപയും സെക്കൻഡ് ക്ലാസ് ടിക്കറ്റിന് 1,300 രൂപയുമാകും. വി.ഐ.പി കാബിന് 6,110 രൂപയാണ് നിരക്ക്. ബേപ്പൂരിൽ നിന്ന് കവരത്തിയിലേക്ക് 230 രൂപയാണ് പുതുക്കിയ ബങ്ക് ക്ലാസ് നിരക്ക്. സെക്കൻഡ് ക്ലാസ്720, ഫസ്റ്റ് ക്ലാസ്1,910 എന്നിങ്ങനെയാണ് മറ്റു നിരക്കുകൾ. മംഗളൂർ-കവരത്തി ബങ്ക് ക്ലാസിന് 240 രൂപയും ഫസ്റ്റ്, സെക്കൻഡ് ക്ലാസുകൾക്ക് യഥാക്രമം 2240, 840 രൂപയും നൽകണം.
ലക്ഷദ്വീപുകാർക്ക് പുറമെ ഇവിടെ ജോലി ചെയ്യുന്ന സർക്കാർ ജീവനക്കാർക്കും ഈ നിരക്കായിരിക്കും ബാധകമാവുക. അതേസമയം ലക്ഷദ്വീപിന് പുറത്തുനിന്നുള്ളവർക്ക് കൊച്ചിയിൽ നിന്ന് കവരത്തിയിലേക്കുള്ള ബങ്ക് ക്ലാസ് നിരക്ക് 500ൽ നിന്ന് 1500 ആക്കി ഉയർത്തി. സെക്കൻഡ് ക്ലാസിന് 3,810 രൂപയും ഫസ്റ്റ് ക്ലാസിന് 5,820 രൂപയും നൽകണം. വി.ഐ.പി കാബിൻ നിരക്ക് 5,845ൽ നിന്ന് 10,610 രൂപയാക്കി. ദ്വീപുകാരല്ലാത്തവർക്ക് ബേപ്പൂരിൽ നിന്ന് കവരത്തിയിലേക്ക് 900 രൂപയാണ് പുതുക്കിയ ബങ്ക് ക്ലാസ് നിരക്ക്. സെക്കൻഡ് ക്ലാസ്2,070, ഫസ്റ്റ് ക്ലാസ്3,170 എന്നിങ്ങനെയും നൽകണം.
കൂടാതെ മംഗളൂർ-കവരത്തി ബങ്ക് ക്ലാസിന് 990 രൂപയും ഫസ്റ്റ് ക്ലാസ്, സെക്കൻഡ് ക്ലാസ് ടിക്കറ്റുകൾക്ക് യഥാക്രമം 3710, 2430 രൂപയുമാണ് നിരക്ക്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."