നോട്ടുനിരോധനത്തിന്റെ അഞ്ചാണ്ട്, ഇനിയും തളര്‍ച്ച മാറാതെ സമ്പദ് വ്യവസ്ഥ; നാം പൊരിവെയിലില്‍ ക്യൂ നിന്നതും മരിച്ചതും എന്തിന് വേണ്ടി
രാജ്യത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിട്ട കേന്ദ്ര സര്‍ക്കാരിന്റെ 'സാമ്പത്തിക വിപ്ലവത്തിന്റെ' ഭാഗമായ നോട്ട് നിരോധനം അഞ്ചു വര്‍ഷം പിന്നിട്ടിരിക്കുന്നു. അന്ന് ഘോരഘോരം പ്രസംഗിച്ച പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ള ബി.ജെ.പി നേതാക്കള്‍ ഇന്ന് 'വിപ്ലവ'ത്തിന്റെ അഞ്ചാം വാര്‍ഷികദിനത്തിലും മൗനം പാലിക്കുകയാണ്.
2016 നവംബര്‍ 8-ന് രാത്രി എട്ട് മണിക്കായിരുന്നു നോട്ട് നിരോധിച്ചുകൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം. ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ അര്‍ദ്ധരാത്രി മുതല്‍ നിരോധിച്ചതായി പ്രധാനമന്ത്രി പ്രഖ്യാപിച്ചു. നോട്ടുകള്‍ മാറിയെടുക്കാന്‍ ജനങ്ങള്‍ക്ക് നേരിടേണ്ടി വന്ന ദുരിതമായിരുന്നു പിന്നീടുള്ള കുറേ മാസങ്ങളില്‍. കള്ളപ്പണവും കള്ളനോട്ടും തടയുക, കറന്‍സി നോട്ടിന്റെ കൈമാറ്റം കുറച്ച് ഡിജിറ്റല്‍ പണമിടപാട് പ്രോത്സാഹിപ്പിക്കുക, ഭീകരപ്രവര്‍ത്തനത്തെ സഹായിക്കുന്ന പണമൊഴുക്ക് തടയുക തുടങ്ങിയ ലക്ഷ്യങ്ങളാണ് നിരത്തിയാണ് നാട്ട് നിരോധനം അന്ന് അര്‍ധരാത്രി തന്നെ നടപ്പാക്കിയത്. ഒന്നും നടന്നില്ലെന്ന് മാത്രമല്ല നോട്ട് നിരോധനം അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുമ്പോഴും നോട്ടുകള്‍ തിരിച്ചെത്തിയത് സംബന്ധിച്ച യഥാര്‍ത്ഥ കണക്കുകള്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ടിട്ടുമില്ല.
കള്ളപ്പണവുമില്ല, കള്ളനോട്ടും നിലച്ചില്ല; എന്തിനായിരുന്നു നാം പൊരിവെയിലില്‍ വരിനിന്നത്
സ്വതന്ത്ര ഇന്ത്യ ഏറ്റവും വലിയ തീരുമാനങ്ങളിലൊന്നായിരുന്നു നോട്ടു നിരോധനം. അന്ന് പ്രയാസങ്ങള്‍ വകവെക്കാതെ പ്രധാനമന്ത്രിയുടെ 'ധീരമായ' തീരുമാനത്തിന് കയ്യടിച്ചു ജനത. എന്നാല്‍ കള്ളപ്പണവും കള്ളനോട്ടും തടയാന്‍ നോട്ട് നിരോധനത്തിന് കഴിഞ്ഞില്ല.
കള്ളപ്പണം തുടച്ചുനീക്കാന്‍ ലക്ഷ്യമിട്ട നോട്ട് നിരോധനം ഇന്ത്യന്‍ സമ്പദ്ഘടനയില്‍ കാര്യമായ ഒരു മാറ്റവും ഉണ്ടാക്കിയില്ല എന്നാണ് പുറത്തുവരുന്ന കണക്കുകള്‍. ആളുകളുടെ കയ്യിലുള്ള പണം 2016-നെക്കാള്‍ 57 ശതമാനം കൂടിയെന്നാണ് ആര്‍ബിഐയുടെ തന്നെ കണക്ക്. നോട്ട് നിരോധനത്തിലൂടെ 4 ലക്ഷം കോടി രൂപ ബാങ്കുകളിലേക്ക് തിരിച്ചെത്തില്ല എന്നായിരുന്നു വാദം. തിരിച്ചുവരാതിരുന്നാല്‍ അത്രയും തുക ആര്‍ബിഐയില്‍ സര്‍ക്കാര്‍ ഖജനാവിലേക്ക്എത്തും. പക്ഷെ, 99.3 ശതമാനം നോട്ടുകളും ബാങ്കില്‍ തിരിച്ചെത്തി.
15.41 ലക്ഷം കോടി നോട്ടുകളാണ് അസാധുവാക്കിയത്. അതില്‍ 15.31 ലക്ഷം കോടിയും ബാങ്കുകളില്‍ തിരിച്ചെത്തിയെന്നാണ് റിസര്‍വ് ബാങ്ക് കണക്ക്. മൂന്നു മുതല്‍ നാലു ലക്ഷം കോടി വരെ കള്ളപ്പണം ഇല്ലാതാകുമെന്ന സര്‍ക്കാര്‍ വാദം അതോടെ പൊളിഞ്ഞു. ചുരുക്കത്തില്‍ നോട്ടുകള്‍ മാറാന്‍ ജനത്തിന് തെരുവില്‍ അലയേണ്ടി വന്നതും പലരുടെയും ജീവിതം പെരുവഴിയിലായതും മാത്രം മിച്ചം.
കള്ളനോട്ട് കാര്യമായി കണ്ടെത്തിയില്ല. 2016ല്‍ പിടിച്ച കള്ളനോട്ടിന്റെ എണ്ണം 6.32 ലക്ഷം. തുടര്‍ന്നുള്ള അഞ്ചു വര്‍ഷങ്ങള്‍ക്കിടയില്‍ പിടിച്ചത് 20 ലക്ഷത്തോളം. അതില്‍ നല്ല പങ്കും 100 രൂപ നോട്ടാണ്. നിരോധിച്ചതാകട്ടെ 500ന്റെയും 1,000ത്തിന്റെയും നോട്ടുകള്‍. നിരോധിച്ച നോട്ടും ഭീകരതയുമായുള്ള ബന്ധം തെളിയിക്കാനും സര്‍ക്കാറിന് കഴിഞ്ഞില്ല.
വാഴുന്നത് പച്ചനോട്ട് തന്നെ; ഡിജിറ്റല്‍ വര്‍ധിച്ചത് ഇന്റര്‍നെറ്റ് സൗകര്യംകൂടിയതിനാല്‍ മാത്രം
അഞ്ചു വര്‍ഷം കഴിഞ്ഞപ്പോള്‍ കറന്‍സി നോട്ടിന്റെ പ്രചാരം കൂടുകയാണ് ചെയ്തത്. റിസര്‍വ് ബാങ്കിന്റെ കണക്കുകള്‍ അതാണ് വ്യക്തമാക്കുന്നത്. നോട്ട് നിരോധിക്കുന്നതിന് തൊട്ടുമുമ്പ്, 2016 നവംബറില്‍ 17.97 ലക്ഷം കോടി നോട്ടുകളായിരുന്നു പ്രചാരത്തില്‍. അതില്‍ 86 ശതമാനവും അസാധുവാക്കിയതു വഴി രണ്ടു മാസത്തിനകം നോട്ടിന്റെ എണ്ണം 7.8 ലക്ഷം കോടി മാത്രമായി കുറഞ്ഞതുമാണ്. ഇപ്പോഴുള്ളത് 28.30 ലക്ഷം കോടി. കറന്‍സി നോട്ടുകളുടെ എണ്ണം ഓരോ വര്‍ഷവും വര്‍ധിച്ചു.
ഡിജിറ്റല്‍ പണമിടപാടും വര്‍ധിച്ചു. നോട്ടു നിരോധനം കൊണ്ടല്ല, ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ക്കൊത്താണ് ഡിജിറ്റല്‍ പണമിടപാട് വര്‍ധിച്ചത്. അതേസമയം, നോട്ടു തന്നെ ഭൂരിഭാഗത്തിനും ഇഷ്ടം. ഗ്രാമീണ, ചെറുകിട മേഖലയില്‍ ഇപ്പോഴും വാഴുന്നത് പച്ച നോട്ട് തന്നെ.
കാഷ്‌ലെസ് എക്കണോമി എടുത്തു ചാട്ടമുണ്ടാക്കിയത് വിപരീത ഫലം
രാജ്യത്തിന്റെ പ്രധാന വരുമാനം കൃഷിയിലൂടെയാണ്. കര്‍ഷകരാണ് രാജ്യത്തിന്റെ ആത്മാവ്. ഗ്രാമീണജനതയുടെ ജീവിതനിലവാരം മനസിലാക്കാതെ കാഷ്ലെസ് എക്കോണമിയിലേക്ക് പൊടുന്നനെ എടുത്തുചാടാന്‍ തുനിഞ്ഞതാണ് സര്‍ക്കാരിനു തിരിച്ചടിയായത്. കര്‍ഷകരുടെ പ്രശ്നങ്ങളെ ശാസ്ത്രീയവും സമഗ്രവുമായ രീതിയില്‍ പരിഹരിക്കുകയായിരുന്നു യഥാര്‍ഥത്തില്‍ ചെയ്യേണ്ടിയിരുന്നത്. ഉല്‍പാദനം വര്‍ധിക്കുകയും സേവനമേഖലകള്‍ മെച്ചപ്പെടുകയും ചെയ്യുമ്പോള്‍ അതോടൊപ്പം എല്ലാ മേഖലയിലും വളര്‍ച്ച കാണാമായിരുന്നു. ഉത്തേജന പാക്കേജുകള്‍ ഇടത്തരക്കാരെയും കര്‍ഷകരെയും ലക്ഷ്യമാക്കിയുള്ളതായിരുന്നില്ല. കോര്‍പറേറ്റുകളെ വളര്‍ത്താന്‍ അതു സഹായിച്ചു. തെരഞ്ഞെടുപ്പ് ഫണ്ട് മാത്രമായിരുന്നു ഇതിനായി ലക്ഷ്യംവച്ചത്. എന്നാല്‍ ഇതു രാജ്യത്തെ ഭൂരിഭാഗം ജനതയുടെയും ജീവിതം പ്രതിസന്ധിയിലാക്കി.
എഴുന്നേല്‍ക്കാനാവാതെ സമ്പദ്‌വ്യവസ്ഥ
രാജ്യം 70 വര്‍ഷത്തെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്നാണു പ്രതിപക്ഷം പറയുന്നത്. കള്ളപ്പണം തടയാന്‍ മോദി സര്‍ക്കാരിന്റെ ഏറ്റവും ധീരമായ നടപടിയാണ് നോട്ട് നിരോധനമെന്നു സംഘ്പരിവാര്‍ അവകാശപ്പെടുമ്പോഴും കണക്കുകളും യാഥാര്‍ഥ്യങ്ങളും തിരിച്ചടിയാവുന്നു. നോട്ട് നിരോധനത്തിന് ശേഷം തൊഴില്‍ നഷ്ടപ്പെട്ടവരുടെ എണ്ണം അരക്കോടി കവിഞ്ഞു. ഇതു കഴിഞ്ഞ 45 വര്‍ഷത്തെ ഏറ്റവും വലിയ തൊഴിലില്ലായ്മയാണ്. നിരോധനം ഗ്രാമീണ, ചെറുകിട വ്യാപാര മേഖലയെ തളര്‍ത്തി
.
ഭരണാധികാരികളുടെ വികലമായ പരിഷ്‌ക്കാരങ്ങള്‍ രാജ്യത്തെ ജനതയെ എങ്ങനെ ബാധിക്കുമെന്ന ഉത്തമ ഉദാഹരണമാണ് കഴിഞ്ഞ അഞ്ചു വര്‍ഷത്തെ അനുഭവം. സാധാരണക്കാരുടെ ജീവിതം അനുദിനം പ്രതിസന്ധിയിലാകുന്നു. വിലക്കയറ്റം രൂക്ഷമാകുന്നു. ഉയര്‍ന്ന ഇന്ധനവിലയും പ്രതികൂല കാലാവസ്ഥയിലെ വിളനാശവും വിലക്കയറ്റത്തിനു കാരണവുമാകുന്നു. ഇതിനോട് വികലമായ സാമ്പത്തികനയങ്ങള്‍ ചേര്‍ന്നുവന്നപ്പോള്‍ പൂര്‍ണാര്‍ഥത്തില്‍ ഇരുട്ടടിയുമായി. സാമ്പത്തിക വളര്‍ച്ച രണ്ടു ശതമാനം വരെ പിന്നോട്ടടിച്ചുവെന്നാണ് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാണിച്ചത്.
മറുപടി പറയണം മോദി സര്‍ക്കാരേ സിംഹാനത്തില്‍ ഇരുത്തിയവരോട്
വിരലില്‍ മഷി പുരട്ടി, നോട്ടു മാറ്റാനും പണമെടുക്കാനും ബാങ്കുകള്‍ക്കു മുന്നില്‍ മണിക്കൂറുകള്‍ വരിനില്‍ക്കേണ്ടി വന്ന ജനത്തിന് ഇന്നും നോട്ടു നിരോധനം അഞ്ജാതമാണ്.
പൊരിവെയിലത്ത്, ചോരയും നീരും വറ്റിച്ച് സാധാരണക്കാര്‍ വരി നിന്ന ഒരു കാലത്തിന്. സര്‍ക്കാരിന്റെ ഉദ്ദേശശുദ്ധിയില്‍ സംശയിക്കാതെ ജനങ്ങള്‍ വേദനയും കഷ്ടപ്പാടും സഹിച്ചതിന്. ആര്‍ക്ക് വേണ്ടി, എന്തിന് വേണ്ടിയായിരുന്നു നോട്ട് നിരോധനമെന്ന പൊതുജനങ്ങളുടെ ചോദ്യത്തിന് കേന്ദ്രസര്‍ക്കാര്‍ എന്നെങ്കിലും മറുപടി പറഞ്ഞേ പറ്റൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."