നമീബിയയെ എറിഞ്ഞിട്ട് ഇന്ത്യ
ടി20 ലോകകപ്പിൽ സൂപ്പർ 12ലെ അവസാന പോരാട്ടത്തിൽ നമീബിയക്കെതിരേ ഇന്ത്യക്ക് ഒൻപത് വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്ത നമീബിയ നിശ്ചിത ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 132 റൺസ് സ്വന്തമാക്കി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 15.2 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. രോഹിത് ശർമയുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. 37 പന്തിൽ 56 റൺസാണ് രോഹിത് സ്വന്തമാക്കിയത്. ഓപണർ കെ.എൽ രാഹുലും ഇന്ത്യക്കായി അർധ സെഞ്ചുറി നേടി. 36 പന്തിൽ 54 റൺസുമായി രാഹുൽ ഔട്ടാകാതെ നിന്നു. സൂര്യകുമാർ യാദവ് 19 പന്തിൽ നിന്ന് 25 റൺസ് സ്വന്തമാക്കി. ഡേവിഡ് വീസെയും (26) ഓപ്പണർ സ്റ്റീഫൻ ബാർഡുമാണ് (21) നമീബിയയുടെ പ്രധാന സ്കോറർമാർ. വീസെ 25 ബോളിൽ രണ്ടു ബൗണ്ടറിയടിച്ചപ്പോൾ ബാർഡ് 21 ബോളിൽ ഓരോ ബൗണ്ടറിയും സിക്സറുമടിച്ചു. മൈക്കൽ വാൻ ലിൻഗൻ (14), യാൻ ഫ്രിലിൻക് (15*), റുബെൻ ട്രെംപെൽമാൻ (13*), ക്യാപ്റ്റൻ ജെറാഡ് ഇറാസ്മസ് (12) എന്നിവരാണ് രണ്ടക്കത്തിലെത്തിയ മറ്റുള്ളവർ. സ്്പിൻ ജോടികളായ രവീന്ദ്ര ജഡേജയും ആർ അശ്വിനുമായിരുന്നു ഇന്ത്യൻ ബൗളിങിനു ചുക്കാൻ പിടിച്ചത്. ഇരുവരും മൂന്നു വിക്കറ്റുകൾ വീതം പങ്കിട്ടു. ജഡേജ നാലോവറിൽ 16 റൺസിനായിരുന്നു മൂന്നു പേരെ പുറത്താക്കിയതെങ്കിൽ അശ്വിൻ 20 റൺസാണ് നാലോവറിൽ വിട്ടുകൊടുത്തത്. ജസ്പ്രീത് ബുംറ രണ്ടു വിക്കറ്റുകളെടുത്തു. മുഹമ്മദ് ഷമിക്കും രാഹുൽ ചാഹറിനും വിക്കറ്റൊന്നും ലഭിച്ചില്ല. മോശമല്ലാത്ത തുടക്കമായിരുന്നു നമീബിയക്കു ഓപ്പണർമാരായ ബാർഡും വാൻലിൻഗെനും ചേർന്നു നൽകിയത്. ആദ്യ വിക്കറ്റിൽ 33 റൺസ് ഇരുവരും ചേർന്ന് കൂട്ടിച്ചേർത്തു. ബുംറയാണ് ഇന്ത്യക്കു കളിയിലെ ആദ്യത്തെ ബ്രേക്ക്ത്രൂ നൽകിയത്. പുൾ ഷോട്ടിനു ശ്രമിച്ച ലിൻഗെനെ മുഹമ്മദ് ഷമിക്കു സമ്മാനിക്കുകയായിരുന്നു ബുംറ. പിന്നീട് ജഡേജയും അശ്വിനും നമീബിയൻ ബാറ്റിങ് നിരയ്ക്കു മേൽ കത്തിക്കയറി. 14 റൺസിനിടെ നാലു വിക്കറ്റുകളാണ് ഇന്ത്യ പിഴുതത്. ഇതോടെ നമീബിയ നാലിന് 47ലേക്കു വീണു. അഞ്ചാം വിക്കറ്റിൽ ഇറാസ്മസ് വീസെ സഖ്യം 25 റൺസിന്റെ കൂട്ടുകെട്ടുമായി നമീബിയയെ കരകയറ്റി. ഈ സഖ്യത്തെ വേർപിരിക്കുന്നത് അശ്വിനാണ്. ഇറാസ്മസിനെ അശ്വിൻ റിഷഭിനു സമ്മാനിക്കുകയായിരുന്നു. ടോസിനു ശേഷം ഇന്ത്യൻ നായകൻ വിരാട് കോലി ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. തുടർച്ചയായി രണ്ടാമത്തെ മൽസരത്തിലാണ് കോലിക്കു ടോസ് ലഭിച്ചത്.
സ്കോട്ട്ലാൻഡിനെതിരേയുള്ള മൽസരത്തിലെ ടീമിൽ ഒരു മാറ്റവുമായാണ് ഇന്ത്യ ഇറങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."