വിദ്യാഭ്യാസ ഭേദഗതിയടക്കം അഞ്ചു ബില്ലുകൾ പാസാക്കി എതിർപ്പുമായി പ്രതിപക്ഷം
തിരുവനന്തപുരം
കേരള വിദ്യാഭ്യാസ (ഭേദഗതി) ബില്ലടക്കം അഞ്ച് ബില്ലുകൾ നിയമസഭ പാസാക്കി. വ്യവസ്ഥകൾ സംബന്ധിച്ച് പ്രതിപക്ഷം ഉയർത്തിയ എതിർപ്പുകൾ അവഗണിച്ചാണ് ബില്ലുകൾ പാസാക്കിയത്.
വിദ്യാഭ്യാസ വകുപ്പിൻ്റെ പേര് പൊതുവിദ്യാഭ്യസം എന്നാക്കിയതിന് നിയമസാധുത നൽകുന്നതാണ് വിദ്യാഭ്യാസ ഭേദഗതി ബില്ലിലെ പ്രധാന വ്യവസ്ഥ. പൊതു വിദ്യാഭ്യാസ ഡയരക്ടറെന്നത് വിദ്യാഭ്യാസ ഡയരക്ടർ ജനറലായി മാറി. ഹെഡ് മാസ്റ്റർ, ഹെഡ്മിസ്ട്രസ് എന്നത് വൈസ് പ്രിൻസിപ്പൽ തസ്തികയായി മാറ്റാനും ബല്ലിൽ വ്യവസ്ഥയുണ്ട്. ഖാദർ കമ്മിറ്റി ശുപാർശകൾ പ്രകാരമാണ് 2019ൽ സർക്കാർ ഉത്തരവിലൂടെ ഈ വ്യവസ്ഥകൾ ഇറക്കിയത്. ഇതിന് നിയമസാധുത നൽകി ഇറക്കിയ ഓർഡിനസിന് പകരമാണ് നിയമ ഭേദഗതി നടപടികളിലേക്ക് സർക്കാർ കടന്നത്. അപൂർണമായ ഖാദർ കമ്മിഷൻ റിപ്പോർട്ടിലൂടെ സംഘ് പരിവാർ അജൻഡ നടപ്പാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.
ഇതിനു പുറമെ 2021ലെ കേരള കശുവണ്ടി തൊഴിലാളി ആശ്വാസ ക്ഷേമനിധി(ഭേദഗതി), 2021ലെ കേരള കർഷക തൊഴിലാളി (ഭേദഗതി) , 2021ലെ കേരള തൊഴിലാളി ക്ഷേമനിധി (ഭേദഗതി), 2021ലെ കേരള തയ്യൽ തൊഴിലാളി ക്ഷേമനിധി (ഭേദഗതി) ബില്ലുകളുമാണ് ഇന്നലെ പാസാക്കിയത്. വിവിധ ക്ഷേമനിധികളിലേക്കുള്ള തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അംശദായം വർധിപ്പിക്കുന്നതാണ് ഈ ബില്ലുകളിലെ വ്യവസ്ഥകൾ. കശുവണ്ടി തൊഴിലാളികളുടെ ഓരോ ദിവസത്തെ ജോലിക്കുള്ള അംശദായം രണ്ടു രൂപയായി വർധിപ്പിക്കുകയും സർക്കാരിൻ്റെ അംശദായം തൊഴിലാളികളുടെ അംശദായത്തിന്റെ പകുതിയായി പരിമിതപ്പെടുത്താനും വ്യവസ്ഥ ചെയ്യുന്നതാണ് കശുവണ്ടി തൊഴിലാളി ആശ്വാസ ക്ഷേമ നിധി (ഭേദഗതി) ബിൽ.
തൊഴിലാളി ക്ഷേമ നിധി ബോർഡിലേക്ക് ഓരോ തൊഴിലാളിയും ആറുമാസം തോറും നൽകേണ്ട അംശദായം നാലു രൂപയിൽനിന്ന് 45 രൂപയായും തൊഴിലുടമകളുടേത് എട്ടു രൂപയിൽ നിന്ന് 45 രൂപയായും വർധിപ്പിക്കാൻ വ്യവസ്ഥ ചെയ്യുന്നതാണ് കേരള തൊഴിലാളി ക്ഷേമനിധി (ഭേദഗതി) ബിൽ. ഓരോ തയ്യൽ തൊഴിലാളിയുടെയും പ്രതിമാസ അംശദായം 20 രൂപയിൽനിന്ന് 50 രൂപയായും ഓരോ തൊഴിലുടമയും അയാൾ നിയോഗിച്ച ഓരോ തൊഴിലാളിക്കും പ്രതിമാസം നൽകേണ്ട അംശദായം അഞ്ചു രൂപയിൽനിന്ന് 25 രൂപയായും വർധിപ്പിക്കാൻ കേരള തയ്യൽ തൊഴിലാളി ക്ഷേമനിധി ബില്ലിൽ വ്യവസ്ഥയുണ്ട്.
അഞ്ച് ബില്ലുകളും മന്ത്രി വി. ശിവൻകുട്ടിയാണ് അവതരിപ്പിച്ചത്.അംശദായം വർധിപ്പിക്കുന്നത് തൊഴിലാളിവിരുദ്ധ നടപടിയാണെന്നും ആനുകൂല്യങ്ങൾ വർധിപ്പിക്കാൻ സർക്കാർ ഒന്നും ചെയ്യുന്നില്ലെന്നും പ്രതിപക്ഷം ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."