ദീപ നേരിട്ടത് കടുത്ത മനുഷ്യാവകാശ ലംഘനം: സതീശൻ; ആവശ്യങ്ങൾ അംഗീകരിച്ചിട്ടും സമരം തുടരുന്നതെന്തിനെന്ന് മന്ത്രി രാധാകൃഷ്ണൻ
സ്വന്തം ലേഖകൻ
തിരുവനന്തപുരം
എം.ജി സർവകലാശാലയിൽ ജാതി വിവേചനത്തിനെതിരേ നിരാഹാര സമരം നടത്തുന്ന ഗവേഷക വിദ്യാർഥിനി ദീപ പി.
മോഹന് കടുത്ത മനുഷ്യാവകാശ ലംഘനവും ജാതി വിവേചനവുമാണ് നേരിടേണ്ടിവന്നതെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ നിയമസഭയിൽ.
വിദ്യാർഥിനി ജാതിപരമായ വിവേചനം നേരിട്ടിട്ടുണ്ടെന്ന് സർവകലാശാലയും കോടതിയും കണ്ടെത്തിയിട്ടും നടപടി എടുത്തില്ല. ഗവേഷണത്തിനു വേണ്ടി ലാബ് തുറന്നുകൊടുക്കാൻ പോലും ഹൈക്കോടതിയിൽ റിട്ട് നൽകേണ്ട ദുരവസ്ഥയാണ് കേരളത്തിൽ നിലനിൽക്കുന്നത്.
സർവകലാശാലയുടെ മനുഷ്യത്വരഹിതമായ നടപടികളെ തുടർന്ന് ജീവിതത്തിലെ ആറു വർഷമാണ് പെൺകുട്ടിക്ക് നഷ്ടമായതെന്നും അദ്ദേഹം സബ്മിഷനിൽ പറഞ്ഞു.
ദീപ നിരാഹാരം അവസാനിപ്പിക്കണമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രിക്കുവേണ്ടി മറുപടി പറഞ്ഞ മന്ത്രി കെ. രാധാകൃഷ്ണൻ ആവശ്യപ്പെട്ടു.
ഗവേഷണ കേന്ദ്രം ഡയരക്ടറെ മാറ്റണമെന്ന ആവശ്യം അംഗീകരിച്ചിട്ടും സമരവുമായി മുന്നോട്ടു പോകുന്നതിന്റെ താൽപര്യമെന്താണ്? ആദ്യം വിദ്യാർഥിനി ആവശ്യപ്പെട്ടത് നന്ദകുമാറിനെ ഗവേഷണ മേൽനോട്ടത്തിൽനിന്ന് മാറ്റണമെന്നായിരുന്നു.
എന്നാൽ ആ ആവശ്യത്തിൽനിന്ന് വിദ്യാർഥിനി മാറി. നന്ദകുമാറിനെ സർവിസിൽനിന്ന് മാറ്റണമെന്നാണ് ഇപ്പോഴത്തെ ആവശ്യം. സർവകലാശാലയുടെ നിയമമനുസരിച്ച് മാത്രമേ അതിനു കഴിയൂ.
നീതി ഉറപ്പാക്കണമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി വി.സിക്കു നിർദേശം നൽകിയിട്ടുണ്ട്. തടസ്സം കൂടാതെ ഗവേഷണം പൂർത്തിയാക്കാൻ സൗകര്യമൊരുക്കുമെന്ന് വൈസ് ചാൻസലർ ഉറപ്പുനൽകിയിട്ടുണ്ട്.
ജാതി വിവേചനം അന്വേഷിക്കും. കുറ്റവാളികൾക്കെതിരേ ശക്തമായ നടപടിയുണ്ടാകുമെന്നും ആരെയും സംരക്ഷിക്കില്ലെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."