അസ്‌ലം വധം: ഉദ്യോഗസ്ഥനെ മാറ്റിയത് അന്വേഷണം അട്ടിമറിക്കാനെന്ന് ചെന്നിത്തല
തിരുവനന്തപുരം: നാദാപുരത്തെ ലീഗ് പ്രവര്‍ത്തകനായ അസ്‌ലമിന്റെ കൊലപാതകക്കേസ് അട്ടിമറിക്കാനുള്ള സി.പി.എം ഗൂഢാലോചനയുടെ ഭാഗമായാണ് അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
കേസിന്റെ അന്വേഷണം സി.പി.എം നേതൃത്വത്തിലേക്ക് എത്തുമെന്ന് ഭയന്നാണ് അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയത്. പ്രതികളിലൊരാളെ ഒളിവില്‍ താമസിപ്പിച്ച കാസര്‍കോട് സ്വദേശിയായ ബ്രാഞ്ച് സെക്രട്ടറി അനില്‍കുമാറിന് ജാമ്യം നല്‍കിയതും കേസ് അട്ടിമറിക്കുന്നതിന്റെ ഭാഗമായാണ്.
രാഷ്ടീയ കൊലപാതകങ്ങളില്‍ കൃത്യമായി അന്വേഷണം നടത്തുകയും ഗൂഢാലോചനക്കാരെയടക്കം പിടിക്കുകയും ചെയ്തതിനാലാണ് യു.ഡി.എഫ് ഭരണകാലത്ത് രാഷ്ട്രീയ കൊലപാതകങ്ങളില്‍ കുറവുണ്ടായത്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം നിരവധി രാഷ്ട്രീയ കൊലപാതകങ്ങളാണ് അരങ്ങേറിയത്.
സി.പി.എം ഇടപെടലുകള്‍ മൂലം ഇവയൊന്നും സത്യസന്ധമായി അന്വേഷിക്കാന്‍ പൊലിസിന് കഴിയുന്നില്ല.
ക്രമസമാധാന ചുമതല പാര്‍ട്ടിയുടെ നിയന്ത്രണത്തില്‍ വരുന്നതിന്റെ പ്രത്യാഘാതമാണിത്. ഇത് ദൂരവ്യാപകമായ ഫലങ്ങള്‍ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."