മുല്ലപ്പെരിയാർ മരംമുറി അറിഞ്ഞില്ലെന്ന കേരളത്തിന്റെ വാദം പൊളിഞ്ഞു സംയുക്ത പരിശോധനയുടെ രേഖകൾ പുറത്ത്
തിരുവനന്തപുരം
മുല്ലപെരിയാർ അണക്കെട്ടിന്റെ ഭാഗമായ ബേബി ഡാമിനോടു ചേർന്നുള്ള മരങ്ങൾ മുറിക്കുന്നത് അറിഞ്ഞില്ലെന്ന സംസ്ഥാന സർക്കാരിന്റെ വാദം പൊളിഞ്ഞു.
മരങ്ങൾ മുറിക്കുന്നതിനു മുന്നോടിയായി ഇരുസംസ്ഥാനങ്ങളും പ്രദേശത്ത് സംയുക്ത പരിശോധന നടത്തിയതിന്റെ രേഖകൾ പുറത്തായി. മുല്ലപെരിയാർ മേൽനോട്ടസമിതിയുടെ 14ാം യോഗത്തോടനുബന്ധിച്ച് ജൂൺ 11നാണ് ഇരുസംസ്ഥാനങ്ങളിലെയും വനംവകുപ്പ് ഉദ്യോഗസ്ഥർ ബേബി ഡാമിൽ പരിശോധന നടത്തിയത്.പരിശോധനയ്ക്കു ശേഷം ചേർന്ന യോഗത്തിലാണ് മരംമുറിക്കാൻ തീരുമാനമെടുത്തത്. മുറിക്കേണ്ട മരങ്ങൾ ഏതെല്ലാമെന്ന് അറിയിക്കാനും മേൽനോട്ട സമിതി ആവശ്യപ്പെട്ടു.
കേരളത്തിലെ വനംവകുപ്പിന്റെ അനുമതി ലഭിക്കാൻ ഓൺലൈൻ വഴി അപേക്ഷ നൽകാനും നിർദേശിച്ചു. ഈ നിർദേശം കൊടുത്തകാര്യം കേന്ദ്ര ജലകമ്മിഷൻ ചീഫ് എൻജിനീയർ ഗുൽഷൻ രാജ് സെപ്റ്റംബർ മൂന്നിന് സംസ്ഥാന അഡീഷനൽ ചീഫ് സെക്രട്ടറി (ജലവിഭവം) ടി.കെ ജോസിനെ അറിയിച്ചു.
തമിഴ്നാട് ജലവകുപ്പിലെ കമ്പം എക്സിക്യൂട്ടിവ് എൻജിനീയർ നൽകിയ കത്തു പ്രകാരം ഈ മാസം ഒന്നിന് ടി.കെ ജോസിന്റെ ചേംബറിൽ ചേർന്ന യോഗമാണ് ബേബി ഡാമിനോട് ചേർന്ന 15 മരങ്ങൾ മുറിക്കാൻ തീരുമാനിച്ചത്.
മരങ്ങൾ മുറിക്കാൻ തമിഴ്നാട് ആവശ്യപ്പെട്ട കാര്യം പെരിയാർ ടൈഗർ റിസർവ് ഈസ്റ്റ് ഡിവിഷനിലെ ഡെപ്യൂട്ടി ഡയറക്ടർ ഒക്ടോബർ 30ന് അറിയിച്ചതിനു പിന്നാലെയായിരുന്നു ഈ യോഗം. 23 മരങ്ങൾ മുറിച്ചുമാറ്റാൻ അനുമതിവേണമെന്നായിരുന്നു തമിഴ്നാടിന്റെ ആവശ്യം. ഉപാധികളോടെയാണ് മരംമുറിക്കാൻ കേരളം അനുമതി നൽകിയത്. ബേബി ഡാം ബലപ്പെടുത്താനായി 15 മരങ്ങൾ മാത്രമെ മുറിക്കാവൂ, മുറിച്ച ശേഷം മരങ്ങൾ പെരിയാർ വന്യജീവിസങ്കേതത്തിൽനിന്ന് പുറത്ത് കൊണ്ടുപോകരുത് എന്നീ ഉപാധികളാണ് കേരളം വച്ചത്. ഏതൊക്കെ മരങ്ങളാണ് മുറിച്ചുമാറ്റേണ്ടതെന്ന് വ്യക്തമായി പറയുന്ന ഉത്തരവിൽ ബേബി ഡാമിന് താഴെയുള്ള 40 സെന്റ് ഭൂമി തമിഴ്നാട് പാട്ടത്തിന് എടുത്തതാണെന്ന് എടുത്തുപറയുന്നുമുണ്ട്. മൂന്നു മീറ്റർ മുതൽ ഏഴു മീറ്റർ വരെ ഉയരമുള്ള 15 മരങ്ങളുടെ പേരുകൾ ഉൾപ്പെടെ രേഖപ്പെടുത്തിയ ഉത്തരവ് ആറാം തിയതിയാണ് പുറത്തിറങ്ങിയത്. ഐ.എഫ്.എസ് ഉദ്യോഗസ്ഥരായ എ.പി സുനിൽബാബു (പെരിയാർ ടൈഗർ റിസർവ് ഡപ്യൂട്ടി ഡയറക്ടർ), ബെന്നിച്ചൻ തോമസ് (ഫോറസ്റ്റ് ആൻഡ് വൈൽഡ് ലൈഫ് പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ) എന്നിവരാണ് ഉത്തരവിൽ ഒപ്പുവച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."