റൂൾ കർവിൽ മാറ്റം വരുത്തണമെന്ന് കേരളം
ന്യൂഡൽഹി
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് നിശ്ചയിക്കുന്ന റൂൾ കർവ് പുനഃപരിശോധിക്കണമെന്ന് കേരളം സുപ്രിംകോടതിയിൽ.
തമിഴ്നാട് നിശ്ചയിച്ച അപ്പർ റൂൾ കർവ് പ്രകാരം നവംബർ 30ന് ജലനിരപ്പ് 142 അടിവരെയാകാമെന്നാണ് കണക്കാക്കിയിരിക്കുന്നത്. ഇത് മേൽനോട്ട സമിതി ഇടപെട്ട് പുനഃപരിശോധിക്കണമെന്നാണ് കേരളം സുപ്രിംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
മഴക്കാലത്ത് ഒന്നോ രണ്ടോ ദിവസം തുടർച്ചയായി മഴപെയ്താൽ അണക്കെട്ടിൽ അതിവേഗത്തിൽ വെള്ളം നിറയും. 2018, 2019 വർഷങ്ങളിൽ അതിവേഗത്തിൽ വെള്ളം നിറയുന്ന സാഹചര്യമുണ്ടായി.
കാലാവസ്ഥാ വ്യതിയാനം മൂലം കേരളത്തിൽ ക്രമരഹിതമായ മഴയാണുള്ളത്.
വലിയ തോതിൽ വെള്ളം നിറഞ്ഞാൽ അതു പെട്ടെന്ന് ഒഴുക്കിക്കളയാനുള്ള സംവിധാനം മുല്ലപ്പെരിയാറിനില്ല. ഇടയ്ക്കിടെ വെള്ളം തുറന്നുവിടുന്നത് ഇടുക്കി അണക്കെട്ടിനെയും ബാധിക്കുന്നു. പെട്ടെന്നുണ്ടാകുന്ന പ്രളയം താങ്ങാനുള്ള ശേഷി ഇടുക്കി അണക്കെട്ടിനില്ല.
നവംബർ അവസാനം അണക്കെട്ടിലെ ജലനിരപ്പ് 139 അടിയിൽ ഉയർത്തരുത്. സെപ്റ്റംബർ 20ന് അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി ഉയർത്താം എന്ന റൂൾ കർവിലെ നിർദേശം പുനഃപരിശോധിക്കണമെന്നും കേരളം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."