"മന്ത്രിമാർക്ക് ഹിന്ദി അറിയില്ല, മിസോ അറിയുന്ന ചീഫ് സെക്രട്ടറി മതി''
അമിത് ഷായോട് മിസോറം മുഖ്യമന്ത്രി
ഐസ്വാൾ
മന്ത്രിസഭയിലെ അംഗങ്ങൾക്ക് ഹിന്ദി അറിയില്ലെന്നും അതിനാൽ മിസോ സംസാരിക്കുന്ന ചീഫ് സെക്രട്ടറിയെ നിയമിക്കണമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായോട് മിസോറം മുഖ്യമന്ത്രി പു സൊറാംതാങ്. ഷായ്ക്ക് അയച്ച കത്തിലാണ് മിസോ മുഖ്യമന്ത്രിയുടെ ആവശ്യം.
ഈയിടെ മിസോറമിൽ പുതിയ ചീഫ് സെക്രട്ടറിയെ നിയമിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കിയിരുന്നു. ഇതിൽ മാറ്റം വരുത്തണമെന്നാണ് സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. തന്റെ സംസ്ഥാനത്തെ മന്ത്രിമാർക്ക് ആർക്കും ഹിന്ദി അറിയില്ല, പലർക്കും ഇംഗ്ലീഷ് പോലും അറിയില്ല.
അതിനാൽ മിസോ ഭാഷ അറിയാവുന്ന ആളെ ചീഫ് സെക്രട്ടറിയായി നിയമിക്കണം എന്നാണ് കത്തിൽ അഭ്യർഥിച്ചിരിക്കുന്നത്. മിസോ ഭാഷ അറിയാത്ത രേണു ശർമയെയാണ് കേന്ദ്രം ചീഫ് സെക്രട്ടറിയായി നിയമിച്ചത്. ഇദ്ദേഹത്തിനു പകരം മിസോ ഭാഷ അറിയാവുന്ന ജെ.സി രാംതംഗയെ നിയമിച്ചുകൊണ്ടുള്ള സംസ്ഥാന സർക്കാരിൻ്റെ നിയമന ഉത്തരവ് അംഗീകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. മിസോറം ചീഫ് സെക്രട്ടറിയായിരുന്ന ലാൽനുൻമാവിയ ചുവാഗോ വിരമിച്ച ശേഷം മണിപ്പൂർ കേഡറിൽ നിന്നുള്ള ജെ.സി രാംതംഗയെ ചീഫ് സെക്രട്ടറിയാക്കി സംസ്ഥാന സർക്കാർ ഉത്തരവിറക്കിയിരുന്നുവെന്നും കത്തിൽ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഹിന്ദി മാത്രം അറിയുന്ന ചീഫ് സെക്രട്ടറിയെ വേണ്ടെന്ന് നിലപാടിൽ ഉറച്ചു നിൽക്കുകയാണ് മിസോറം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."