കാലാവസ്ഥാ വ്യതിയാനം: രാജ്യങ്ങളുടെ വാഗ്ദാനം അപര്യാപ്തമെന്ന് വിദഗ്ധർ
കാലാവസ്ഥാ വ്യതിയാനം നേരിടുന്നതിന് ഗ്ലാസ്ഗോ ഉച്ചകോടിയിൽ ലോകരാജ്യങ്ങൾ നൽകിയ വാഗ്ദാനം പാലിച്ചാലും ഈ നൂറ്റാണ്ടിൽ ആഗോളതാപനം 2.4 ഡിഗ്രി സെൽഷ്യസിൽ കുറയില്ലെന്ന് വിദഗ്ധർ. ഇത് സുരക്ഷിതമായ അളവിലും കൂടുതലാണ്.
2030ഓടെ ഹരിതഗൃഹവാതക പുറന്തള്ളൽ കുറയ്ക്കാൻ യു.എൻ ഉച്ചകോടിയിൽ മുന്നോട്ടുവച്ച വാഗ്ദാനം 2100ൽ യു.എൻ ലക്ഷ്യമിട്ട താപനില കൈവരിക്കാൻ ഉതകില്ലെന്ന് ക്ലൈമാറ്റ് ആക്ഷൻ ട്രാക്കർ ചൂണ്ടിക്കാട്ടി. 2015ലെ പാരിസ് ഉടമ്പടിയിലാണ് ആഗോളതാപനം 1.5 ഡിഗ്രി സെൽഷ്യസിൽ നിലനിർത്താൻ ധാരണയായത്.
ഇതിൻ്റെ ഇരട്ടി മലിനീകരണം നടത്തുമെന്നാണ് ഗ്ലാസ്ഗോ ഉച്ചകോടിയിൽ വിവിധ രാജ്യങ്ങൾ വ്യക്തമാക്കിയത്.
2050ഓടെ ഹരിതഗൃഹ വാതകങ്ങൾ പുറന്തള്ളുന്നത് പൂർണമായും അവസാനിപ്പിക്കുമെന്നാണ് ചില രാജ്യങ്ങൾ ഉറപ്പുനൽകിയത്.
ഇത് പാലിച്ചാലും ഈ നൂറ്റാണ്ടിലെ ആഗോളതാപനം 1.8 ഡിഗ്രി സെൽഷ്യസിലെത്തും. എന്നാൽ, വാഗ്ദാനങ്ങൾ പാലിക്കപ്പെട്ടില്ലെങ്കിൽ ഇത് 2.7 ഡിഗ്രി സെൽഷ്യസിലെത്തുമെന്ന് സംഘടന മുന്നറിയിപ്പു നൽകി.
ആഗോള താപനം 1.5 ഡിഗ്രി സെൽഷ്യസിൽ നിൽക്കണമെങ്കിൽ കൽക്കരി, എണ്ണ, പ്രകൃതിവാതകം എന്നിവ കത്തിക്കുന്നതിലൂടെയുണ്ടാകുന്ന കാർബൺഡയോക്സൈഡ് മലിനീകരണം 2010ലെ അളവിൽ നിന്ന് 2030ഓടെ 45 ശതമാനമായി കുറയണം.
2050ഓടെ ഇത് തീരെ ഇല്ലാതാവുകയും വേണമെന്ന് ശാസ്ത്രജ്ഞർ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."