കോതമംഗലത്ത് വീട്ടമ്മയുടെ കൊലപാതകം ആസൂത്രിതമെന്ന് ; അയല്‍വാസികളായ അസം സ്വദേശികളെ ചോദ്യം ചെയ്ത് പൊലിസ്
കോതമംഗലം: കള്ളാട് 72 കാരിയായ വീട്ടമ്മയുടെ കൊലപാതകം ആസൂത്രിതമെന്ന് നിഗമനം. അയല്‍വാസികളായ മൂന്ന് അസം സ്വദേശികളെ പൊലിസ് ചോദ്യം ചെയ്തുവരുന്നു. മൃതദേഹം ഇന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തും.
എഴുപത്തിരണ്ടുകാരിയെ സാറാമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ നിലയിലാണ് കണ്ടെത്തിയത്. മോഷണശ്രമത്തിനിടെയുള്ള കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ വൈകീട്ടോടെയാണ് സാറമ്മയുടെ കൊലപാതകം പുറത്തറിഞ്ഞത്. സ്‌കൂള്‍ അധ്യാപികയായ മരുമകള്‍ ജോലി കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് ചോരയില്‍ കുളിച്ചുകിടക്കുന്ന സാറാമ്മയെ കണ്ടത്. ഉടന്‍ പൊലിസില്‍ വിവരമറിയിച്ചു.
തലയില്‍ കനമുള്ള വസ്തുകൊണ്ട് അടിച്ചതിന് സമാനമാണ് മുറിവ്. രക്തത്തില്‍ കുളിച്ചുകിടക്കുന്ന മൃതദേഹത്തിന് ചുറ്റും വീടിന്റെ പിന്‍വശത്തെ വാതില്‍പ്പടിയിലും മഞ്ഞള്‍പ്പൊടിയിട്ടിട്ടുണ്ട്. ഈ വാതില്‍വഴി അക്രമി അകത്തെത്തിയെന്നാണ് പൊലീസിന്റെ നിഗമനം. ഉച്ചയ്ക്ക് ഒരു മണിയോടെ അയല്‍വാസി സാറാമ്മയെ കണ്ടിരുന്നു. ഉച്ചയ്ക്ക് ഒന്നരയ്ക്കും മൂന്നരയ്ക്കുമിടയില്‍ കൊലപാതകം നടന്നുവെന്നാണ് കണക്കാക്കുന്നത്.
പൊലീസെത്തി നടത്തിയ പരിശോധനയില്‍ സാറാമ്മയുടെ കൈയിലുണ്ടായിരുന്ന നാല് വളകളും കഴുത്തില്‍ക്കിടന്ന മാലയും നഷ്ടപ്പെട്ടുവെന്ന് കണ്ടെത്തി.വിവരമറിഞ്ഞ് വലിയ ജനക്കൂട്ടവും വീടിന് ചുറ്റും തടിച്ചുകൂടി. അന്വേഷണത്തിനായി എറണാകുളം റൂറല്‍ എസ്.പി പ്രത്യേക സംഘത്തെ നിയോഗിച്ചു. ഫൊറന്‍സിക് വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."