HOME
DETAILS

ഒന്നും അറിയാത്ത സർക്കാർ

  
backup
November 11 2021 | 04:11 AM

563-1653-2

ടി.കെ ജോഷി
കേരളത്തിലെ ഒരു ഉറുമ്പിനു പോലും ഭക്ഷണം കൊടുക്കുന്ന കാര്യം താൻ അറിയുന്നുവെന്ന പ്രതീതി പൊതുസമൂഹത്തിലുണ്ടാക്കാൻ കഴിഞ്ഞ മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. സർക്കാരിൻ്റെ കാര്യക്ഷമതയുടെ അളവുകോലായിട്ടാണ് ഇതിനെ സി.പി.എമ്മും എൽ.ഡി.എഫും ഉയർത്തിക്കാട്ടിയിരുന്നത്. എന്നാൽ, അന്തർസംസ്ഥാന കരാറുമായി ബന്ധപ്പെട്ട തീരുമാനം താനോ വകുപ്പുമന്ത്രിയോ അറിയാതെ ഉദ്യോഗസ്ഥൻ ഒപ്പിട്ട് പുറത്തിറക്കിയത് മറ്റൊരു സംസ്ഥാന മുഖ്യമന്ത്രിയുടെ നന്ദി പ്രകാശന കത്തിലൂടെ അറിയേണ്ടിവന്ന മുഖ്യമന്ത്രിയായി പിണറായി (മുഖ്യമന്ത്രി വിഷയം നേരത്തെ അറിഞ്ഞിരുന്നുവെന്നത് സംബന്ധിച്ചുള്ള വാർത്തകൾ പുറത്തുവന്നിട്ടുണ്ടെങ്കിലും അദ്ദേഹം ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല). എന്തുകൊണ്ടാണ് മുഖ്യമന്ത്രിയോ മന്ത്രിമാരോ അറിയാതെ ഉദ്യോഗസ്ഥർ ഇത്തരത്തിൽ സുപ്രധാനമായ തീരുമാനങ്ങളിൽ വരെ ഒപ്പുവയ്ക്കുന്നത്. അതും ഇടതുപക്ഷത്തിന്റെയോ ജനപക്ഷത്തിന്റെയോ നയങ്ങളോടോ നിലപാടിനോടോ ചേർന്നുനിൽക്കാത്ത തീരുമാനങ്ങൾ.


ഒന്നാം പിണറായി സർക്കാരിൻ്റെ കാലത്ത് കേരള പൊലിസ് ആക്ടിൽ ഭേദഗതി (118 എ വകുപ്പ്) വരുത്താൻ നൽകിയ നിർദേശം ഏറെ വിവാദമായിരുന്നു. അഭിപ്രായസ്വാതന്ത്ര്യത്തെ പോലും ഹനിക്കുന്ന ഈ ഭേദഗതി ഒരു ഇടതുസർക്കാരിൻ്റെ നയങ്ങൾക്ക് വിരുദ്ധമായിട്ടും പ്രതിഷേധം മുഖവിലയ്ക്കെടുക്കാതെ സർക്കാർ മുന്നോട്ടുപോയി. ഏതാനും ഉദ്യോഗസ്ഥരുടെ ചിന്താമണ്ഡലത്തിൽ നിന്നുയർന്ന തീരുമാനമായിരുന്നുവത്രെ ഇത്. കനത്ത പ്രതിഷേധത്തെ തുടർന്ന് നിയമ ഭേദഗതിയിൽനിന്ന് സർക്കാർ പിന്നോട്ടുപോയെങ്കിലും ഭരണ തീരുമാനങ്ങളുടെ കടിഞ്ഞാൺ ഉദ്യോഗസ്ഥരുടെ കൈകളിലായതിന്റെ തെളിവായിരുന്നു ഈ ഭേദഗതിയും അതുയർത്തിയ വിവാദങ്ങളും.തീർന്നില്ല, സ്പ്രിംഗ്ലർ, നയതന്ത്ര സ്വർണക്കടത്തുമായി ബന്ധപ്പെട്ടുള്ള ഇടപെടലുകൾ, ആഴക്കടൽ മത്സബന്ധന കരാർ, മുട്ടിൽ മരംമുറി തുടങ്ങി ഒടുവിൽ മുല്ലപ്പെരിയാർ ഭീഷണിയിൽ കഴിയുന്ന 40 ലക്ഷം ജനങ്ങളുടെ 'സുരക്ഷ'യിൽ കോടാലിവയ്ക്കുന്ന തീരുമാനത്തിലും മന്ത്രിമാർ അറിയാതെ (അറിഞ്ഞോ?) ഉദ്യോഗസ്ഥൻ ഒപ്പുവച്ചിരിക്കുന്നു. പ്രതിപക്ഷത്തിന്റെ ജാഗ്രതയോടെയുള്ള പിന്തുടരൽ ഇല്ലായിരുന്നുവെങ്കിൽ ഉദ്യോഗസ്ഥ തീരുമാനത്തിൽ പലതും ഇന്നിവിടെ നിലനിൽക്കുമായിരുന്നു. സമൂഹമാധ്യമങ്ങളിൽ സർക്കാർ വിമർശനം പോലും അസാധ്യമാകുമായിരുന്നു.


വനംമന്ത്രിയോ മുഖ്യമന്ത്രിയുടെ ഓഫിസോ അറിയാതെയാണ് ഐ.എഫ്.എസ് ഉദ്യോഗസ്ഥനായ ബെന്നിച്ചൻ തോമസ് ബേബി ഡാമിലെ 15 മരങ്ങൾ മുറിക്കാൻ തമിഴ്നാടിന് അനുമതി നൽകിയെന്നാണ് സർക്കാർ വാദം. ഒരു ഐ.എഫ്.എസ് ഉദ്യോഗസ്ഥൻ മാത്രം വിചാരിച്ചാൽ പുറപ്പെടുവിക്കാൻ കഴിയുന്നതാണോ ഇത്തരമൊരു അന്തർസംസ്ഥാന ഉത്തരവ് എന്നാണ് കേരളം ഇപ്പോൾ ചർച്ച ചെയ്യുന്നത്. ഉത്തരവ് റദ്ദാക്കിയെന്നും ഉദ്യോഗസ്ഥന്റെ വീഴ്ചയാണെന്നും സർക്കാർ അവകാശപ്പെടുമ്പോഴും ഇതിന്റെ പിന്നിലെ ദുരൂഹത അവസാനിക്കുന്നില്ല. അതേസമയം, മുല്ലപ്പെരിയാറിൽ സംയുക്ത സമിതി പരിശോധന നടത്തിയില്ലെന്ന വകുപ്പു മന്ത്രി എ.കെ ശശീന്ദ്രന്റെ വാദം പൊളിയുകയും ചെയ്തതോടെ മരംമുറി ഉത്തരവിൽ അസ്വാഭാവികതയുണ്ടെന്ന എതിർപക്ഷ വാദത്തിന് കൂടുതൽ ബലം നൽകി യിരിക്കുകയാണ്. പിണറായി വിജയൻ മുഖ്യമന്ത്രിയായി തുടരുമ്പോൾ മുല്ലപ്പെരിയാർ പ്രശ്നം രമ്യമായി പരിഹരിക്കപ്പെടുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് തമിഴ്നാട്. ഇതിനു പിന്നാലെയാണ് ബേബി ഡാം ബലപ്പെടുത്താനുള്ള തമിഴ്നാടിന്റെ വർഷങ്ങളായുള്ള ആവശ്യം അനുവദിച്ചുകൊണ്ടുള്ള കേരളത്തിന്റെ ഉത്തരവും. ബേബി ഡാം ബലപ്പെടുത്താനുള്ള തമിഴ്നാട് നീക്കത്തിന് ഒരു സർക്കാർ ഉത്തരവിലൂടെ കേരളം പച്ചക്കൊടി കാട്ടിയാൽ മുല്ലപ്പെരിയാറിലെ പുതിയ ഡാം എന്ന ആവശ്യത്തിൽനിന്നുള്ള അകലം കൂടുകയാണ്. ഈ സാഹചര്യത്തിൽ മുല്ലപ്പെരിയാർ ഡാം വിഷയത്തിൽ സി.പി.എമ്മിന്റെ നിലപാടിൽ തമിഴ്നാട് രാഷ്ട്രീയവുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്നും പരിശോധിക്കപ്പെടേണ്ടതാണ്. സുപ്രിംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് സർക്കാർ നീങ്ങുന്നതെങ്കിൽ ശബരിമല വിഷയത്തിൽ ഇതേ സുപ്രിംകോടതി വിധി നടപ്പിലാക്കാനിറങ്ങിയ സർക്കാർ ഇപ്പോൾ എവിടെയെത്തി നിൽക്കുന്നവെന്ന് വീണ്ടും വീണ്ടും ഇത്തരം ഉത്തരവുകൾ ഇറക്കുന്ന മന്ത്രിയോ ഉദ്യോഗസ്ഥരോ ഓർക്കേണ്ടതുമാണ്.
ചർച്ച ചെയ്യേണ്ട വിഷയം ജനാധിപത്യ രീതിയിൽ തെരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാരിനെ നോക്കുകുത്തിയാക്കി ഉദ്യോഗസ്ഥരാണ് ഇത്തരം തീരുമാനമെടുക്കുന്നതെങ്കിൽ പിന്നെ ഒരു ജനകീയ സർക്കാരിന്റെ ആവശ്യമെന്താണെന്നതാണ്. ജനവിരുദ്ധ തീരുമാനമെങ്കിൽ സർക്കാർ തിരുത്തുമെന്ന് മുഖ്യമന്ത്രിയോ മന്ത്രിമാരോ ആവർത്തിക്കുമ്പോൾ, ഒരു ചോദ്യം ബാക്കിയാണ്. ആരാണീ സർക്കാർ? വില്ലേജ് ഓഫിസർമാർ തുടങ്ങി ചീഫ് സെക്രട്ടറി വരെയുള്ളവരും ഈ സർക്കാർ സംവിധാനത്തിന്റെ ഭാഗമല്ലേ? ഇവരുടെ തീരുമാനങ്ങൾ സർക്കാർ തീരുമാനങ്ങളല്ലേ?


കൊവിഡ് പ്രതിരോധത്തിനായി ടി.പി.ആർ നിരക്കിന്റെ മാത്രം അടിസ്ഥാനത്തിൽ കടകളും വ്യാപാര സ്ഥാപനങ്ങളും അടച്ചിടാൻ നിർദേശം നൽകിയപ്പോൾ വ്യാപാരികൾ തന്നെ അശാസ്ത്രീയത ചൂണ്ടിക്കാട്ടി പ്രതിഷേധവുമായി രംഗത്തു വന്നു. കടകൾ ഒന്നിടവിട്ട് തുറന്ന് തെരുവുകളിൽ അനിയന്ത്രിതമായ തിരക്കുണ്ടാക്കിയതും ഇതേ ഉത്തരവിന്റെ മറവിലാണ്. സർക്കാർ മദ്യവിൽപ്പന കേന്ദ്രങ്ങളെ നിയന്ത്രണങ്ങളിൽ നിന്നെല്ലാം ഒഴിവാക്കി. ഏതൊക്കെയോ ഉദ്യോഗസ്ഥർക്ക് മാത്രം തോന്നിയ ആശയങ്ങൾ എത്ര വേഗത്തിലാണ് ഒരു ഇടതുപക്ഷ സർക്കാരിന്റെ ഉത്തരവുകളിലൂടെ നാട്ടിൽ നടപ്പിലാക്കപ്പെട്ടത്. തലതിരിഞ്ഞ ഉത്തരവുകൾ ചോദ്യം ചെയ്യാൻ ഇറങ്ങിയവരെ പൊലിസിനെ ഉപയോഗിച്ച് അടിച്ചമർത്തി.


മുട്ടിൽ മരംമുറിയുടെ ഉത്തരവാദിത്വവും ഒടുവിൽ എത്തിയത് ഉദ്യോഗസ്ഥരുടെ ചുമലിൽ. ഉത്തരവുകൾ തിരുത്തുകയോ മരവിപ്പിക്കുകയോ റദ്ദ് ചെയ്യുകയോ മാത്രമാണ് മന്ത്രിമാരുടെയും മുഖ്യമന്ത്രിയുടെയും കടമയെന്ന നിലയിലേക്കാണോ കേരളം മാറുന്നത്. നയതന്ത്ര സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ അറസ്റ്റിലായപ്പോഴും ഇതു സംബന്ധിച്ചുള്ള വിവാദങ്ങൾ ഉയർന്നപ്പോഴും സർക്കാർ കൈമലർത്തി.
ഏറെ വിവാദമായതാണ് ആഴക്കടൽ മത്സ്യബന്ധന പദ്ധതി. പ്രതിപക്ഷ പ്രതിഷേധത്തെതുടർന്ന് പദ്ധതിയിൽ നിന്ന് ഒന്നാം പിണറായി സർക്കാരിന് പിന്നോട്ടുപോകേണ്ടി വന്നുവെങ്കിലും ഇതും ഉദ്യോഗസ്ഥരുടെ 'അവിഹിത' ഇടപെടലായി ചിത്രീകരിച്ചു സർക്കാർ. ചീഫ് സെക്രട്ടറിയും മുഖ്യമന്ത്രിയും അറിയാതെ ഇത്തരം ഒരു കരാറിൽ ഒപ്പിടാനാകുമോയെന്ന ചേദ്യത്തിന് ഇനിയും പൊതുസമൂഹത്തിന് ഉത്തരം ലഭിച്ചിട്ടില്ല.


ഏറ്റവും ഒടുവിൽ മുല്ലപ്പെരിയാർ ബേബി ഡാമിലെ 15 മരങ്ങൾ മുറിക്കാനുള്ള ഉദ്യോഗസ്ഥർ തമിഴ്നാടിന് നൽകിയ അനുമതി മന്ത്രിസഭ ചേർന്ന് റദ്ദാക്കിയിരിക്കുകയാണ്. മരങ്ങൾ മുറിയ്ക്കാൻ അനുമതി നൽകിയതിൽ നന്ദി അറിയിച്ചുകൊണ്ടുള്ള തമിഴ്നാട് മുഖ്യമന്ത്രിയുടെ കത്ത് കേരളാ മുഖ്യമന്ത്രിക്ക് കിട്ടിയില്ലായിരുന്നുവെങ്കിൽ 'മുല്ലപ്പെരിയാറിൽ' എന്തെല്ലാം സംഭവിക്കുമായിരുന്നു. ഇവിടെ നടക്കുന്നത് ഉദ്യോഗസ്ഥ ഭരണമാണോ? പിന്നെ എന്തിനാണ് മുഖ്യമന്ത്രി? മുഖ്യമന്ത്രി ഒന്നും അറിഞ്ഞില്ലെങ്കിൽ ആ കസേരയിൽ ഇരിക്കുന്ന അദ്ദേഹത്തിന്റെ റോൾ എന്താണ്? ഇതൊക്കെയാണ് ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് പ്രതിപക്ഷം നിരന്തരം ചോദിച്ചിരുന്നത്.പിണറായിയുടെ രണ്ടാം സർക്കാരിന്റെ കാലത്തും ഇതേ ചോദ്യം വീണ്ടും പ്രതിപക്ഷം ആവർത്തിക്കുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബൂദബി ഗ്രാന്‍ ഫോണ്ടോ; യുഎഇയില്‍ ഗതാഗത നിയന്ത്രണം

uae
  •  a month ago
No Image

മൂന്ന് ജില്ലകളില്‍ മണിക്കൂറില്‍ 40 കിലോമീറ്ററില്‍ കൂടുതല്‍ വേഗതയില്‍ കാറ്റിന് സാധ്യത; എട്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് 

Kerala
  •  a month ago
No Image

വയനാട് ദുരന്തം; ചൊവ്വാഴ്ച വയനാട്ടില്‍ എല്‍ഡിഎഫ് യുഡിഎഫ് ഹര്‍ത്താല്‍

Kerala
  •  a month ago
No Image

രൂപയുടെ ഇടിവ്; പ്രവാസികള്‍ക്ക് നാട്ടിലേക്ക് പണം അയയ്ക്കാന്‍ നല്ല സമയം

uae
  •  a month ago
No Image

കണ്ണൂരില്‍ ബസ് അപകടത്തില്‍ മരിച്ച അഭിനേതാക്കളുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ചു

Kerala
  •  a month ago
No Image

ഇല്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നു: ഇപിയുടെ പുസതക വിവാദം പാര്‍ട്ടിയെ ബാധിച്ചിട്ടില്ലെന്ന് എം.വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

'തന്നെ തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്'; ആത്മകഥ വിവാദത്തിന് പിന്നില്‍ ഗൂഢാലോചനയെന്ന് ആവര്‍ത്തിച്ച് ഇ.പി ജയരാജന്‍

Kerala
  •  a month ago
No Image

മുനമ്പം: പഴയ ചരിത്രത്തിലേക്ക് പോയാല്‍ ഏറ്റവും ബുദ്ധിമുട്ടുണ്ടാകുക ഇടതുപക്ഷത്തിന്- കുഞ്ഞാലിക്കുട്ടി, വിഷയം വര്‍ഗീയ വിഭജനമുണ്ടാക്കാന്‍ ഉപയോഗിക്കരുത് 

Kerala
  •  a month ago
No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

ആള്‍നഷ്ടം മാനഹാനി.. വെടിനിര്‍ത്തല്‍ നിര്‍ദ്ദേശവുമായി വീണ്ടും യു.എസ്;  ലബനാനില്‍ ഒരു ഇസ്‌റാഈല്‍ സൈനികന്‍ കൂടി കൊല്ലപ്പെട്ടു, മറ്റൊരാള്‍ ഗുരുതരാവസ്ഥയില്‍

International
  •  a month ago