മുല്ലപ്പെരിയാറിൽ സംസ്ഥാനത്തെ വഞ്ചിക്കുന്ന സർക്കാർ
മുല്ലപ്പെരിയാർ വിഷയത്തിൽ കേരള സർക്കാരിൻ്റെ ഇരട്ടമുഖം കഴിഞ്ഞ ദിവസം വ്യക്തമായി. സംസ്ഥാനത്തിന്റെ താൽപര്യത്തിനൊപ്പം നിൽക്കുന്നു എന്ന പ്രതീതിയുണ്ടാക്കി തമിഴ്നാടിന്റെ ആവശ്യങ്ങൾ അംഗീകരിച്ചു കൊടുക്കുന്ന ഭരണകൂടത്തിന്റെ ചതിയാണ് പുറത്തുവന്നത്. ബേബി ഡാമിന് സമീപം മരം മുറിക്ക് അനുമതി നൽകിയ പ്രദേശത്ത് കേരളവും തമിഴ്നാടും സംയുക്ത പരിശോധന നടത്തിയിട്ടില്ലെന്നായിരുന്നു തിങ്കളാഴ്ച വനം മന്ത്രി എ.കെ ശശീന്ദ്രൻ നിയമ സഭയിൽ പറഞ്ഞത്. ചൊവ്വാഴ്ച നേരത്തെ പറഞ്ഞതെല്ലാം വിഴുങ്ങിയ മന്ത്രി സംയുക്തപരിശോധന നടന്നിട്ടുണ്ടെന്ന് മാറ്റിപ്പറഞ്ഞു. സംയുക്ത പരിശോധന നടന്നതിന്റെ രേഖകൾ പുറത്തുവന്നതിനെത്തുടർന്നായിരുന്നു മന്ത്രിക്ക് താൻ നേരത്തെ പറഞ്ഞതെല്ലാം അപ്പാടെ വിഴുങ്ങേണ്ടിവന്നത്. സഭയെ തിങ്കളാഴ്ച മന്ത്രി തെറ്റിദ്ധരിപ്പിച്ചതിൽ നിന്ന് മനസിലാകുന്നത്, തന്റെ വകുപ്പിൽ എന്തൊക്കെയാണ് നടക്കുന്നതെന്ന് അദ്ദേഹം അറിയുന്നില്ലെന്നാണ്. മുല്ലപ്പെരിയാർ നദീജല പ്രശ്നവുമായി ബന്ധപ്പെട്ട ഫയൽ താൻ കാണേണ്ടതില്ലെന്നാണ് മന്ത്രി പിന്നീട് പറഞ്ഞത്. വനം മന്ത്രിയായ അദ്ദേഹം ബേബി ഡാമിൽ മരം മുറിക്കുന്നത് അറിയേണ്ടതായിരുന്നില്ലേ. വനം വകുപ്പിന്റെ അനുമതി കിട്ടാതെ എങ്ങിനെയാണ് തമിഴ്നാട് മരം മുറിക്കുക. മന്ത്രി എ.കെ ശശീന്ദ്രൻ ഒന്നും അറിയുന്നില്ല എങ്കിലും അദ്ദേഹം ന്യായീകരിച്ച് സംസാരിച്ചു കൊണ്ടിരിക്കുന്നു. മുഖ്യമന്ത്രിക്ക് എല്ലാം അറിയാം. എങ്കിലുമദ്ദേഹം മൗനത്തിന്റെ വാത്മീകത്തിൽ നിന്നു പുറത്തുവരുന്നുമില്ല. കൃഷി മന്ത്രി കെ. കൃഷ്ണൻ കുട്ടിയാകട്ടെ, ഭൂകമ്പം ഉണ്ടാകണം മുല്ലപ്പെരിയാർ പൊട്ടാനെന്ന നിഗമനത്തിലുമാണ്. തമിഴ്നാട് - കേരള ജല വിഭവ സെക്രട്ടറിമാർ സെപ്റ്റംബർ 17 ന് ചേർന്ന വിഡിയോ കോൺഫറൻസിൽ എടുത്ത തീരുമാനമാണ് ബേബി ഡാമിന് മുമ്പിലെ 15 മരങ്ങൾ മുറിച്ചു മാറ്റുക എന്നത്. ഇത് സംബന്ധിച്ച് അന്തർസംസ്ഥാന നദീജല വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയുടെ ഓഫിസിനും വനം - ജലവിഭവ മന്ത്രിമാരുടെ ഓഫിസിനും അറിവുണ്ടായിരുന്നു. എന്നിട്ടും ഒന്നുമറിഞ്ഞില്ലെന്ന് പറഞ്ഞ് പൊതുജനത്തിനു മുമ്പിൽ നാടകം കളിക്കുകയായിരുന്നു. ജൂണിൽ തമിഴ്നാട് - കേരള പ്രതിനിധികൾ ബേബി ഡാമിൽ സംയുക്ത സന്ദർശനം നടത്തിയത് മന്ത്രി എ.കെ ശശീന്ദ്രന് അറിയാം. എന്നാൽ മരം മുറി മാത്രം അദ്ദേഹം അറിയാതെ പോയത് മറിമായം തന്നെയായിരിക്കണം.
കണ്ടില്ല, അറിഞ്ഞില്ല എന്ന് പറഞ്ഞ് ജനങ്ങളെ വഞ്ചിക്കുകയായിരുന്നു സർക്കാർ. സാധാരണ നിലയിൽ വരുന്ന ഒരു സാങ്കേതിക പിഴവല്ല ഇത്. വർഷങ്ങളായി സംസ്ഥാനം തുടർന്ന് വരുന്ന നയത്തിൽ വെള്ളം ചേർക്കലാണ്. 'കേരളത്തിന് സുരക്ഷ തമിഴ്നാടിന് വെള്ളം', അതിനായി പുതിയ ഡാം എന്നാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചു പോരുന്ന നയം. തമിഴ്നാട് സർക്കാരാകട്ടെ ബേബി ഡാം ശക്തിപ്പെടുത്തിയാൽ മതിയെന്നും അതിനായി സമീപത്തെ മരങ്ങൾ മുറിച്ച് മാറ്റണമെന്ന നിലപാടിലും. മരങ്ങൾ മുറിച്ച് മാറ്റാനുള്ള അനുമതി നൽകേണ്ടത് കേന്ദ്ര വനം - പരിസ്ഥിതി മന്ത്രാലയമാണെന്ന വാദമുയർത്തി തമിഴ്നാടിന്റെ ആവശ്യത്തിന് പ്രതിരോധം തീർത്ത് വരികയായിരുന്നു സംസ്ഥാന സർക്കാർ ഇന്നലെ വരെ. ഇന്ന് സ്ഥിതിയാകെ മാറി. കേന്ദ്ര വനം - പരിസ്ഥിതി മന്ത്രാലയം ഇതുവരെ ബേബി ഡാമിലെ മരം മുറിക്കാൻ അനുമതി നൽകിയിട്ടില്ല. മരം മുറിക്കാൻ അനുവദിച്ചുകൊണ്ട് കേരളം നൽകിയ കത്തുകൾ തമിഴ്നാട് ജലവിഭവ വകുപ്പ് മന്ത്രി ദൊരൈ മുരുഗൻ കഴിഞ്ഞ ദിവസം പുറത്ത് വിടുകയും ചെയ്തു. എന്നിട്ടും തമിഴ്നാട് മരം മുറിക്കാൻ ഒരുങ്ങിയതും കേരളം അതറിഞ്ഞതും തമിഴ്നാട് മുഖ്യമന്ത്രിയുടെ അഭിനന്ദന കത്ത് കിട്ടിയപ്പോഴാണെന്ന് പറഞ്ഞ് സ്വന്തം ജനതയെ ചതിക്കുകയായിരുന്നു ഇടത് മുന്നണി സർക്കാർ.
യു.ഡി.എഫ് ഭരിച്ചപ്പോൾ മുല്ലപ്പെരിയാറിന് വേണ്ടി കൊച്ചി മുതൽ മുല്ലപ്പെരിയാർ വരെ മനുഷ്യച്ചങ്ങല തീർത്ത പാർട്ടിയാണ് സി.പി.എം. അങ്ങനെയുള്ള ഒരു പാർട്ടി നേതൃത്വം നൽകുന്ന ഭരണകൂടത്തിന് എങ്ങനെയാണ് ഈ വിധം കേരളീയ സമൂഹത്തെ വഞ്ചിക്കാൻ കഴിയുക. മന്ത്രിമാർ അറിയാതെ മരം മുറി തീരുമാനം ഉണ്ടാവില്ലെന്ന് തമിഴ്നാട് ജലസേചന മന്ത്രി ദൊരൈ മുരുഗനും കഴിഞ്ഞ ദിവസം പറയുകയുണ്ടായി. കേരളത്തിന്റെ സുരക്ഷിതത്വം ഉറപ്പുവരുത്തേണ്ട സർക്കാരാണ് ബേബി ഡാം ശക്തിപ്പെടുത്താനുള്ള തമിഴ്നാട് സർക്കാർ താൽപര്യത്തിനൊപ്പം നിൽക്കാൻ തീരുമാനിച്ചിരുന്നത്. ബേബി ഡാം ശക്തിപ്പെടുത്തുന്നതോടെ പുതിയ ഡാം എന്ന സംസ്ഥാനത്തിന്റെ ചിരകാല ആവശ്യമായിരിക്കും നിരാകരിക്കപ്പെടുക. ഫലമോ അഞ്ച് ജില്ലകളിലെ മനുഷ്യർ മുല്ലപ്പെരിയാർ ഡാം ഏത് നിമിഷവും തകർന്നേക്കാം എന്ന ഭീതിയിൽ ദിനങ്ങൾ തള്ളിനീക്കേണ്ടിവരും.
മൂന്നരക്കോടി ജനങ്ങൾക്കൊപ്പം നിൽക്കേണ്ട സംസ്ഥാന സർക്കാർ തമിഴ്നാടിൻ്റെ താൽപര്യത്തിന് മുമ്പിൽ അത്തരമൊരു ഉത്തരവാദിത്വമാണ് അടിയറവയ്ക്കുന്നത്.ബേബി ഡാം ശക്തിപ്പെടുത്തുന്നതോടെ 152 അടിയിലേക്ക് വെള്ളം ഉയർത്തുക എന്ന തമിഴ്നാട് ആവശ്യമായിരിക്കും അംഗീകരിക്കപ്പെടുക. ജനങ്ങൾ അതോടെ കൂടുതൽ ഭീതിയിലാവുകയും ചെയ്യും.
മുല്ലപ്പെരിയാർ ഡാം സംബന്ധിച്ച് കോടതിയിൽ നടന്നുകൊണ്ടിരിക്കുന്ന കേസിനെയും സംസ്ഥാനത്തിന്റെ താൽപര്യത്തെയും ബാധിക്കുന്നതാണ് സർക്കാരിന്റെ ഇരട്ട മുഖം. രണ്ട് സംസ്ഥാനങ്ങൾ തമ്മിലുള്ള നദീജല തർക്കമെന്നതിൽ നിന്നു അപ്പുറത്തേക്ക് വളർന്നു കൊണ്ടിരിക്കുന്ന ഒരു പ്രശ്നത്തെ വളരെ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ടതുണ്ട്. മരം മുറിക്കാനുള്ള തീരുമാനം ഏതാനും ഉദ്യോഗസ്ഥർ ചേർന്നെടുത്തു എന്ന് പറയുന്നത് ആരെ വിശ്വസിപ്പിക്കാനാണ്? രണ്ട് സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരാണ് ഈ വിഷയം കൈകാര്യം ചെയ്യുന്നത്. അതിന്റെ തുടർ ചർച്ചക്കാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഡിസംബറിൽ തമിഴ്നാട് മുഖ്യമന്ത്രിയെ കാണുന്നത്.
സർക്കാർ തീരുമാനത്തിനെതിരേ ശക്തമായ പ്രതിഷേധം ഉയർന്നതിനെ തുടർന്ന് മരം മുറിക്കാൻ തമിഴ്നാടിന് അനുമതി നൽകിയ ഉത്തരവ് ഒടുവിൽ റദ്ദാക്കിയിരിക്കുകയാണ്. ഇന്നലെ നടന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. മരങ്ങൾ മുറിച്ചു മാറ്റുന്നതിനു കഴിഞ്ഞ വെള്ളിയാഴ്ച ഉത്തരവു പുറപ്പെടുവിച്ച സംസ്ഥാന വനം വകുപ്പ് ചീഫ് വൈൽഡ്‌ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസിനെ സർവിസിൽനിന്ന് സസ്പെൻഡ് ചെയ്തിട്ടുണ്ട്. സംസ്ഥാന സർക്കാരിനെതിരേ പ്രതിഷേധം ഉയരാതിരിക്കുകയും മരംമുറിക്കാനുള്ള അനുമതി ഉത്തരവ് പൊതുജനശ്രദ്ധയിൽപ്പെടാതിരിക്കുകയും ചെയ്തിരുന്നെങ്കിൽ വീണ്ടുവിചാരമില്ലാത്ത സർക്കാർ തീരുമാനം യഥാർഥത്തിൽ ഗുണം ചെയ്യുക തമിഴ്നാടിൻ്റെ വാദങ്ങൾക്കായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."