മുഖ്യമന്ത്രിക്ക് സമാശ്വാസമായി കോടിയേരിയുടെ മടങ്ങിവരവ്
സുരേഷ് മമ്പള്ളി
കണ്ണൂർ
സി.പി.എം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണൻ തിരിച്ചെത്തുമ്പോൾ ഏറെ ആശ്വാസം മുഖ്യമന്ത്രി പിണറായി വിജയനുതന്നെ. ആരോഗ്യപ്രശ്നങ്ങളും മകന്റെ പേരിൽ ഉയർന്ന വിവാദങ്ങളുമൊക്കെയാണ് സംസ്ഥാന സെക്രട്ടറി കസേരയിൽനിന്ന് താൽക്കാലികമായെങ്കിലും മാറിനിൽക്കാൻ കോടിയേരിയെ നിർബന്ധിതനാക്കിയത്. ആക്ടിങ് സെക്രട്ടറിയായി പകരം എ.വിജയരാഘവൻ എത്തിയെങ്കിലും അനവസരത്തിലുള്ള പരാമർശങ്ങളും നാക്കുപിഴകളും പാർട്ടിക്കുപലപ്പോഴും തലവേദനയായി.
കോൺഗ്രസ് നേതാക്കളായ ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും പാണക്കാട്ട് പോയത് നൽകുന്ന സന്ദേശമെന്താണെന്ന വിജയരാഘവന്റെ ചോദ്യമാണ് നിയമസഭാ തെരഞ്ഞെടുപ്പു സമയത്ത് സി.പി.എമ്മിന് ഏറെ തലവേദനയുണ്ടാക്കിയത്. പാണക്കാട് പരാമർശത്തിന് ഏറെ കരുതലോടെയാണ് പിണറായി പ്രതികരിച്ചത്.ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനർഥി രമ്യ ഹരിദാസിനെതിരേയുള്ള അശ്ലീല പരാമർശവും പാർട്ടിക്ക് നാണക്കേടായി.ഒന്നാം പിണറായി മന്ത്രിസഭയിൽ രണ്ടാമനായിരുന്ന ഇ.പി ജയരാജന്റെ പേരിലുയർന്ന ബന്ധുനിയമന വിവാദത്തെ തുടർന്ന് ഇ.പിക്ക് മന്ത്രിക്കസേര വിട്ടിറങ്ങേണ്ടിവന്നത് കണ്ണൂരിലെ സി.പി.എമ്മിൽ അസ്വാരസ്യങ്ങളുയർത്തി. ആരോപണസമയത്ത് മുഖ്യമന്ത്രി കൈവിട്ടെന്ന പരിഭവം ഇ.പി.ജയരാജനും ബന്ധു പി.കെ ശ്രീമതിയും രഹസ്യമായെങ്കിലും അടുപ്പക്കാരുമായി പങ്കുവച്ചിരുന്നു. മന്ത്രിസഭയിൽ പിന്നീട് ഇ.പി തിരിച്ചെത്തിയെങ്കിലും പഴയ ഇഴയടുപ്പം മുഖ്യമന്ത്രിയുമായുണ്ടായില്ല. കോടിയേരി തിരിച്ചുവരാനിടയില്ലെങ്കിൽ സംസ്ഥാന സെക്രട്ടറി കസേരയെന്ന പ്രതീക്ഷ ഇ.പിക്കുണ്ടായിരുന്നു. പുറമേക്കു കാണാനില്ലെങ്കിലും ഉള്ളിൽ തുടരുന്ന അകൽച്ച കാരണം ഇ.പി ജയരാജന്റെ ആഗ്രഹത്തിനു തടയിടാൻ കോടിയേരിയുടെ മടങ്ങിവരവിലൂടെ മുഖ്യമന്ത്രിക്ക് കഴിഞ്ഞു എന്നതും കാണാതിരുന്നുകൂടാ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."