ഗോഡ്സെ ആര്.എസ്.എസിന്റെ ആയുധം: പിണറായി വിജയന്
വാടാനപ്പള്ളി: മഹാത്മാഗാന്ധിയെ വെടിവച്ചുകൊന്ന ഗോഡ്സെ ആര്.എസ്.എസിന്റെ ആയുധമാണെന്നും അവര്‍ ചാതുര്‍വര്‍ണ്യത്തിന്റെ വക്താക്കളാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്. പൊക്കുളങ്ങരയില്‍ കൊല്ലപ്പെട്ട സി.പി.എം പ്രവര്‍ത്തകനായ ചെമ്പന്‍ ശശികുമാറിന്റെ കുടുബസഹായ ഫണ്ട് കൈമാറിയശേഷം പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി. നാട്ടില്‍ സമാധാനം ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന ആര്.എസ്.എസ് - ബി.ജെ.പി ശക്തികളുടെ മുന്നേറ്റങ്ങള്‍ക്ക് തടസം സി.പി.എം ആണ്. സി.പി.എമ്മിന്റെ ഈ മുന്നേറ്റം ഇല്ലാതാക്കാന്‍ വേണ്ടിയാണ് ബി.ജെ.പി - ആര്.എസ്.എസ് പ്രവര്‍ത്തകര്‍ സി.പി.എം പ്രവര്‍ത്തകരെ കൊലപ്പെടുത്തുന്നതെന്നും പിണറായി വിജയന് പറഞ്ഞു. ആളുകളെ എത്രയും പെട്ടെന്ന് എങ്ങനെ കൊലപ്പെടുത്താം എന്ന് പരിശീലനം നല്കുന്ന പാര്‍ട്ടിയാണ് ആര്.എസ്.എസ് എന്നും പിണറായി വിജയന് കൂട്ടിചേര്‍ത്തു.
സി.പി.എം നാട്ടിക ഏരിയാ കമ്മിറ്റി സമാഹരിച്ച ഇരുപത്തിയൊന്ന് ലക്ഷം രൂപയുടെ ഫണ്ടാണ് കൈമാറിയത്. ശശികുമാറിന്റെ പിതാവ് കൃഷ്ണന്‍കുട്ടിക്കും മാതാവ് ഭവാനിക്കും രണ്ട്ലക്ഷം രൂപ വീതവും ഭാര്യ അംബികാസുനിക്ക് മൂന്ന് ലക്ഷം രൂപയും മക്കളായ അഞ്ജനക്കും തേജശ്രീക്കും ഏഴുലക്ഷം രൂപയുടേയും ചെക്ക് കൈമാറി. കഴിഞ്ഞ മെയ് 24ന് ബി.ജെ.പി പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ പരുക്കേറ്റു ചികിത്സയിലിരിക്കേയാണ് ചെമ്പന്‍ വീട്ടില്‍ ശശികുമാര്‍ മരിച്ചത്. ജില്ലാ കമ്മിറ്റി അംഗം കെ.വി പീതാംബരന് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ രാധാകൃഷ്ണന്, സഹകരണ ടൂറിസം മന്ത്രി എ.സി മൊയ്തീന്, എം.എല്‍.എമാരായ കെ.വി അബ്ദുല്‍ഖാദര്‍, അരുണന് മാസ്റ്റര്‍, സംസ്ഥാന സമിതി അംഗം എന്‍.ആര് ബാലന്, എം.എം വര്‍ഗീസ്, ജില്ലാ പഞ്ചായത്ത് അംഗം മഞ്ജുള അരുണന് പ്രസംഗിച്ചു. ചടങ്ങില്‍ നാട്ടിക ഏരിയാ കമ്മിറ്റിയുടെ പരിധിയില്‍ രക്തസാക്ഷികളായ പതിമൂന്ന് കുടുബാംഗങ്ങളേയും ആദരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."