സ്വാശ്രയ കോളജ് ജീവനക്കാരുടെ നിയമന, സേവന വ്യവസ്ഥ: ബിൽ പാസായി
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വാശ്രയ കോളജുകളിലെ അധ്യാപക അനധ്യാപക ജീവനക്കാരുടെ നിയമനത്തിനും സേവനത്തിനും വ്യവസ്ഥകളുള്ള 2021ലെ കേരള സ്വാശ്രയ കോളജ് അധ്യാപക, അനധ്യാപക ജീവനക്കാർ (നിയമനവും സേവന വ്യവസ്ഥകളും) ബിൽ നിയമസഭ പാസാക്കി.
സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിലിൻ്റെ ശുപാർശയനുസരിച്ചാണ് സർക്കാർ ഈ വിഷയത്തിൽ നിയമനിർമാണത്തിലേക്ക് കടന്നത്. സ്വാശ്രയ വിദ്യാഭ്യാസ മേഖലയിൽ ജീവനക്കാർ നേരിടുന്ന ചൂഷണങ്ങൾക്ക് ഒരു പരിധിവരെ പരിഹാരം കാണുന്ന വ്യവസ്ഥകളാണ് ബില്ലിലുള്ളത്. സ്വാശ്രയ കോളജുകളിലെ അധ്യാപകരുടെയും അനധ്യാപകരുടെയും തൊഴിൽ ദിനങ്ങൾ, ജോലിസമയം എന്നിവ സർക്കാർ, എയ്ഡഡ് കോളജുകളിലേതിന് സമാനമായിരിക്കണം. സർക്കാർ, എയ്ഡഡ് കോളജുകളിലെ ജീവനക്കാർക്കുള്ള പൊതു അവധി, ആക്സമിക അവധി, പ്രസവാവധി എന്നിവ സ്വാശ്രയ കോളജുകളിലെ ജീവനക്കാർക്കും ബാധമാകായിരിക്കും.
നിയമിക്കപ്പെടുമ്പോൾ തന്നെ കോളജ് മാനേജ്മെൻ്റുമായി തസ്തിക, ശമ്പള സ്കെയിൽ, ഇൻക്രിമെൻ്റ്, ഗ്രേഡ്, പ്രമോഷൻ, നിയമന കാലയളവ്, അധികസമയ ജോലി എന്നിവ സംബന്ധിച്ച് കരാറുണ്ടാക്കണം.
ഒഴിവുകളിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചുകൊണ്ട് ബന്ധപ്പെട്ട കോളജ് വിജ്ഞാപനമിറക്കണം.
ശേഷം അപേക്ഷകൾ പരിശോധിച്ച് റാങ്ക് ലിസ്റ്റ് തയാറാക്കിയായിരിക്കണം നിയമനം. നിയമിക്കപ്പെടുന്നവരെ പി.എഫിലും ഇൻഷുറൻസ് പദ്ധതിയിലും അംഗമാക്കണം. നിലവിൽ ജോലിയിൽ തുടരുന്നവർ അംഗങ്ങളല്ലെങ്കിൽ ആറു മാസത്തിനകം അതിനുള്ള നടപടികൾ സ്വീകരിക്കണം.
കോളജ് മാനേജ്മെൻ്റിൻ്റെ അച്ചടക്ക നടപടികളിൽ പരാതിയുണ്ടെങ്കിൽ ആ കോളജ് അഫിലിയേറ്റ് ചെയ്ത സർവകാലാശാലയിൽ അപ്പീൽ നൽകാമെന്നും ബില്ലിൽ വ്യവസ്ഥ ചെയ്യുന്നു. ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവിന് പകരം മന്ത്രി കെ. രാധാകൃഷ്ണനാണ് ബിൽ അവതരിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."