ഹജ്ജ് എംബാർക്കേഷൻ പോയിന്റ് പുനഃസ്ഥാപിക്കാൻ കേന്ദ്ര മന്ത്രിമാരെ നേരിൽ കാണുമെന്ന് മന്ത്രി
തിരുവനന്തപുരം
കരിപ്പൂർ വിമാനത്താവളത്തിൽ ഹജ്ജ് എംബാർക്കേഷൻ പോയിന്റ് പുനഃസ്ഥാപിക്കാൻ കേന്ദ്ര ന്യൂനപക്ഷ മന്ത്രിയെയും വ്യോമയാന മന്ത്രിയെയും നേരിൽ കണ്ട് ആവശ്യമുന്നയിക്കുമെന്ന് മന്ത്രി വി. അബ്ദുറഹ് മാൻ നിയമസഭയെ അറിയിച്ചു.
ഇതുമായി ബന്ധപ്പെട്ട് മറ്റു നടപടികൾ ആലോചിക്കാൻ ഹജ്ജ് കമ്മിറ്റിയുടെ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. ഹജ്ജ് ഹൗസിൽ കൂടുതൽ സൗകര്യമേർപ്പെടുത്തുന്നതിന്റെ ഭാഗമായി നിലവിലുള്ള ഹജ്ജ് ഹൗസിനു പുറമെ 32,000 സ്ക്വയർ ഫീറ്റ് ഏരിയയുള്ള പുതിയ ബിൽഡിങ് നിർമാണം പൂർത്തിയായിവരുന്നു. ഈ വർഷത്തെ ഹജ്ജ് യാത്രയ്ക്ക് ഈ ബിൽഡിങ് ഉപയോഗിക്കാനാകും.
ഈ വർഷത്തെ ഹജ്ജിനായി സംസ്ഥാനത്തെ വിവിധ ജില്ലകളിൽനിന്ന് 350 സന്നദ്ധ പ്രവർത്തകരായ ട്രെയിനർമാരെ സജ്ജീകരിക്കും. ഇവരുടെ സേവനം ജില്ല, നിയമസഭാ മണ്ഡലം അടിസ്ഥാനത്തിൽ ലഭ്യമാക്കും.
എല്ലാ പ്രദേശങ്ങളിലുമുള്ള അപേക്ഷകർക്ക് സാങ്കേതിക സഹായം ലഭ്യമാക്കും. ട്രെയിനർമാരുടെ വിവരങ്ങൾ വാർത്താമാധ്യമങ്ങൾ മുഖേനയും സമൂഹമാധ്യമങ്ങളിലൂടെയും പ്രസിദ്ധപ്പെടുത്തും.
അപേക്ഷാ സമർപ്പണത്തിനും മറ്റും സഹായിക്കാൻ കരിപ്പൂർ ഹജ്ജ് കമ്മിറ്റി ഓഫിസും കോഴിക്കോട് റീജിയനൽ ഓഫിസും കേന്ദ്രീകരിച്ച് പ്രത്യേക ഹെൽപ്പ് ഡെസ്കുകൾ ഉടൻ ആരംഭിക്കും. ഓൺലൈൻ അപേക്ഷാ സമർപ്പണം സുഗമമാക്കാൻ ട്രെയിനർമാർക്കും അക്ഷയ, സി.എസ്.സി സംരംഭകർക്കും പരിശീലനം സംഘടിപ്പിക്കും. കൊവിഡ് സാഹചര്യം പരിഗണിച്ച് കൊവിഡ് വാക്സിൻ, ആർ.ടി.പി.സി.ആർ ടെസ്റ്റ് എന്നിവയ്ക്കുള്ള ക്രമീകരണങ്ങളും ഹജ്ജ് കഴിഞ്ഞെത്തുന്നവരിൽ കൊവിഡ് പൊസിറ്റീവായവർക്ക് ക്വാറന്റൈൻ സൗകര്യവും ഏർപ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."