ഫിറ്റ്നസിന് കേന്ദ്രം അനുവദിച്ചത് ചുരുങ്ങിയ ദിനങ്ങൾ ; കെ.എസ്.ആർ.ടി.സിക്ക് നഷ്ടമാകുന്നത് 6000 ബസുകൾ
ഫൈസൽ കോങ്ങാട്
പാലക്കാട്
കൊവിഡ് പ്രതിസന്ധിയെ തുടർന്ന് സർവിസ് നടത്താനാവാതെ കട്ടപ്പുറത്ത് കയറിയ കെ.എസ്.ആർ.ടി.സിയുടെ പുതിയ എ.സി ബസുകൾ ഉൾപ്പെടെ ആറായിരത്തിലധികം ബസുകൾ ഇനി നിരത്തുകാണില്ലെന്ന് ഉറപ്പായി.
ബസുകളുടെ ഫിറ്റ്നസ് ഉറപ്പുവരുത്താൻ സമയം അനുവദിച്ച കേന്ദ്ര സർക്കാരിന്റെ നടപടി വഴിപാടുമാത്രമായി മാറിയ സാഹചര്യത്തിലാണ് ഇത്രയധികം ബസുകൾ ഒഴിവാക്കേണ്ടിവരുന്നത്. അടുത്ത മാസം 31നുള്ളിൽ ഫിറ്റ്നസ് ഉറപ്പാക്കിയാൽ മാത്രമേ സർവിസ് നടത്താനാവൂ എന്നതാണ് കേന്ദ്രത്തിന്റെ നിലപാട്.
എന്നാൽ ബസുകൾ ഈ സമയപരിധിക്കുള്ളിൽ അറ്റകുറ്റപ്പണികൾ നടത്തി നിരത്തിലിറക്കുക സാധ്യമല്ലെന്നാണ് കെ.എസ്.ആർ.ടി.സി അധികൃതർ വ്യക്തമാക്കുന്നത്. നൂറു കോടിയോളം വിലവരുന്ന കെ.എസ്.ആർ.ടി.സി ലോ ഫ്ളോർ ബസുകൾക്കുപുറമേയാണ് ആറായിരം ബസുകൾ കട്ടപ്പുറത്തുള്ളത്.
കട്ടപ്പുറത്തിരിക്കുന്ന ലോ ഫ്ളോർ ബസുകളിൽ 60 വാഹനങ്ങളും തിരുവനന്തപുരം ജില്ലയിലാണ്. കൊച്ചി തേവര ഡിപ്പോ, പാലക്കാട്, ചിറ്റൂർ ഡിപ്പോകളിലായി വിവിധ കാറ്റഗറിയിലുള്ള 150 വണ്ടികളാണ് സമാന നിലയിൽ ഉപയോഗിക്കാനാവാതെ കിടക്കുന്നത്. കട്ടപ്പുറത്ത് കിടക്കുന്ന വാഹനങ്ങളിൽ 87 എണ്ണം വിദേശ നിർമിത എ.സി ബസുകളും 17 എണ്ണം തദ്ദേശീയ വാഹന നിർമാതാക്കളിൽനിന്നുള്ള എ.സി ഇല്ലാത്ത ലോ ഫ്ളോർ ബസുകളുമാണ്. വിദേശ നിർമിത വാഹനങ്ങളിൽ ഒന്നിന് 98 ലക്ഷം രൂപയും നോൺ എ.സി വാഹനങ്ങൾക്ക് 39 ലക്ഷവുമാണ് വില.
കട്ടപ്പുറത്തുള്ള ആകെ വാഹനങ്ങളുടെ കൃത്യമായ മൂല്യം കണക്കാക്കിയാൽ 500 കോടി രൂപയോളം വരും. കൊവിഡ് വ്യാപനത്തിനുശേഷം ലോ ഫ്ളോർ ബസുകൾ സർവിസ് നടത്തിയിട്ടില്ല.
കേന്ദ്ര സർക്കാർ കെ.എസ്.ആർ.ടി.സിയുടെ വിവിധ ഡിപ്പോകളിലെ ടെക്നിക്കൽ സ്റ്റാഫിന്റെ എണ്ണവും സൗകര്യങ്ങളും പരിഗണിക്കാതെയാണ് ഫിറ്റ്നസ് ഉറപ്പ് വരുത്താൻ സമയം അനുവദിച്ചതെന്നും ഇത് കെ.എസ്.ആർ.ടി.സിയെ തകർക്കുകയെന്ന ലക്ഷ്യത്തോടെയാണെന്നുമാണ് മാനേജ്മെന്റിന്റെ നിലപാട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."