മാതാപിതാക്കളെ കുരുക്കുന്ന വ്യാജ പോക്സോ കേസുകൾ
കുട്ടികൾക്കെതിരായ ലൈംഗികാതിക്രമം തടയാൻ 2012ൽ നിലവിൽവന്ന പോക്സോ നിയമം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നുവെന്ന പരാതികൾക്ക് നിയമത്തോളംതന്നെ പഴക്കമുണ്ട്. മാന്യന്മാരെ പൊതുസമൂഹത്തിന് മുന്നിൽ അപമാനിക്കാനും അവരുടെ കുടുംബജീവിതം തകർക്കാനും ഇത്തരം വ്യാജ ആരോപണങ്ങൾ കാരണമായിട്ടുണ്ട്. ഇതിന്റെ പേരിൽ എത്രയോപേർ സമൂഹത്തിൽനിന്ന് ഒറ്റപ്പെട്ടുപോയിട്ടുണ്ട്. ചെയ്യാത്ത കുറ്റത്തിന്റെ പേരിൽ ജീവിതകാലം മുഴുവൻ അപരാധിയെപ്പോലെ ജീവിക്കേണ്ടിവരിക ഏതൊരു മനുഷ്യനെ സംബന്ധിച്ചിടത്തോളവും താങ്ങാനാവാത്തതാണ്. അയൽപക്ക വിരോധത്തിന്റെ പേരിലോ വ്യക്തിവൈരാഗ്യത്തിന്റെ പേരിലോ ആയിരുന്നു വ്യാജ ലൈംഗികാതിക്രമ കേസുകൾ ചമയ്ക്കപ്പെട്ടിരുന്നതെങ്കിൽ ഇപ്പോഴത് വീട്ടകങ്ങളിലെ മാതാപിതാക്കൾക്ക് നേരെയും പ്രയോഗിക്കാൻ തുടങ്ങിയിരിക്കുന്നു. ഇത്തരമൊരു കേസ് തള്ളിക്കൊണ്ട് ഹൈക്കോടതി കഴിഞ്ഞദിവസം പറഞ്ഞത് വ്യാജ പോക്സോ കേസുകൾ മാരകമാണെന്നായിരുന്നു. വെറുതേവിട്ടാലും അവരെ ഈ ആരോപണം ഭാവിജീവിതത്തിലും വേട്ടയാടിക്കൊണ്ടിരിക്കുമെന്നാണ് കോടതിയുടെ നിരീക്ഷണം.
ഏഴുവയസുള്ള മകളെ പീഡിപ്പിച്ചുവെന്നാരോപിച്ച് അറസ്റ്റ് ചെയ്യപ്പെട്ട പ്രതിക്ക് വയനാട് കൽപ്പറ്റയിലെ പോക്സോ കോടതി വിധിച്ച ജീവപര്യന്തം തടവ് റദ്ദാക്കിക്കൊണ്ടുള്ള വിധിന്യായത്തിലാണ് ഹൈക്കോടതി പോക്സോ നിയമത്തിന്റെ ദുരുപയോഗത്തിലേക്ക് വിരൽചൂണ്ടിയത്. മാതാപിതാക്കൾക്ക് നേരെ മക്കൾ വ്യാജ ലൈംഗികാതിക്രമ പരാതികൾ നൽകുന്നിടംവരെ സമൂഹം അധഃപതിച്ചുവെങ്കിൽ വീട്ടകങ്ങളിലെ കലുഷിതമായ അവസ്ഥയെയാണ് അത് അടയാളപ്പെടുത്തുന്നത്. മാതാവും പിതാവും ഒരു വീട്ടിൽ പകയോടെ കഴിയുമ്പോൾ അതിനിടയിൽപ്പെടുന്ന കുട്ടികളാണ് അരക്ഷിതരാകുന്നത്. ഭർത്താവിനെ അല്ലെങ്കിൽ ഭാര്യയെ ഏതുവിധേനയും നശിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പലരും മക്കളെ ഇതിനായി ദുരുപയോഗം ചെയ്യുന്നത്.
വയനാട്ടിൽ പിതാവിനെതിരേയാണ് ഏഴുവയസുകാരിയുടെ വ്യാജ പരാതിയെങ്കിൽ മാസങ്ങൾക്കുമുമ്പ് കടയ്ക്കാവൂരിൽ മാതാവിനെതിരേയായിരുന്നു കൗമാരപ്രായക്കാരനായ മകൻ വ്യാജപരാതി നൽകിയത്. രണ്ട് സംഭവങ്ങളിലും ഭാര്യാ ഭർത്താക്കന്മാരുടെ ശത്രുതയായിരുന്നു ആരോപണത്തിന്റെ അടിസ്ഥാനം. തന്നെ വീട്ടിൽ നിന്ന് പുറത്താക്കാൻ രണ്ടാം ഭാര്യ പ്രായപൂർത്തിയാകാത്ത മകളെ ദുരുപയോഗപ്പെടുത്തി വ്യാജ പോക്സോ പരാതി നൽകുകയായിരുന്നുവെന്ന വയനാട് സ്വദേശിയുടെ പരാതി ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു. ഇതുപോലെ മറ്റൊരു വ്യാജ പരാതിയായിരുന്നു കടയ്ക്കാവൂരിൽ മാതാവിനെതിരേയുള്ള പ്രായപൂർത്തിയാകാത്ത മകന്റേതും. ഭാര്യയുമായി പിണങ്ങി വിദേശത്തുകഴിയുന്ന പിതാവിന്റെ പ്രേരണയാലാണ് കുട്ടി വ്യാജ പരാതി നൽകിയതെന്ന് തെളിഞ്ഞു.
കുട്ടികൾക്കെതിരായ ലൈംഗികാതിക്രമം തടയാൻ നിലവിൽവന്ന പോക്സോ നിയമം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നതിനെതിരേ നിരവധിതവണ കോടതികൾക്ക് ഇടപെടേണ്ടിവന്നിട്ടുണ്ട്. എന്നിട്ടും വ്യാജ പോക്സോ കേസുകൾ വർധിച്ചുകൊണ്ടിരിക്കുകയാണ്. നിരപരാധിത്വം തെളിയിക്കാൻ കഴിയാതെ ഇതിനകം പലരും ശിക്ഷ അനുഭവിക്കുന്നുണ്ടാകാം. പോക്സോ കേസുകളിൽ ജീവപര്യന്തം കഠിനതടവുകളാണ് പലപ്പോഴും കോടതികൾ വിധിക്കുന്നത്. പൊലിസും വ്യാജ ആരോപണങ്ങൾക്ക് കൂട്ടുനിൽക്കുന്നുണ്ട്. പോക്സോ നിയമം ദുരുപയോഗം ചെയ്തതിന് ഒരു ഡിവൈ.എസ്.പിയെ സർവിസിൽ നിന്ന് സസ്പെൻഡ് ചെയ്തത് ഈയിടെയാണ്. പോക്സോ നിയമം വ്യാപകമായി ദുരുപയോഗം ചെയ്യുന്നുവെന്ന് 2019ലും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
സമൂഹത്തിന്റെ നന്മയുദ്ദേശിച്ചും പ്രായപൂർത്തിയാകാത്ത കുട്ടികൾ ക്രൂരമായ ലൈംഗികാതിക്രമങ്ങൾക്ക് വിധേയമായിക്കൊണ്ടിരുന്നത് തടയാനുമായിരുന്നു പോക്സോ നിയമം നിലവിൽവന്നത്. എന്നാൽ, നിയമത്തെ ദമ്പതിമാർ പരസ്പര വിദ്വേഷം തീർക്കാൻ ദുരുപയോഗപ്പെടുത്തുകയാണ്. നിയമപാലകരും അന്വേഷണ ഉദ്യോഗസ്ഥരും സദുദ്ദേശ്യത്തോടെ നിർമിക്കപ്പെട്ട നിയമത്തെ വ്യാപകമായി അട്ടിമറിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. കുട്ടികൾക്കെതിരേയുള്ള ലൈംഗികാതിക്രമം തടയുകയെന്ന വലിയൊരു ലക്ഷ്യത്തെയാണ് ഇതിലൂടെ ഇവർ പരാജയപ്പെടുത്തുന്നത്.
2008- 2018 കാലയളവിൽ കുട്ടികൾക്കെതിരായ കുറ്റകൃത്യങ്ങൾ വർധിക്കുകയായിരുന്നുവെന്ന് പൊലിസ് രേഖകളിൽ പറയുന്നു. 2008ൽ 549 കേസുകൾ രജിസ്റ്റർ ചെയ്തപ്പോൾ 2018ൽ 4,008ലേക്ക് ഉയർന്നു. ബലാത്സംഗം പത്തുവർഷത്തിനുള്ളിൽ 215ൽ നിന്ന് 1,204 ആയി ഉയർന്നു. കുറ്റകൃത്യങ്ങളിലെ ഈ വളർച്ച ആശങ്കാജനകമായി തുടരുമ്പോൾ തന്നെയാണ് വ്യാജ പരാതികളും വർധിച്ചുകൊണ്ടിരിക്കുന്നത്. നിക്ഷിപ്ത താൽപര്യങ്ങൾക്കായി നിയമത്തിലെ പഴുതുകൾ ഉപയോഗിച്ചും കള്ളപ്പരാതികളിൽ വിശദമായ അന്വേഷണം നടത്താതെയും നിരപരാധികളെ കെണിയിൽ വീഴുത്തുന്നതു വർധിച്ചുകൊണ്ടിരുന്നപ്പോഴാണ് 2019ൽ ഹൈക്കോടതി ഇടപെടാൻ തുടങ്ങിയത്. എന്നാൽ, രണ്ടുവർഷം കഴിഞ്ഞിട്ടും പൊലിസിന്റെ അവിഹിതമായ ഇടപെടലുകളാൽ വ്യാജ പോക്സോ കേസുകൾ തുടരുന്നു. പ്രതികളിൽ നിന്ന് പൊലിസ് പണംവാങ്ങി അവരെ കുറ്റവിമുക്തരാക്കുന്ന പ്രവണതകളും വർധിച്ചിട്ടുണ്ട്. വേർപിരിഞ്ഞ ദമ്പതികളിൽ മാതാവ് കുട്ടികളുടെ സംരക്ഷണാവകാശം വിട്ടുകിട്ടാൻ പിതാവ് കുഞ്ഞിനെ ലൈംഗികമായി ചൂഷണം ചെയ്യുന്നുവെന്ന കള്ളപ്പരാതികൾ നൽകുന്നത് വർധിക്കുന്നതായാണ് 2019ൽ കോടതി നിരീക്ഷിച്ചതെങ്കിൽ കടയ്ക്കാവൂരിൽ പിതാവിന് മറ്റൊരു സ്ത്രീയോടൊപ്പം ജീവിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായിരുന്നു കള്ളപ്പരാതി.
2020 മാർച്ചിൽ ഭർത്താവിനോടുള്ള വൈരാഗ്യം തീർക്കാൻ ഭാര്യ വ്യാജ പരാതി നൽകിയ സംഭവം പത്തനംതിട്ടയിലും ഉണ്ടായി. മകളെ പിതാവ് ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതി വ്യാജമാണെന്ന് കണ്ടെത്തിയ പോക്സോ കോടതി മാതാവിനെതിരേ കേസെടുക്കാൻ ഉത്തരവിടുകയും ചെയ്തു.
പോക്സോ കേസുകളിൽ വ്യാജ പരാതികൾ വർധിച്ചുകൊണ്ടിരിക്കുന്ന ഒരവസരത്തിൽ പ്രതികളാക്കപ്പെടുന്ന നിരപരാധികൾ ശിക്ഷിക്കപ്പെടാതിരിക്കാൻ സർക്കാർ ഭാഗത്തുനിന്ന് കൂടുതൽ ജാഗ്രത ഉണ്ടാകേണ്ടിയിരിക്കുന്നു. കുറ്റകൃത്യങ്ങൾ ആരോപിക്കപ്പെടുമ്പോൾ അവയെക്കുറിച്ച് വ്യക്തമായ പഠനം ഉണ്ടാകണം. ഇതിനായി നിയമവിദ്ഗ്ധരുടെയും മനഃശാസ്ത്രജ്ഞരുടെയും സേവനം സർക്കാർ ഉപയോഗപ്പെടുത്തുകയാണെങ്കിൽ പോക്സോ നിയമത്തിൻ്റെ ദുരുപയോഗം വലിയൊരളവിൽ തടയാൻ കഴിയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."