നടി കങ്കണയുടെ വിവാദ പ്രസ്താവന പദ്മശ്രീ തിരിച്ചെടുക്കണമെന്ന് കോൺഗ്രസ്
ന്യൂഡൽഹി
ഇന്ത്യയുടെ സ്വാതന്ത്ര്യത്തെ കുറിച്ച് വിവാദ പ്രസ്താവന നടത്തിയ ബോളിവുഡ് നടി കങ്കണ റണാവത്തിന്റെ പത്മശ്രീ തിരിച്ചെടുക്കണമെന്ന് കോൺഗ്രസ്. ഇന്ത്യക്ക് യഥാർഥ സ്വാതന്ത്ര്യം ലഭിച്ചത് മോദി അധികാരമേറ്റ 2014 ൽ ആണെന്നും 1947 ൽ ഇന്ത്യക്ക് ഭിക്ഷയാണ് ലഭിച്ചതെന്നുമായിരുന്നു കങ്കണയുടെ വിവാദ പ്രസ്താവന.
യാചിച്ചവർക്ക് മാപ്പും ധീരമായി പോരാടിയവർക്ക് സ്വാതന്ത്ര്യവും ലഭിച്ചുവെന്ന് സവർക്കർ ബ്രിട്ടീഷുകാർക്ക് മാപ്പെഴുതി കൊടുത്തതിനെ സൂചിപ്പിച്ചുകൊണ്ടാണ് കോൺഗ്രസ് മറുപടി നൽകിയത്. കങ്കണയുടെ പത്മശ്രീ തിരിച്ചെടുക്കണമെന്ന് മഹിളാ കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടു. ഇത്തരം ആളുകൾ പദ്മ പുരസ്കാരം അർഹിക്കുന്നില്ലെന്നും തിരിച്ചെടുക്കണമെന്നും കോൺഗ്രസ് വക്താവ് ഗൗരവ് വല്ലഭ് ആവശ്യപ്പെട്ടു. കങ്കണ ഇന്ത്യൻ ജനതയോട് മാപ്പുപറയണമെന്നും ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തെയും ദേശീയ നേതാക്കളെയും അപമാനിക്കുന്ന പ്രസ്താവനയാണ് അവർ നടത്തിയതെന്നും വല്ലഭ് പറഞ്ഞു.
മഹാത്മാഗാന്ധി ഉൾപ്പെടെ സ്വാതന്ത്ര്യ സമര സേനാനികളുടെ നീണ്ട നിര തന്നെ നമുക്കുണ്ട്. അവരുടെ ജീവത്യാഗത്തെ പരിഹസിക്കുകയാണ് കങ്കണ ചെയ്തതെന്ന് മറ്റൊരു വക്താവായ സുപ്രിയയും പറഞ്ഞു. രാഷ്ട്രപതി കങ്കണയുടെ പത്മശ്രീ തിരിച്ചെടുക്കണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ആനന്ദ് ശർമ ആവശ്യപ്പെട്ടു. ഇത്തരം പുരസ്കാരങ്ങൾ നൽകുന്നതിന് മുൻപ് മനഃശാസ്ത്രപരമായ വിലയിരുത്തലുകൾ നടത്തണമെന്നും രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ ടാഗ് ചെയ്ത പോസ്റ്റിൽ അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്ര മന്ത്രിയും മുതിർന്ന എൻ.സി.പി നേതാവുമായ നവാബ് മാലിക്കും കങ്കണയുടെ പ്രസ്താവനയ്ക്കെതിരേ രംഗത്തുവന്നു. കങ്കണയുടെ നടപടി സ്വാതന്ത്ര്യ സമരത്തെ അവഹേളിക്കുന്നതാണെന്ന് ശിവസേന നേതാവ് പ്രിയങ്കാ ചതുർവേദി പറഞ്ഞു. കങ്കണയ്ക്കെതിരേ കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്ന് ആം ആദ്മി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."