എ.ടി.എം തട്ടിപ്പ്: ഉത്തരേന്ത്യന്‍ സംഘം പിടിയില്‍
തൃശൂര്‍: നഗരത്തില്‍ വന്‍ എ.ടി.എം തട്ടിപ്പ് നടത്തിയ ഉത്തരേന്ത്യന്‍ സംഘം പിടിയില്‍. നൂറിലധികം എ.ടി.എം കാര്‍ഡുകള്‍ പിടിച്ചെടുത്തു. സാങ്കേതിക വിദഗ്ദരെ തോല്‍പ്പിക്കുന്ന വിധത്തില്‍ അതിവിദഗ്ധമായാണ് കവര്‍ച്ച നടത്തിയിരുന്നത്. ഉത്തര്‍പ്രദേശ് കാണ്‍പൂര്‍ ഗോവിന്ദ് നഗര്‍ സ്വദേശി മനോജ് കുമാര്‍ (55), സൗത്ത് കാണ്‍പൂര്‍ സോലാപര്‍ഹ് സൗത്ത് സ്വദേശി അജയ് ഷങ്കര്‍ (33), കാണ്‍പൂര്‍ പാങ്കി പതര്‍സ സ്വദേശി പങ്കജ് പാണ്ഡേ (25), കാണ്‍പൂര്‍ ധബോളി സ്വദേശി പവന്‍ സിങ് (29) എന്നിവരെയാണ് തൃശൂര്‍ ഈസ്റ്റ് പൊലിസ് സ്റ്റേഷന്‍ സി.ഐ പി ലാല്‍കുമാറും സംഘവും അറസ്റ്റു ചെയ്തത്.
അശ്വിനി ആശുപത്രിക്കു സമീപമുള്ള എസ്.ബി.ഐയുടെ എ.ടി.എമ്മില്‍ 1,50,000 രൂപയുടെ ദൂരൂഹ ഇടപാട് നടന്നതായി മനസിലാക്കിയതിനെ തുടര്‍ന്ന് എസ്.ബി.ഐ അഡ്മിനിസ്ട്രേറ്റീവ് ഓഫീസിലെ എ.ടി.എം ചാനല്‍ മാനേജര്‍ ഷിനോജ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഈസ്റ്റ് പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ കുടുങ്ങിയത്. വിവിധ ബാങ്കുകളുടെ 104 ഓളം എ.ടി.എം കാര്‍ഡുകളും ഇവരില്‍ നിന്നും പിടിച്ചെടുത്തു.
പ്രതികളുടെ പ്രവര്‍ത്തനരീതി ഇങ്ങനെ, ആദ്യം വിവിധ ബാങ്കുകളുടെ അക്കൗണ്ടുകളും എ.ടി.എം കാര്‍ഡുകളും സംഘടിപ്പിക്കും. അക്കൗണ്ടില്‍ ചെറിയ തുകകള്‍ നിക്ഷേപിക്കും. പിന്നീട് എ.ടി.എമ്മുകളില്‍ നിന്നും പണം പിന്‍വലിക്കാന്‍ ശ്രമിക്കും. എ.ടി.എമ്മുകള്‍ പണം പുറംതള്ളുന്ന സമയം സെന്‍സറുകളില്‍ എന്തെങ്കിലും തരത്തിലുള്ള വസ്തുക്കള്‍ തിരുകിക്കയറ്റി പ്രവര്‍ത്തനരഹിതമാക്കുന്നു. പണം തട്ടിപ്പുകാര്‍ക്ക് ലഭിക്കുമെങ്കിലും പണം പിന്‍വലിക്കപ്പെട്ടതായി കമ്പ്യൂട്ടറില്‍ രേഖപ്പെടുത്തുകയില്ല.
മാത്രമല്ല എ.ടി.എമ്മില്‍ സാങ്കേതിക തകരാര്‍ മൂലം പണം നല്‍കാന്‍ സാധിച്ചില്ല എന്ന് കാണിക്കുകയും ചെയ്യും. എ.ടി.എമ്മിലൂടെ പണം ലഭിച്ചില്ലെന്നു കാണിച്ച് തട്ടിപ്പുകാര്‍ ബാങ്കില്‍ പരാതി നല്‍കും. റിസര്‍വ് ബാങ്ക് നിയമപ്രകാരം ഇത്തരത്തില്‍ പരാതി ലഭിച്ച് മൂന്ന് ദിവസത്തിനകം ഇടപാടുകാരന് പണം മടക്കി നല്‍കണം. അതോടെ ബാങ്ക് പണം നല്‍കാന്‍ ബാധ്യസ്ഥരാകുന്നു. ഇത്തരത്തില്‍ നിരവധി തവണ ആവര്‍ത്തിക്കുന്നതോടെ ലക്ഷങ്ങള്‍ ഇവര്‍ക്ക് ലഭിക്കും.
എ.ടി.എമ്മുകളിലെ സിസിടിവി ക്യാമറകളില്‍ നിന്നും പ്രതികളുടെ ദൃശ്യങ്ങള്‍ പൊലിസിന് ലഭിച്ചിരുന്നു. തുടര്‍ന്ന് പൊലിസ് നടത്തിയ തിരച്ചിലിലാണ് പ്രതികളെ തൃശൂര്‍ റെയില്‍വേസ്റ്റേഷന്‍ പ്ലാറ്റ്ഫോമില്‍ വച്ച് പിടികൂടിയത്.
സബ് ഇന്‍സ്പെക്ടര്‍ പ്രമോദ്, സീനിയര്‍ സി.പി.ഒ ഷെല്ലാര്‍, സി.പി.ഒ വിജയരാജ്, ട്രാഫിക് പൊലിസ് സ്റ്റേഷന്‍ സി.പി.ഒ ഷാജഹാന്‍ എന്നിവരടങ്ങിയ പൊലിസ് സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."