HOME
DETAILS

ഒൻട്രുമേ തെരിയാത്ത കേരള തലൈവർകൾ

  
backup
November 13 2021 | 20:11 PM

84562341653-2

കലികാലക്കാഴ്ച
വി. അബ്ദുൽ മജീദ്‌
9846159481

വില്ലേജ് ഓഫിസറും താലൂക്ക് ഓഫിസറുമൊക്കെ ഓരോരുത്തർക്കും ഓരോ സർട്ടിഫിക്കറ്റ് കൊടുക്കുന്നത് റവന്യൂ മന്ത്രിയെയോ മുഖ്യമന്ത്രിയെയോ അറിയിച്ചോ അവരുടെ അനുവാദം വാങ്ങിയോ ഒന്നുമല്ല. വില്ലേജ് ഓഫിസറായാലും വലിയ വകുപ്പ് സെക്രട്ടറിയായാലും ചീഫ് വൈൽഡ് ലൈഫ് ഓഫിസറായാലും അവരൊക്കെ സർക്കാരുദ്യോഗസ്ഥർ തന്നെയാണ്. വേണ്ടത് വേണ്ട സമയത്ത് കണ്ടറിഞ്ഞു ചെയ്യാനാണ് സർക്കാർ അവരെ ആ കസേരകളിൽ ഇരുത്തിയിരിക്കുന്നത്. മന്ത്രിമാർ അവരുടെയൊക്കെ കൈപിടിച്ച് ഓരോ കടലാസിലും ഒപ്പിടുവിക്കുന്നത് നടക്കുന്ന കാര്യമല്ല. ഇതൊന്നുമറിയാതെയാണ് പല സർക്കാർ നടപടികളുടെയും പേരിൽ പ്രതിപക്ഷം ഇടക്കിടെ ബഹളമുണ്ടാക്കിക്കൊണ്ടിരിക്കുന്നത്.


സ്പ്രിങ്ക്‌ളർ കരാറടക്കം പ്രധാനപ്പെട്ട പല സർക്കാർ നടപടികളും അറിയാതെയാണ് നമ്മുടെ മുഖ്യമന്ത്രി തന്നെ ഭരണം നിയന്ത്രിക്കുന്നത്. വയനാട്ടിലെ മരംമുറിയും ഏറ്റവുമൊടുവിൽ മുല്ലപ്പെരിയാറിലെ ബേബി ഡാം ബലപ്പെടുത്താനായി മരംമുറിക്കാൻ സംസ്ഥാന സർക്കാർ തമിഴ്‌നാടിനു നൽകിയ അനുമതിയുമൊക്കെ അടുത്ത കാലത്ത് മുഖ്യമന്ത്രി അറിയാതെ നടന്ന കാര്യങ്ങളാണ്. അതുകൊണ്ടാണ് മുല്ലപ്പെരിയാർ മരംമുറിക്കുറിച്ച് നിയമസഭയിൽ ചൂടുപിടിച്ച വാഗ്വാദങ്ങൾ നടന്നപ്പോൾ അദ്ദേഹം മിണ്ടാതിരുന്നത്.
അല്ലെങ്കിൽ തന്നെ ഇതുപോലുള്ള ചെറിയ കാര്യങ്ങൾ അന്വേഷിച്ചു നടക്കേണ്ടയാളല്ലല്ലോ മുഖ്യമന്ത്രി. അദ്ദേഹത്തിന് ഒരുപാട് പണികൾ വേറെയുണ്ട്. ഒരു സംസ്ഥാനഭരണം പൂർണമായി നിയന്ത്രിക്കുന്നതിനു പുറമെ പാർട്ടിയുടെ കാര്യങ്ങളും നോക്കണം. പുറത്തു പറയാൻ പാർട്ടിക്ക് ഒരു പി.ബിയും കേന്ദ്ര കമ്മിറ്റിയും സംസ്ഥാന സെക്രട്ടേറിയറ്റും സംസ്ഥാന കമ്മിറ്റിയുമൊക്കെയുണ്ടെങ്കിലും അവർ ചെയ്യേണ്ട പണിയൊക്കെ മുഖ്യമന്ത്രി ചെയ്യണം. കുഞ്ഞുങ്ങളെ ഒളിച്ചുകടത്തുന്നതടക്കം പാർട്ടിക്കാർ നടത്തുന്ന കാര്യങ്ങളൊക്കെ പരിശോധിക്കണം. അച്ചടക്ക നടപടിയെടുക്കേണ്ട സുധാകരൻമാർക്കെതിരേ നടപടി തീരുമാനിക്കണം. ഇങ്ങനെയുള്ള പണികളൊക്കെ ഏതെങ്കിലും വിജയരാഘവൻമാരെ ഏൽപ്പിച്ചാൽ അവരതു കുളമാക്കും. അതൊക്കെ നോക്കുന്നതിനിടയിൽ ആരെങ്കിലും മരം മുറിക്കുന്നത് നോക്കിനടക്കാനൊന്നും സമയം കിട്ടില്ല.


ഈ വിഷയവുമായി ബന്ധപ്പെട്ട മന്ത്രിമാരുടെ കാര്യവും അങ്ങനെയൊക്കെത്തന്നെയാണ്. വൈദ്യുതി മന്ത്രിക്ക് മുല്ലപ്പെരിയാർ അണക്കെട്ട് ചുമ്മാ പൊട്ടില്ലെന്നും ഭൂകമ്പം വന്നാൽ മാത്രമേ പൊട്ടുകയുള്ളൂ എന്നും നല്ല ഉറപ്പുണ്ട്. ഭൂമ്പമുണ്ടായി അണക്കെട്ടു പൊട്ടുമ്പോൾ മാത്രം അതു നോക്കിയാൽ മതിയല്ലോ. പൊട്ടിയാൽ തന്നെ തിരുവനന്തപുരത്തും പാലക്കാട്ടുമൊന്നും അതിന്റെ ദുരന്തങ്ങൾ ഉണ്ടാവില്ലല്ലോ.
വനം മന്ത്രിക്കും ഒരുപാട് പണികളുണ്ട്. വലിയൊരു ദേശീയ പാർട്ടിയുടെ നേതാവു കൂടിയാണ് വനം മന്ത്രി. ആ പാർട്ടിയിൽ ആകെ പ്രശ്‌നങ്ങളാണ്. ഏതു നിമിഷവും പാർട്ടിയിൽ എന്തും സംഭവിക്കാം. പാർട്ടിയിൽ എന്നും പുറത്താക്കലും രാജിയുമൊക്കെയാണ്. അതു സൂക്ഷിച്ചു കൈകാര്യം ചെയ്തില്ലെങ്കിൽ ആരെങ്കിലും പാരവച്ച് താഴെയിറക്കി മന്ത്രിസ്ഥാനം പാർട്ടിയുടെ രണ്ടാമത്തെ എ.എൽ.എയ്ക്ക് കൊടുത്തേക്കും. അതു തടയൽ ചെറിയ കാര്യമൊന്നുമല്ല. അതിനു പുറമെ നിരന്തര ഫോൺ കോളുകളും. മനുഷ്യർ മാത്രമല്ല പൂച്ചക്കുട്ടികൾ വരെ വിളിച്ചുകൊണ്ടിരിക്കും. അതും നോക്കണം.


ജലവിഭവ മന്ത്രിക്കാണെങ്കിൽ അതിനേക്കാളേറെ പണിയുണ്ട്. ഭരണാധികാരമുള്ള നേതാവ് പാർട്ടി കൈയി.....ലടക്കുന്നതാണ് കേരളത്തിലെ അധ്വാനവർഗ പാർട്ടികളുടെ രീതി. കേരളത്തിലെ ഏറ്റവും വലിയ അധ്വാനവർഗ പാർട്ടിയുടെ ഏറ്റവും വലിയ നേതാവ് പാലായിൽ തോറ്റുപോയതുകൊണ്ട് അധികാരം കിട്ടിയ രണ്ടാമത്തെ നേതാവാണ് ജലവിഭവ മന്ത്രി. അതുകൊണ്ടു തന്നെ പാർട്ടിയെ കൈയടക്കുക എന്ന ഭാരിച്ച ചുമതല അദ്ദേഹത്തിനുണ്ട്. ആ തത്രപ്പാടിൽ ഉദ്യാഗസ്ഥർ അയയ്ക്കുന്ന കത്തുകൾ നോക്കിയിരിക്കാൻ നേരം കാണില്ല.
അങ്ങനെ ആരുമറിയാതെപോയതാണ് മുല്ലപ്പെരിയാർ ബേബി ഡാമിലെ മരം മുറിക്കാൻ തമിഴ്‌നാടിനയച്ച കേരളത്തിന്റെ കത്ത്. തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിനാണ് അത് കുളമാക്കിയത്. അവിടെ കാര്യമായ പണിയൊന്നുമില്ലാതെ ഇരിക്കുന്ന സ്റ്റാലിന്റെ കൈയിൽ ആ കത്തു കിട്ടി. ഡാമിനു ബലം കൂട്ടി മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയർത്തുക എന്ന, ഇ.എം.എസ് മുതൽ ഉമ്മൻ ചാണ്ടി വരെയുള്ള കേരള മുതലമൈച്ചർമാർ അംഗീകരിക്കാത്തൊരു ആവശ്യം നിലവിലെ മുതലമൈച്ചർ തോഴർ പിണറായിയുടെ അരശിയിൽനിന്ന് കിട്ടിയപ്പോൾ അതിനൊരു നൻട്രി ശൊല്ലിയില്ലെങ്കിൽ അതു പെരിയ നൻട്രികേടാകുമെന്ന് സ്റ്റാലിന് തോന്നി. അദ്ദേഹം നൻട്രി ശൊല്ലി കേരളത്തിന് ഒരു കടിതം അയച്ചു. ഇവിടെ അരശി തലൈവകർകളാരും ഇക്കാര്യം അറിഞ്ഞിട്ടില്ലെന്ന് അന്ന് സ്റ്റാലിന് തെരിഞ്ഞിട്ടില്ലായിരുന്നു.
അന്ത കടിതത്തിന്റെ കോപ്പി ഇന്ത ഊരിലെ ചില എഴുത്താളർകളുടെ കൈകളിൽ കിട്ടി. അവങ്കൾ അത് വാർത്തയാക്കി. റൊമ്പ തൊല്ലയായി. അതുണ്ടായപ്പോഴാണ് കേരളാവിലെ അരശി തലൈവർകൾക്ക് ഒൻട്രുമേ തെരിയാത് എന്ന് സ്റ്റാലിന് തെരിഞ്ഞത്. ഇന്തമാതിരി അയോഗ്യപ്പയലുകളാണോ കേരളം ഭരിക്കുന്നതെന്ന് അദ്ദേഹം അവിടുത്തെ ചീഫ് സെക്രട്ടറിയോടും മറ്റും ചോദിച്ചതായി ഒരു കിംവദന്തിയുണ്ട്. അണ്ണാച്ചികളല്ലേ, അങ്ങനെ പലതും പറയും.
മടിക്കരുത്, ഇനിയും


വാങ്ങണം കടം


കേരളത്തിനുണ്ടായ മഹാഭാഗ്യങ്ങളിലൊന്ന് പത്തു വർഷക്കാലം ഡോ. തോമസ് ഐസക്കിനെ ധനമന്ത്രിയായി ലഭിച്ചതാണ്. സാമ്പത്തികശാസ്ത്രത്തിൽ അതിവിദഗ്ധനാണ് അദ്ദേഹമെന്നത് തർക്കമില്ലാത്ത കാര്യമാണ്. അദ്ദേഹത്തിന് സാമ്പത്തികശാസ്ത്രം ഒട്ടും അറിയില്ലെന്നും ഡോക്ടറേറ്റെടുത്തത് കയർ വ്യവസായത്തിലാണെന്നുമൊക്കെ അസൂയാലുക്കൾ പറഞ്ഞുപരത്തുന്നത് വേറെ കാര്യം. അസൂയയ്ക്ക് മരുന്നില്ലല്ലോ.


ഒരു ഗതിയും പരഗതിയുമില്ലാതെ വലഞ്ഞിരുന്ന കേരളത്തിന് കടംവാങ്ങി പുരോഗതി നേടാമെന്ന് കാണിച്ചുതന്നത് അദ്ദേഹമാണ്. കേരളത്തിനു മാത്രമല്ല അദ്ദേഹത്തിന്റെ പാർട്ടിക്കും. കോൺഗ്രസ് കേന്ദ്രം ഭരിച്ചിരുന്ന കാലത്ത് കണ്ടമാനം കടംവാങ്ങി രാജ്യത്തെ കടക്കെണിയിലാക്കുന്ന നയത്തെ രാപകൽ വിമർശിച്ചിരുന്ന പാർട്ടിയാണ് അദ്ദേഹത്തിന്റേത്. കടംവാങ്ങലിനെ കണക്കറ്റ് വിമർശിക്കുന്ന പി.എം താജിന്റെ ''രാവുണ്ണി'' എന്ന നാടകം അന്ന് പാർട്ടി നാടുനീളെ കൊണ്ടുനടന്ന് കളിച്ചത് അധികമാരും മറന്നുകാണില്ല.
പഴയതെല്ലാം മറന്നേക്കണമെന്നും കാലാകാലം ഇങ്ങനെ ദാരിദ്ര്യത്തിന്റെ പടുകുഴിയിൽ കഴിഞ്ഞുകൂടിയാൽ പോരെന്നും എത്ര കടം വാങ്ങിയിട്ടായാലും ഐശ്വര്യമുണ്ടാക്കണമെന്നും നാളത്തെ കാര്യം നാളെ നോക്കിയാൽ നോക്കിയാൽ മതിയെന്നുമൊക്കെ പാർട്ടിയെയും നാടിനെയും പഠിപ്പിച്ചത് ഐസക്കാണ്. പാർട്ടി അത് അംഗീകരിച്ചു. പാർട്ടി അധികാരത്തിൽ വന്ന രണ്ടു ഘട്ടങ്ങളിൽ അദ്ദേഹത്തെ ധനമന്ത്രിയാക്കി. അതിനു ഫലമുണ്ടായി. സർക്കാർ തലങ്ങും വിലങ്ങും കടംവാങ്ങാൻ തുടങ്ങി. കടത്തിന് ഈടുവയ്ക്കാൻ നല്ലൊരു മുതലാണ് കിഫ്ബിയെന്ന് ഐസക് കണ്ടെത്തി അതു നാട്ടുകാരെയും പാർട്ടിക്കാരെയും പഠിപ്പിച്ചു. നാട് നന്നായങ്ങ് വികസിച്ചു. കിട്ടുന്നിടത്തുനിന്നൊക്കെ കടം വാങ്ങി ഐസക് നാടിനെ വികസിപ്പിച്ചു എന്ന് പറയുന്നതാകും കൂടുതൽ ശരി.
ഇതൊക്കെ കണ്ടപ്പോൾ കംപ്‌ട്രോളർ ആൻഡ് ഓഡിറ്റർ ജനറലി(സി.എ.ജി)ന് വല്ലാത്ത കണ്ണുകടി. അല്ലെങ്കിലും വികസനത്തിന് ശകുനംമുടക്കാൻ ഉണ്ടാക്കിവച്ച സംവിധാനമാണല്ലോ സി.എ.ജി. കാണുന്ന കണക്കൊക്കെ പരിശോധിച്ച് കുറ്റം കണ്ടെത്തലാണ് സി.എ.ജിയുടെ പണി.


കേരളത്തിന്റെ മൊത്തം കടം 2,74,136 കോടിയായി ഉയർന്നിട്ടുണ്ടെന്നും സംസ്ഥാനത്തിന്റെ മൊത്തം വരുമാനത്തിന്റെ 21 ശതമാനം വിനിയോഗിക്കുന്നത് കടത്തിന്റെ പലിശയടയ്ക്കാനുമൊക്കെയാണെന്നാണ് സി.എ.ജി ഏറ്റവുമൊടുവിൽ പുറത്തുവിട്ട റിപ്പോർട്ടിലെ കണ്ടെത്തൽ. അതുപിന്നെ പലിശയില്ലാതെ ആരെങ്കിലും കടം തരുമോ? കടത്തിന് പലിശ നാട്ടുനടപ്പാണ്. അതിന്റെ കണക്കൊക്കെ നാട്ടുകാരെ അറിയിച്ച് അവരെ പരിഭ്രാന്തരാക്കേണ്ട വല്ല കാര്യവുമുണ്ടോ.
സി.എ.ജി അങ്ങനെ പലതും പറയും. നമ്മളതൊന്നും കാര്യമാക്കേണ്ട. നമ്മൾക്ക് കെ റെയിൽ, തുരങ്കപാത തുടങ്ങിയ ഒരുപാട് പടുകൂറ്റൻ പദ്ധതികൾ നടപ്പാക്കേണ്ടതുണ്ട്. അതിനൊക്കെ ഒരുപാട് കടം വാങ്ങേണ്ടിവരും. ധൈര്യത്തോടെ വാങ്ങണം. കാണം പണയംവച്ചു കടം വാങ്ങിയും കെ റെയിൽ പണിയണമെന്നല്ലേ പ്രമാണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മൂന്ന് ജില്ലകളില്‍ മണിക്കൂറില്‍ 40 കിലോമീറ്ററില്‍ കൂടുതല്‍ വേഗതയില്‍ കാറ്റിന് സാധ്യത; എട്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് 

Kerala
  •  a month ago
No Image

വയനാട് ദുരന്തം; ചൊവ്വാഴ്ച വയനാട്ടില്‍ എല്‍ഡിഎഫ് യുഡിഎഫ് ഹര്‍ത്താല്‍

Kerala
  •  a month ago
No Image

രൂപയുടെ ഇടിവ്; പ്രവാസികള്‍ക്ക് നാട്ടിലേക്ക് പണം അയയ്ക്കാന്‍ നല്ല സമയം

uae
  •  a month ago
No Image

കണ്ണൂരില്‍ ബസ് അപകടത്തില്‍ മരിച്ച അഭിനേതാക്കളുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ചു

Kerala
  •  a month ago
No Image

ഇല്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നു: ഇപിയുടെ പുസതക വിവാദം പാര്‍ട്ടിയെ ബാധിച്ചിട്ടില്ലെന്ന് എം.വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

'തന്നെ തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്'; ആത്മകഥ വിവാദത്തിന് പിന്നില്‍ ഗൂഢാലോചനയെന്ന് ആവര്‍ത്തിച്ച് ഇ.പി ജയരാജന്‍

Kerala
  •  a month ago
No Image

മുനമ്പം: പഴയ ചരിത്രത്തിലേക്ക് പോയാല്‍ ഏറ്റവും ബുദ്ധിമുട്ടുണ്ടാകുക ഇടതുപക്ഷത്തിന്- കുഞ്ഞാലിക്കുട്ടി, വിഷയം വര്‍ഗീയ വിഭജനമുണ്ടാക്കാന്‍ ഉപയോഗിക്കരുത് 

Kerala
  •  a month ago
No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

ആള്‍നഷ്ടം മാനഹാനി.. വെടിനിര്‍ത്തല്‍ നിര്‍ദ്ദേശവുമായി വീണ്ടും യു.എസ്;  ലബനാനില്‍ ഒരു ഇസ്‌റാഈല്‍ സൈനികന്‍ കൂടി കൊല്ലപ്പെട്ടു, മറ്റൊരാള്‍ ഗുരുതരാവസ്ഥയില്‍

International
  •  a month ago
No Image

കൊല്ലത്ത് കിണറ്റില്‍ വീണ ആറുവയസുകാരന്റെ ആരോഗ്യനില തൃപ്തികരം

Kerala
  •  a month ago