മുയലിനെ തോൽപ്പിക്കാൻ ആമ ഇഴഞ്ഞാൽ പോരാ
''ഇന്ത്യയുടെ ഭരണഘടനയാണ് എന്റെ സർക്കാരിന്റെ മതം'' എന്നു പ്രഖ്യാപിച്ച് 2014ൽ അധികാരത്തിലേറിയ നരേന്ദ്രമോദിയുടെ ഭരണം മതേതരത്വത്തെയും ജനാധിപത്യത്തെയും ഭരണഘടനയെപ്പോലും തകർക്കുന്ന രീതിയിൽ അതിവേഗം കുതിക്കുകയാണെന്നു തിരിച്ചറിഞ്ഞാണ് പ്രമുഖ ചരിത്രകാരനായ രാമചന്ദ്ര ഗുഹ 2017ൽ പ്രതിപക്ഷപാർട്ടികളോട് ഒരു അഭ്യർഥന നടത്തിയത്.
"അടുത്ത തെരഞ്ഞെടുപ്പിലെങ്കിലും മോദിയോ മറ്റേതെങ്കിലും ബി.ജെ.പി നേതാവോ അധികാരത്തിൽ വരാതിരിക്കാൻ നിങ്ങൾ ശക്തമായ പ്രതിപക്ഷ മുന്നണി രൂപീകരിക്കണം. കിട്ടിയേക്കാവുന്ന അധികാരക്കസേരയ്ക്കായി ഇപ്പോഴേ കടിപിടി കൂടാതിരിക്കുക. അഴിമതിയുടെ കറപുരളാത്ത, പൊതുവെ സ്വീകാര്യനായ, മോദിയുടെ ബദ്ധശത്രുവായ നിതീഷ്കുമാറിനെ മുന്നിൽ നിർത്തിയാണ് പടനയിക്കേണ്ടത്. എങ്കിൽ 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പ് നരേന്ദ്രമോദിയുടെയും ബി.ജെ.പിയുടെയും വാട്ടർലൂ ആയിരിക്കും".
അന്ന് കോൺഗ്രസ്സുൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടി നേതാക്കളാരും രാമചന്ദ്ര ഗുഹയുടെ വാക്കുകൾക്കു ചെവികൊടുത്തില്ല. 2014 ആരംഭിച്ച മോദി ഭരണം സ്വാഭാവിക ഭരണവിരുദ്ധവികാരത്തിന്റെ മലവെള്ളപ്പാച്ചിലിൽ 2019ൽ ഒലിച്ചുപോകുമെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു അവർ.
എന്നാൽ, ഒരാൾ മാത്രം രാമചന്ദ്ര ഗുഹയുടെ വാക്കുകൾ ഗൗരവത്തിലെടുത്തു. അപകടം മണത്തു എന്നു പറയുന്നതാകും ഉചിതം. അത് നരേന്ദ്ര മോദിയായിരുന്നു. പ്രതിപക്ഷ നേതാക്കളിൽ മോദി പരമശത്രുവായി കാണുന്ന നേതാവാണ് നതീഷ് കുമാർ. 2014ൽ മോദിയെ പ്രധാനമന്ത്രിയാക്കാൻ ബി.ജെ.പി തീരുമാനിച്ചതിൽ പ്രതിഷേധിച്ച് എൻ.ഡി.എ സഖ്യം ഉപേക്ഷിച്ചയാളാണ്. പക്വമതിയെന്നു വിശേഷിപ്പിക്കപ്പെടുന്ന നിതീഷ് കുമാറാണ് പ്രതിപക്ഷപ്പട നയിക്കുന്നതെങ്കിൽ തന്റെ രണ്ടാമൂഴ പ്രതീക്ഷ അസ്തമിക്കുമെന്നു മോദി ഭയപ്പെട്ടു.
പിന്നീട് സംഭവിച്ചതു ചരിത്രമാണ്. മോദി മുൻകൈയെടുത്തു നിതീഷ്കുമാറുമായി കൂടിക്കാഴ്ച നടത്തുന്നു... കെട്ടിപ്പിടിക്കുന്നു... സഖ്യം പുനഃസ്ഥാപിക്കുന്നു... ഒപ്പം നിർത്തി നിശബ്ദനാക്കുന്നു.
നിതീഷ്കുമാർ മോദിയുമായി ഐക്യപ്പെട്ടെങ്കിലും മറ്റു പ്രതിപക്ഷ പാർട്ടികൾ മോദീനിഗ്രഹത്തിന് കോപ്പു കൂട്ടി. 27 പ്രതിപക്ഷ പാർട്ടികളുടെ നേതാക്കന്മാർ 2018ൽ ഡൽഹിയിൽ ഒത്തുകൂടി കൈകൾ കോർത്തുയർത്തി മഹാസഖ്യം പ്രഖ്യാപിച്ചു. അതോടെ തീർന്നു. മാസങ്ങൾക്കുള്ളിൽ ആരാവണം പ്രധാനമന്ത്രിയെന്ന അധികാരക്കൊതിയാൽ തമ്മിൽ തല്ലിപ്പിരിഞ്ഞു. അങ്ങനെ രാജ്യത്തെ ഭൂരിപക്ഷം ജനങ്ങളും ആഗ്രഹിക്കാതെ തന്നെ മോദി പൂർവാധികം ശക്തനായി അധികാരത്തിൽ തിരിച്ചെത്തി.
അടുത്ത തെരഞ്ഞെടുപ്പിന് ഇനിയും മൂന്നു വർഷമുണ്ട്. എങ്കിലും,നരേന്ദ്ര മോദിയും സംഘ്പരിവാറും ഇപ്പോൾത്തന്നെ മൂന്നാമൂഴത്തിന് തകൃതിയായി കോപ്പുകൂട്ടിത്തുടങ്ങി. ഭരണത്തുടർച്ച ആരും ആഗ്രഹിക്കുമെന്നതിനാൽ അതൊരു സ്വാഭാവിക മോഹം എന്നു തള്ളിക്കളയേണ്ട. മോദിയുടേത് വെറും മോഹമല്ല, കൃത്യമായ കരുനീക്കം. ഇപ്പോൾ കൈപ്പിടിയിലില്ലാത്ത സംസ്ഥാനങ്ങൾ കൂടി 2024 ൽ പിടിച്ചടക്കി വെന്നിക്കൊടി പാറിക്കാൻ മോദിയും സംഘ്പരിവാറും ഗോദയിലിറങ്ങിക്കഴിഞ്ഞു.
നാലഞ്ചു ദിവസം മുമ്പു നടന്ന ബി.ജെ.പി ദേശീയ നിർവാഹക സമിതി യോഗത്തിലെ ചർച്ചയും തീരുമാനങ്ങളും മാത്രം ശ്രദ്ധിച്ചാൽ മതി ഇതു ബോധ്യപ്പെടാൻ. ഉത്തർപ്രദേശുൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പുകളെക്കുറിച്ചല്ല ദേശീയ നിർവാഹകസമിതിയിൽ ബി.ജെ.പി നേതാക്കൾ തലപുകഞ്ഞു ചർച്ച ചെയ്തത്. തീർത്തും ദുർബലരായിട്ടും പരസ്പരം തൊട്ടുകൂടാതെ ശത്രുക്കളായി കഴിയുന്ന പ്രതിപക്ഷത്തിന്റെ ഗതികേട് നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ വിജയം സുനിശ്ചിതമാക്കുമെന്ന ആത്മവിശ്വാസമാണ് യോഗത്തിൽ നേതാക്കൾ പ്രകടിപ്പിച്ചത്. യു.പിയിൽ വെല്ലുവിളിയുയർത്താൻ സാധ്യതയുള്ള അഖിലേഷ് യാദവിനെ മുസ്‌ലിം പ്രീണനക്കാരനെന്നും ഏതു നേരവും മതം മാറിയേക്കാവുന്നവനെന്നും ഐ.എസിന്റെ ഫണ്ട് പറ്റുന്നവനെന്നുമൊക്കെ മുദ്ര കുത്താൻ പ്രചാരണപ്പടയെ രംഗത്തിറക്കി കഴിഞ്ഞു. സമാജ് വാദി പാർട്ടിക്കു നിർണായക സ്വാധീനമുള്ള യാദവർക്കിടയിൽ ഹിന്ദുവികാരം ആളിക്കത്തിച്ചു വോട്ടു കൊയ്യുകയാണ് ലക്ഷ്യം.
കർഷകപ്രക്ഷോഭം വലിയ വോട്ടു ചോർച്ചയുണ്ടാക്കുമെന്നു ബി.ജെ.പിക്ക് അറിയാം. അതു ചെറുക്കാൻ കർഷകപ്രക്ഷോഭത്തിനു സിക്ക് തീവ്രവാദത്തിന്റെ ചാപ്പ കുത്താനാണു നീക്കം. സിക്കുകാരിൽനിന്ന് അകലം പാലിച്ചു ഹിന്ദുവോട്ട് ആകർഷിക്കാൻ പഞ്ചാബിൽ അകാലിദളിനോടും കോൺഗ്രസ്സിനെ പിളർത്തിയ അമരീന്ദർ സിങ്ങിന്റെ പാർട്ടിയോടും സഖ്യം വേണ്ടെന്ന നിലപാടിലേക്കാണ് ബി.ജെ.പി നീങ്ങുന്നത്. ഇതൊക്കെ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ നേട്ടം സമ്മാനിക്കുമെന്ന് അവർ കരുതുന്നു.
ബി.ജെ.പി ദേശീയ നിർവാഹക സമിതി യോഗത്തിൽ പ്രധാനമായും ചർച്ച ചെയ്തത് 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കമാണ്. വോട്ടർ പട്ടികയിൽ പരമാവധി പേരെ ചേർക്കാൻ ബൂത്തുകൾ തോറും പ്രത്യേക കമ്മിറ്റി രൂപീകരിക്കാനും ലീഡറെ കണ്ടെത്താനും നിശ്ചയിച്ചു കഴിഞ്ഞു. 2021 ഡിസംബറും 2022 ഏപ്രിലുമാണ് ഈ പ്രവർത്തനം പൂർത്തിയാക്കാനുള്ള അന്തിമ തീയതികളായി നിശ്ചയിച്ചിരിക്കുന്നത്.
ഇതുവരെ ബി.ജെ.പിക്കു പിടികൊടുക്കാത്ത കേരളമുൾപ്പെടെയുള്ള അഞ്ചു സംസ്ഥാനങ്ങളിൽ പിടിമുറുക്കാനുള്ളതാണ് അടുത്ത തന്ത്രം. അതിൽ കോൺഗ്രസ്സും സി.പി.എമ്മും മറ്റും തിരിച്ചറിഞ്ഞാലുമില്ലെങ്കിലും കേരളത്തിൽ പിടിമുറുക്കാനുള്ള നീക്കം അന്തർദേശീയതലത്തിൽ തന്നെ ആരംഭിക്കുകയും ചെയ്തു. നരേന്ദ്രമോദി മാർപാപ്പയെ സന്ദർശിച്ചും ഇന്ത്യയിലേയ്ക്കു ക്ഷണിച്ചതും കർദിനാൾ മാർ ജോർജ് ആലഞ്ചേരിയും കാതോലിക്ക ബാവയുമെല്ലാം ആ സന്ദർശനത്തെ പ്രകീർത്തിച്ചതുമെല്ലാം സ്വാഭാവികമായ കാര്യങ്ങളല്ല. ക്രിസ്ത്യൻ സമൂഹത്തിൽ ഇസ്‌ലാമോഫോബിയ വളർത്താൻ കൊണ്ടുപിടിച്ചു നടക്കുന്ന ശ്രമങ്ങളും ഇതുമായി കൂട്ടിവായിച്ചാൽ സംഘ്പരിവാർ രാഷ്ട്രീയതന്ത്രം കൂടുതൽ വ്യക്തമാകും.
ഇവിടെയാണ് ദേശീയതലത്തിൽ തന്നെ പ്രതിപക്ഷം ചതഞ്ഞുനിൽക്കുന്ന അവസ്ഥയെ നോക്കി കാണേണ്ടത്. ഭരണം കൈയിലുള്ള രാജസ്ഥാനിലും പഞ്ചാബിലും ഛത്തീസ്ഗഡിലുമുൾപ്പെടെ കൂട്ടക്കുഴപ്പത്തിലാണ് കോൺഗ്രസ്. രണ്ടാംതവണയും പ്രതിപക്ഷത്തിരിക്കേണ്ടി വന്ന കേരളത്തിലെ അവസ്ഥ പറയേണ്ടതില്ലല്ലോ. നിയമസഭാ തെരഞ്ഞെടുപ്പു നടക്കുന്ന യു.പിയിലുൾപ്പെടെ പ്രതിപക്ഷസഖ്യമുണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. 2024 നെക്കുറിച്ച് എന്തു പ്രതീക്ഷയ്ക്കാണ് വകയുള്ളത്.
അഹങ്കാരം കൊണ്ടു വഴിയിൽ മുയൽ ഉറങ്ങിയതു ഭാഗ്യമായി ആമ ജയിച്ച കഥയിൽ മയങ്ങിക്കഴിഞ്ഞാൽ തോൽവി വീണ്ടും വീണ്ടും ഏറ്റുവാങ്ങേണ്ടിവരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."