മഹാരാഷ്ട്രയിൽ ഏറ്റുമുട്ടലിൽ 26 മാവോയിസ്റ്റുകളെ വധിച്ചു
മുംബൈ
മഹാരാഷ്ട്രയിൽ നാഗ്പൂരിനടുത്ത് ഗഡ്ചിറോലി ജില്ലയിൽ ഏറ്റുമുട്ടലിൽ 26 മാവോയിസ്റ്റുകളെ വകവരുത്തിയെന്ന് പൊലിസ്.
ഗ്യാരബത്തി വനമേഖലയിലെ ധനോരയിൽ ഇന്നലെ രാവിലെയാണ് ഏറ്റുമുട്ടലുണ്ടായത്. മുംബൈയിൽ നിന്ന് 920 കി.മി അകലെയാണ് ഈ പ്രദേശം. പൊലിസ് ഈ മേഖലയിൽ തെരച്ചിൽ നടത്തുന്നതിനിടെ മാവോയിസ്റ്റുകൾ പൊലിസിനു നേരേ വെടിയുതിർക്കുകയായിരുന്നുവെന്ന് എസ്.പി അങ്കിത് ഗോയൽ പറഞ്ഞു. സംഭവസ്ഥലത്തു നിന്ന് ആയുധങ്ങളും ലഘുലേഖകളും കണ്ടെടുത്തുവെന്നും പൊലിസ് പറഞ്ഞു.
പൊലിസിലെ സി 60 കമാൻഡോകളാണ് ഛത്തീസ്ഗഡ് അതിർത്തിയോടു ചേർന്ന പ്രദേശത്ത് മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടിയത്. അഡീഷനൽ എസ്.പി സൗമ്യ മുണ്ടെയാണ് തെരച്ചിലിന് നേതൃത്വം നൽകിയത്. കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ പേരുവിവരം പുറത്തുവന്നിട്ടില്ല. എന്നാൽ ഇതിൽ പ്രമുഖ നേതാവും ഉൾപ്പെടുന്നതായി പൊലിസ് സൂചന നൽകി. ഏറ്റുമുട്ടലിൽ നാലു പൊലിസ് ഉദ്യോഗസ്ഥർക്ക് സാരമായി പരുക്കേറ്റു. ഇവരെ വിദഗ്ധ ചികിത്സയ്ക്കായി നാഗ്പൂരിലേക്ക് ഹെലികോപ്ടർ വഴി എത്തിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."