9 വർഷത്തിനിടെ താണ്ടാനുള്ളത് ഇരട്ടി ദൂരം
ഗ്ലാസ്ഗോ (സ്കോട്ട്ലൻ്റ്)
പാരിസ് ഉടമ്പടിയിലെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ തീരുമാനമാകാതെ യു.എൻ കാലാവസ്ഥാ ഉച്ചകോടി. 12ന് അവസാനിക്കേണ്ടിയിരുന്ന ഉച്ചകോടി ഇന്നലെ അധികസമയത്തേക്കു നീണ്ടെങ്കിലും ചർച്ചയിൽ കാര്യമായ പുരോഗതിയുണ്ടായില്ല. കാലാവസ്ഥാ ഉച്ചകോടിയുടെ ഇരകളായ ദരിദ്ര രാജ്യങ്ങൾക്ക് വികസിത രാജ്യങ്ങൾ നഷ്ടപരിഹാരം നൽകുന്ന കാര്യമാണ് പ്രതിബന്ധമായത്.
സമുദ്ര ജലനിരപ്പ് ഉയരുന്നതും കാലാവസ്ഥാ വ്യതിയാനവും മൂലം കനത്ത നഷ്ടമനുഭവിക്കുന്ന ദരിദ്ര രാജ്യങ്ങൾക്ക് സാമ്പത്തിക സഹായം നൽകാമെന്ന് ഉച്ചകോടിയുടെ കരട് പ്രമേയത്തിൽ പറഞ്ഞിരുന്നു. 2009ലാണ് 2020ഓടെ ദരിദ്ര രാജ്യങ്ങൾക്ക് പ്രതിവർഷം 10,000 കോടി ഡോളർ നൽകാമെന്ന് സമ്പന്ന രാജ്യങ്ങൾ സമ്മതിച്ചത്. 2020 കഴിഞ്ഞെങ്കിലും ഈ തുക നൽകിയിട്ടില്ല.
ആഗോള താപനം 1.5 ഡിഗ്രി സെൽഷ്യസിൽ നിന്ന് കൂടാതെ നോക്കുകയെന്നതായിരുന്നു 2015ലെ പാരിസ് ഉടമ്പടിയിലെ പ്രധാന ലക്ഷ്യം. ഇത് കൈവരിക്കുന്നതിന് ഹരിതഗൃഹവാതകങ്ങളുടെ പുറന്തള്ളൽ 2030ഓടെ 45 ശതമാനം കുറയ്ക്കാനും 2050ഓടെ പൂർണമായും മലിനീകരണം ഇല്ലാതാക്കാനുമാണ് ഉച്ചകോടി ലക്ഷ്യമിട്ടത്. പവിഴപ്പുറ്റുകൾ നശിക്കുന്നത് ചൂട് രണ്ടു ഡിഗ്രി സെൽഷ്യസിലെത്തുന്നതിൻ്റെ തെളിവായാണ് ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നത്.
നിലവിലെ മലിനീകരണ തോത് തുടർന്നാൽ ഈ നൂറ്റാണ്ടിൽ ആഗോള താപനം 2.4 ഡിഗ്രി സെൽഷ്യസിലെത്തുമെന്നാണ് ക്ലൈമറ്റ് ആക്ഷൻ ട്രാക്കർ പറയുന്നത്. ഗ്ലാസ്ഗോ ഉച്ചകോടിയിൽ ലോകരാജ്യങ്ങൾ നൽകിയ വാഗ്ദാനങ്ങൾ പാലിച്ചാലും ചൂട് 1.5ഡിഗ്രി സെൽഷ്യസിൽ നിലനിർത്താനാവില്ല.
പുറന്തള്ളുന്ന ഹരിതഗൃഹ വാതകങ്ങളുടെ അളവ് 2030ഓടെ 52.4 ജിഗാ ടൺ (ഒരു ജിഗാ ടൺ എന്നാൽ 100 കോടി ടൺ) കുറയ്ക്കാമെന്നായിരുന്നു ഉച്ചകോടിയുടെ മുമ്പ് യു.എസ് ഉൾപ്പെടെ പ്രമുഖ രാജ്യങ്ങൾ വാഗ്ദാനം ചെയ്തിരുന്നത്. എന്നാൽ ഉച്ചകോടിയിൽ ഇത് 41.9 ജിഗാ ടണ്ണായി കുറഞ്ഞു.
നിലവിൽ 26.6 ജിഗാ ടൺ മലിനീകരണം കുറയ്ക്കാനേ സാധിച്ചിട്ടുള്ളൂ. ഇതിൻ്റെ ഇരട്ടിയാണ് ലക്ഷ്യം. ഒമ്പതു വർഷത്തിനിടെ ഈ ലക്ഷ്യം നേടാൻ ലോകരാജ്യങ്ങൾ കടുത്ത തീരുമാനങ്ങളെടുക്കണമെന്നാണ് കാലാവസ്ഥാ വിദഗ്ധർ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."