ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പുയരുന്നു; റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചേക്കും, തിരുവനന്തപുരത്ത് അതീവ ജാഗ്രത
ഇടുക്കി: ഇടുക്കി ഡാമില്‍ ജലനിരപ്പ് ഉയരുന്നു. റെഡ് അലര്ട്ടിലെത്താന് ഇനി അരയടിയില്‍ താഴെ ദൂരം മാത്രം. നിലവില്‍ 2398.72 അടിയാണ് ഡാമിലെ ജലനിരപ്പ്. 2399.03 അടിയായാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കും.
ഡാം തുറക്കാന്‍ സാധ്യതയുണ്ടെന്ന് അറിയിപ്പുണ്ടായിരുന്നെങ്കിലും ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല. ഇന്ന് രാവിലെ വീണ്ടും ജലനിരപ്പ് വിലയിരുത്തും. ശേഷം ഡാം തുറക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
മുല്ലപ്പെരിയാറിലും ജലനിരപ്പ് 139.90 അടിയിലെത്തി. ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ കൂടുതല്‍ ജലം കൊണ്ടുപോവണമെന്ന് കേരളം കഴിഞ്ഞ ദിവസം തമിഴ്നാടിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ഇതുവരെ ജലത്തിന്റെ അളവ് വര്‍ധിപ്പിക്കാന്‍ തമിഴ്നാട് തയ്യാറായിട്ടില്ല.
സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴയ്ക്ക് സാധ്യതയെന്നാണ് റിപ്പോര്‍ട്ട്. കനത്ത മഴയും നാശ നഷ്ടങ്ങളുമുണ്ടായ തിരുവനന്തപുരം ജില്ലയില്‍ അതീവ ജാഗ്രതയാണ്. എല്ലാ ജില്ലകളിലും റെഡ് അലര്‍ട്ടിന് സമാനമായ മുന്നൊരുക്കങ്ങള്‍ക്ക് ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഏഴ് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് ആണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,ആലപ്പുഴ, കോട്ടയം, ഇടുക്കി,കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്.മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."