വിദേശ രാജ്യത്ത് നിന്നെത്തുന്നവർക്ക് സ്വന്തം നിലക്ക് ഉംറ, സിയാറത്ത് പെർമിറ്റുകൾ നേടാം, പുതിയ സംവിധാനം സജ്ജീകരിച്ചു
മക്ക: വിദേശ രാജ്യങ്ങളിൽ നിന്നെത്തുന്ന
ഉംറ തീർഥാടകർക്കും സ്വന്തം നിലക്ക് ഉംറ, സിയാറത്ത് പെർമിറ്റുകൾ നേടുന്ന സംവിധാനം സജ്ജമായതായി ഹജ്, ഉംറ മന്ത്രാലയം അറിയിച്ചു. സഊദി അതോറിറ്റി ഫോർ ഡാറ്റ ആന്റ് ആർട്ടിഫിഷ്യൽ ഇന്റലിജൻസുമായി സഹകരിച്ചാണ് പുതിയ സേവനം ഹജ്, ഉംറ മന്ത്രാലയം ആരംഭിച്ചിരിക്കുന്നത്. സ്വദേശങ്ങളിൽ വെച്ച് വാക്‌സിൻ സ്വീകരിച്ചതുമായി ബന്ധപ്പെട്ട വിവരങ്ങൾ സഊദിയിലേക്ക് വരുന്ന സമയത്ത് ഖുദൂം പ്ലാറ്റ്‌ഫോം വഴി രജിസ്റ്റർ ചെയ്തായിരിക്കണം എത്തേണ്ടത്. ഇങ്ങനെ സഊദിയിൽ എത്തിയ ശേഷം വിദേശ തീർഥാടകർക്ക് സ്വന്തം നിലക്ക് ഉംറ, സിയാറത്തിന് ബുക്ക് ചെയ്യാനാകും.
ഇതിനുള്ള ആപുകളായ ഇഅ്തമർനാ, തവക്കൽനാ ആപ്പുകൾ വഴിയാണ് പെർമിറ്റുകൾ നേടേണ്ടത്. വിശുദ്ധ ഉംറ, വിശുദ്ധ ഹറമിൽ നമസ്‌കാരങ്ങളിൽ പങ്കെടുക്കൽ, മസ്ജിദുന്നബവിയിൽ റൗദ ശരീഫിൽ നമസ്‌കാരം നിർവഹിക്കൽ, പ്രവാചകന്റെയും അനുചരന്മാരുടെയും ഖബറിടങ്ങളിൽ സിയാറത്ത് ചെയ്യൽ എന്നിവക്കുള്ള പെർമിറ്റുകൾ ഇത് വഴി നേടാനാകും.
ഇതുവരെ മൊബൈൽ ആപ്പുകൾ മുഖേന ഉംറ പെർമിറ്റുകൾ ലഭ്യമാക്കിയിരുന്നത് വിവിധ ഉംറ സർവീസ് കമ്പനികളും ഹോട്ടലുകളും വഴിയായിരുന്നു. എന്നാൽ പുതിയ തീരുമാനപ്രകാരം ഇത്തരം പെർമിറ്റുകൾ നേടിയെടുക്കാൻ തീർഥാടകർക്ക് സ്വന്തം നിലക്ക് സാധ്യമാണ്. പുതിയ സേവനങ്ങൾ ലഭിക്കുന്നതിനായി ഇഅ്തമർനാ, തവക്കൽനാ ആപ്പുകൾ ഉപയോഗിക്കുന്നവർ മൊബൈൽ ആപ്പുകൾ അപ്‌ഡേറ്റ് ചെയ്യണമെന്നും ഹജ്, ഉംറ മന്ത്രാലയം അറിയിച്ചു. പുതിയ സേവനം നിലവിൽവന്നതോടെ വിദേശ തീർഥാടകർക്ക് മറ്റാരുടെയും സഹായമില്ലാതെ സ്വന്തം നിലക്ക് ഉംറ, സിയാറത്ത് പെർമിറ്റുകളും വിശുദ്ധ ഹറമിൽ നമസ്‌കാരങ്ങളിൽ പങ്കെടുക്കാനുള്ള പെർമിറ്റുകളും ഇഷ്ടാനുസരണം നേടാൻ സാധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."