കാലാവസ്ഥാ വ്യതിയാനം: ലക്ഷദ്വീപിനെയും കടൽ കവരുന്നതായി പഠന റിപ്പോർട്ട്
മട്ടാഞ്ചേരി
കാലാവസ്ഥാ വ്യതിയാനം ലക്ഷദ്വീപിനെയും ബാധിക്കുന്നതായി പഠന റിപോർട്ട്. കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് ലക്ഷദ്വീപിനെ കടൽ കവരുന്നതായാണ് കണ്ടെത്തൽ. ദ്വീപ് സമൂഹത്തിലെ പ്രധാന ദ്വീപുകളിൽ കടൽകയറ്റം പ്രകടമാണെന്നും ഖൊരക്പൂർ ഐ.ഐ.ടിയിലെ ആർക്കിടെക്ച്ചർ റീജണൽ പ്ലാനിങ് വകുപ്പും ഓഷ്യൻ എൻജിനിയറിങ് നേവൽ ആർക്കിടക്ച്ചർ വകുപ്പും ചേർന്നുള്ള സംഘം നടത്തിയ ഗവേഷണ റിപോർട്ടിൽ വ്യക്തമാക്കുന്നു.
പ്രതിവർഷം 0.4 മില്ലി മീറ്റർ മുതൽ 0.9 മില്ലി മീറ്റർ വരെ കടൽ ജലനിരപ്പുയരുകയാണ്. ഇതിലൂടെ ജനവാസമുള്ള 10 ദ്വീപുകളിൽ ആറ് ദ്വീപുകളിലും തീരങ്ങൾ നഷ്ടപ്പെടുകയാണ്. കടൽകയറ്റം അഗത്തി വിമാനത്താവളത്തിനും ആശങ്കയുണ്ടാക്കുന്നതായും റിപോർട്ടിൽ പറയുന്നു.
ചെറുകിട തുറമുഖങ്ങളായ ചത്ത്ലറ്റ്, ആമിനി ദ്വീപുകൾക്കാണ് തീരഭൂമി ഏറെയും നഷ്ടപ്പെട്ടതെന്നാണ് റിപോർട്ടിൽ പറയുന്നത്. ആമിനി ദ്വീപിന് 60-70 ശതമാനവും ചത്ത്ലറ്റിന് 80 ശതമാനം വരെ തീരമാണ് നഷ്ടപ്പെട്ടത്.
മിനിക്കോയ്, കവരത്തി ദ്വീപുകൾക്ക് 60 ശതമാനം വരെ തീരദേശ ഭൂമി നഷ്ടമുണ്ടായിട്ടുണ്ടെന്നും പഠനസംഘം വ്യക്തമാക്കുന്നു. ഐഷ ജെനറ്റ്, ആതിര കൃഷ്ണൻ, ഷെകത്ത് കുമാർ പോൾ, പ്രസാദ്. കെ ഭാസ്കരൻ എന്നിവരാണ് പoന സംഘത്തെ നയിച്ചത്. ആദ്യമായാണ് ദ്വീപിൽ കാലാവസ്ഥാ വ്യതിയാന അനുബന്ധ കടൽകയറ്റ പഠനം നടത്തുന്നത്. കടൽ കയറ്റവും തീരഭൂമി നഷ്ടവും ദ്വീപിലെ ജനങ്ങളിൽ ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്. ഇത് സാമ്പത്തിക - സാമൂഹിക വ്യവസ്ഥകളെയും ബാധിച്ചു തുടങ്ങിയതായും പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."