'കോടതിയുത്തരവ് ലളിത ഭാഷയിലെഴുതണം' ജഡ്ജിമാർക്ക് ചീഫ് ജസ്റ്റിസിൻ്റെ നിർദേശം
ന്യൂഡൽഹി
കോടതിയുത്തരവുകൾ ആളുകൾക്ക് മനസ്സിലാകുന്ന ലളിതമായ ഭാഷയിലെഴുതാൻ ജഡ്ജിമാർ തയാറാകണമെന്ന് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് എൻ.വി രമണ.
ഓരോ കോടതിയുത്തരവും വലിയ സാമൂഹിക പ്രത്യാഘാതങ്ങളുണ്ടാക്കുന്നതാണ്. അതിനാൽ അത് സമഗ്രവും, ലളിതവും വ്യക്തവുമായ ഭാഷയിലെഴുതിയതായിരിക്കണം. പ്രതികൂല സാഹചര്യത്തിലും ധൈര്യത്തോടെയും സ്വതന്ത്രമായും പ്രവർത്തിച്ചോ എന്ന് നോക്കിയാണ് കോടതികളെ വിലയിരുത്തുക. പാർശ്വവൽക്കരിക്കപ്പെട്ടവർക്കൊപ്പമാണ് കോടതികൾ നിലകൊള്ളേണ്ടത്. ക്ഷേമരാഷ്ട്ര രൂപീകരണത്തിൽ ജുഡീഷ്യറിക്ക് മുൻനിര പങ്കാളിത്തമുണ്ടെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. നാഷനൽ ലീഗൽ സർവീസ് അതോറിറ്റി സംഘടിപ്പിച്ച ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ്. നെഹ്‌റു പറഞ്ഞത് പോലെ പട്ടിണി കിടക്കുന്ന മനുഷ്യരോട് സ്വാതന്ത്ര്യത്തെക്കുറിച്ച് പറയുന്നത് അയാളെ പരിഹസിക്കലാണ്. മാന്യമായ ജീവിതമെന്ന ജനങ്ങളുടെ അഭിലാഷത്തിന് പല വെല്ലുവിളികളുമുണ്ട്. നിയമസഹായമാണ് നീതിവിതരണ സംവിധാനത്തിന്റെ നട്ടെല്ല്. പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളെ സഹായിക്കാൻ അഭിഭാഷകരെ പരിശീലിപ്പിച്ചാൽ ആ സമൂഹത്തിൽ വലിയ മാറ്റങ്ങളുണ്ടാകുമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."