കേരളത്തെ തകർക്കുന്ന മദ്യനയം
പി. ഇസ്മായിൽ വയനാട്
മ ദ്യവിൽപനാ കേന്ദ്രങ്ങളിലെ തിരക്ക് കുറക്കാൻ 175 വെബ്‌കോ ഔട്ട്ലെറ്റുകൾ കൂടി തുറക്കാൻ സന്നദ്ധരാണെന്ന് എക്‌സൈസ് കമ്മിഷണർ ഹൈക്കോടതിയിൽ പിണറായി സർക്കാരിനു വേണ്ടി നടത്തിയ നിലപാട് പറച്ചിൽ ഞെട്ടലോടെയാണ് കേരളം കേട്ടത്. മദ്യത്തിന്റെ ഉപഭോഗവും വിൽപനയും കുറക്കാൻ എല്ലാ നടപടികളും സ്വീകരിക്കും, മദ്യനയം കുറ്റമറ്റതാക്കും, ഇടതുപക്ഷം വരും എല്ലാ ശരിയാക്കും, സിനിമാ താരങ്ങളായ ഇന്നസെന്റിന്റെയും കെ.പി.എ.സി ലളിതയുടെയും വണക്കമൊത്ത വാമൊഴി പ്രചാരണത്തിലൂടെ അധികാരത്തിലേറിയവർ കഴിഞ്ഞ അഞ്ച് വർഷവും കേരളീയരെ മദ്യം കുടിപ്പിക്കുന്നതിൽ മത്സരിക്കുകയായിരുന്നു. 2016-17ൽ 12,412 കോടി. 2017-18ൽ 12,937 കോടി, 2018-19ൽ 14,508 കോടി, 2019- 20ൽ 10,340 കോടി രൂപയുടെയും മദ്യമാണ് സർക്കാർ കേരളീയരെ കുടിപ്പിച്ചത്. കൊവിഡിൽ നാടാകെ പൂട്ടിക്കിടന്നപ്പോഴും മദ്യവിൽപനയെ അതൊന്നും സാരമായി ബാധിച്ചില്ല. ആരാധനാലയങ്ങളിലും കല്യാണ, മരണവീടുകളിലും ആളുകൾ കൂട്ടംകൂടിയെന്ന ന്യായം നിരത്തി പെറ്റി എഴുതിയ പൊലിസുകാരെ മദ്യഷാപ്പിനു മുന്നിലെ ജനക്കൂട്ടത്തിൽ കാവൽനിർത്തിയാണ് 10,340 കോടി രൂപയുടെ കച്ചവടം സർക്കാർ പൊടിപൊടിച്ചത്. ഉമ്മൻ ചാണ്ടി ഭരണത്തിൽ 48,000 കോടി രൂപയുടെ വിൽപന നടന്ന സ്ഥാനത്ത് ഘട്ടംഘട്ടമായി മദ്യത്തെ നാടുനീക്കാൻ അധികാരത്തിലേറിയവർ 65,000 കോടി രൂപയുടെ വിൽപനയാണ് നടത്തിയത്. അഞ്ചുവർഷത്തിൽ 17,000 കോടി രൂപയുടെ അധിക വിൽപനക്കാണ് പിണറായി സർക്കാർ കാർമികത്വം വഹിച്ചത്.
1996ൽ എ.കെ ആന്റണി സർക്കാർ നടപ്പാക്കിയ ചാരായ നിരോധനം, തുടർന്ന് അധികാരത്തിലേറിയ നായനാർ സർക്കാർ അട്ടിമറിച്ചിരുന്നില്ല. എന്നാൽ ഉമ്മൻചാണ്ടി സർക്കാർ താഴിട്ടുപൂട്ടിയ ബാറുകളും ഔട്ട് ലെറ്റുകളും തുറന്നു കൊടുത്തുകൊണ്ടാണ് സമ്പൂർണ മദ്യനിരോധനമെന്ന മലയാളികളുടെ ചിരകാല സ്വപ്നം ഒന്നാം പിണറായിയുടെ നേതൃത്വത്തിലുള്ള ഇടതുസർക്കാർ തകർത്തത്.
2015ൽ ഉമ്മൻ ചാണ്ടി സർക്കാരിന്റെ ഭരണത്തിന്റെ അവസാന നാളുകളിൽ 29 ബാറുകളും 306 ചില്ലറ മദ്യവിൽപന കേന്ദ്രങ്ങളുമായിരുന്നു സംസ്ഥാനത്ത് പ്രവർത്തിച്ചിരുന്നത്. പിണറായിയുടെ അഞ്ചുവർഷ ഭരണത്തിൽ 740 ബാറുകളും 1,298 മദ്യവിൽപന കേന്ദ്രങ്ങളുമാണ് തുറന്നത്. ഒരു തുള്ളി മദ്യം പുതുതായി വിളമ്പില്ലെന്ന് വീമ്പുപറഞ്ഞവർ അടച്ചുപൂട്ടിയ മദ്യസ്ഥാപനങ്ങൾ മുഴുവൻ തുറന്നതിന് പുറമെ 200 പുതിയ ബാറുകൾക്കും ഒമ്പതോളം പബ്ബുകൾക്കും അനുമതി നൽകുകയുണ്ടായി. വിമാനത്താവളങ്ങളിൽ അന്താരാഷ്ട്ര ലോഞ്ചുകൾക്കൊപ്പം ആഭ്യന്തര ലോഞ്ചുകളിലും വിദേശ മദ്യം ലഭ്യമാക്കി. മദ്യവിൽപന സമയത്തിലും കൈകടത്തലുകൾ നടത്തി. രാവിലെ 9.30 മുതൽ രാത്രി 10 വരെ എന്ന സമയക്രമത്തിൽ വെള്ളം ചേർത്ത് അർധരാത്രി വരെ നീട്ടിക്കൊടുത്തു. മദ്യഷാപ്പ് അനുമതിക്കായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് പഞ്ചായത്ത് നഗരപാലികാ ബില്ലിൽ 233, 447 വകുപ്പു പ്രകാരമുള്ള അധികാരവും കവരുകയുണ്ടായി. മദ്യ ഉപഭോഗം കുറക്കാനായി ആചരിച്ചിരുന്ന ഡ്രൈ ഡേയും എടുത്തുകളഞ്ഞു.
ദേശീയപാതയിൽനിന്ന് നിശ്ചിത ദൂരപരിധിയിൽ മാത്രമേ മദ്യശാലകൾ പ്രവർത്തിക്കാൻ പാടുള്ളൂവെന്ന സുപ്രിംകോടതി വിധിയെ മറികടക്കാൻ ഒറ്റയടിക്ക് ദേശീയപാതയെ തന്നെ സംസ്ഥാന പാതയാക്കി മാറ്റുന്ന ഇന്ദ്രജാലത്തിനും ജനം സാക്ഷിയായി. ആരാധനാലയങ്ങൾ. വിദ്യാലയങ്ങൾ, ആശുപത്രികൾ എന്നിവയുടെ 200 മീറ്റർ ചുറ്റളവിൽ മദ്യഷാപ്പുകൾ പാടില്ലെന്ന നിയമത്തെ ദൂരപരിധി 50 മീറ്ററാക്കി ലഘൂകരിച്ചാണ് കാറ്റിൽപ്പറത്തിയത്. വിദ്യാലയങ്ങളിലെ ലഹരിവിരുദ്ധ പ്രതിജ്ഞയിൽ പോലും സർക്കാർ മായം കാണിക്കുകയുണ്ടായി. മദ്യം, മയക്കുമരുന്ന്, പുകയില, പാൻ മസാല തുടങ്ങിയ ലഹരി പദാർഥങ്ങൾ ഉപയോഗിക്കുകയില്ലെന്ന സ്‌കൂൾ പ്രതിജ്ഞയിൽ നിന്നാണ് മദ്യത്തെ പുറത്താക്കിയത്. നാളത്തെ കേരളം ലഹരിമുക്ത കേരളം എന്ന ശീർഷകത്തിൽ കണ്ണിൽപൊടിയിടാനായി നടത്തുന്ന കാംപയിനിൽ പോലും തെറ്റിദ്ധാരണ പരത്താനാണ് സർക്കാർ ശ്രമിച്ചത്. നിയമവിരുദ്ധ ലഹരി പദാർഥങ്ങൾ എന്ന പരാമർശത്തിലൂടെ ഔട്ട്ലെറ്റുകൾ വഴി വിൽപന നടത്തുന്ന മദ്യക്കുപ്പികളിൽ പരിശുദ്ധി അവകാശപ്പെടാനുള്ള ബോധപൂർവമായ ശ്രമമാണ് ഭരണകൂടം നടത്തിയത്.
മദ്യം യഥേഷ്ടം വിളമ്പാൻ പുതുവഴികൾ ആരായുന്നതിൽ പിണറായി സർക്കാരിനോളം ഗവേഷണത്തിൽ മുഴുകിയ ഒരു ഭരണകൂടവും കേരളത്തിൽ മുമ്പുണ്ടായിട്ടില്ല. കെ.എസ്.ആർ.ടി സ്റ്റാൻഡുകളിൽ പോലും മദ്യഷാപ്പുകൾ തുറക്കാനായി നടത്തിയ ആലോചനകളും ഡോക്ടറുടെ കുറിപ്പടിയുള്ളവർക്ക് മദ്യം എത്തിച്ചുകൊടുക്കാനുള്ള നീക്കങ്ങളും ഓൺലൈൻ മദ്യ വ്യാപാരമെന്ന ആശയവുമെല്ലാം സമ്പത്തിനോട് ആർത്തിപൂണ്ട ദുഷ്ടചിന്തയിൽ നിന്നാണ് ഉരവം കൊണ്ടത്.
മദ്യത്തിലൂടെ ലഭിക്കുന്ന വരുമാനത്തിൽ കണ്ണുംനട്ട് ഒരു തലമുറയുടെ ആരോഗ്യവും അന്തസും നഷ്ടപ്പെടുത്തുന്നത് പരിഷ്‌കൃത സമൂഹത്തിന് ഒട്ടും ഭൂഷണമല്ല. മദ്യവിൽപനയിലൂടെ ലഭ്യമാവുന്ന വരുമാനത്തേക്കാളും വലിയ തുകയാണ് അതുണ്ടാക്കുന്ന ആരോഗ്യ, സാമൂഹ്യ വിപത്തുകൾക്കായി സർക്കാരിനു ചെലവഴിക്കേണ്ടിവരുന്നത്. മദ്യപരുടെ ആശുപത്രി ചെലവ്, ജയിൽ ചെലവ്, ഇൻഷുറൻസ്, മദ്യ ദുരന്തത്തിൽ മരണപ്പെട്ടവരുടെ കുടംബങ്ങൾക്കുള്ള നഷ്ടപരിഹാരം എന്നീ ഇനങ്ങളിലാണ് സർക്കാർ കോടികൾ മുടക്കേണ്ടി വരുന്നത്. കഴിഞ്ഞ അഞ്ചു വർഷം ഈ മേഖലയിൽ ചെലവഴിച്ച കണക്കുകൾ പുറത്തുവിടാൻ സർക്കാർ തയാറായാൽ മദ്യം സൃഷ്ടിക്കുന്ന സാമ്പത്തിക ആഘാതത്തിന്റെ നിജസ്ഥിതി ബോധ്യമാവും.
സമ്പൂർണ മദ്യനിരോധനമല്ല, വർജനമാണാവശ്യം എന്ന മുടന്തൻ ന്യായം നിരത്തുന്നവർ പൊതുസ്ഥലങ്ങളിൽനിന്ന് പുകവലി നാടുനീങ്ങിയെതങ്ങനെ എന്ന് അന്വേഷിക്കേണ്ടതുണ്ട്. പുകവലി നിരോധനം ഏർപ്പെടുത്തിയാണ് ആ യജ്ഞം ഭരണകൂടം വിജയിപ്പിച്ചെടുത്തത്. സമ്പൂർണ മദ്യനിരോധനം ക്ഷേമ പ്രവർത്തനങ്ങൾ അവതാളത്തിലാക്കുമെന്നും മദ്യമേഖലയിൽ ജോലിചെയ്യുന്ന കുടുംബങ്ങളെ പട്ടിണിയിലേക്ക് തള്ളിവിടുമെന്നും ന്യായം നിരത്തുന്നവരുടെ വാദങ്ങളും ബാലിശമാണ്. കാർഷിക, വ്യവസായ മേഖലകളിൽ ഉൽപാദനം കൂട്ടിയും കയറ്റുമതി വർധിപ്പിച്ചും വരുമാനം കണ്ടെത്തുന്നതിനു പകരം ഇനിയും മദ്യപരുടെ പോക്കറ്റ് ഊറ്റുന്നത് ശരിയല്ല.
ശരാശരി ഇന്ത്യക്കാരനേക്കാളും കേരളീയന് 10 വർഷം കൂടുതലായി ജീവിക്കാൻ കഴിയുന്നുണ്ട്. മെച്ചപ്പെട്ട ആരോഗ്യപരിപാലനമാണ് ആയുർദൈർഘ്യത്തിനു കാരണം. നിരന്തരമായ മദ്യ ഉപയോഗംമൂലം കരൾ രോഗബാധിതരുടെ എണ്ണം കൂടിവരുന്നത് ഒട്ടും ആശാവഹമല്ല. ആത്മഹത്യാപ്രവണതയിലും കുടുംബ കലഹത്തിലും വിവാഹമോചനത്തിലും റോഡപകടങ്ങളിലും മദ്യമാണ് വില്ലനായി വർത്തിക്കാറുള്ളത്. ഭരണഘടനയുടെ 47ാം അനുച്ഛേദത്തിൽ രാഷ്ട്രം അതിലെ ജനങ്ങളുടെ ആഹാരത്തിന്റെ നിലവാരവും ജീവിതതോതും ഉയർത്തുന്നതും പൊതുജനാരോഗ്യം മെച്ചപ്പെടുത്തുന്നതും പ്രാഥമിക കർത്തവ്യമായി കാണണമെന്ന അനുശാസനമാണ് പിണറായി സർക്കാർ മദ്യസേവക്കിടയിൽ മറക്കുന്നത്. ഓരോവർഷവും ആവർത്തിക്കുന്ന ഉരുൾപൊട്ടലിൽ സർവവും നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാംപുകളിൽ കഴിയുന്നവരെയും ആശുപത്രികളിലും ബസ് സ്റ്റാൻഡുകളിലും മണിക്കൂറുകളോളം ക്യൂവിൽ നിൽക്കുന്നവരെയും കാണാതെ മദ്യഷാപ്പിനു മുന്നിൽ നിൽക്കുന്നവരെ രക്ഷിക്കാൻ മദ്യകേരളം നിർമിക്കുന്ന പിണറായിയുടെ ഇംഗിതം ആർക്കൊപ്പമാണെന്ന് മനസിലാക്കാവുന്നതാണ്.
(ലേഖകൻ യൂത്ത് ലീഗ് സംസ്ഥാന ട്രഷററാണ് )
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."