ഇരന്നുവാങ്ങിയതോ ഇന്ത്യൻ സ്വാതന്ത്ര്യം?
പ്രതിച്ഛായ
ജേക്കബ് ജോർജ്
7012000311
'മരിച്ചു മണ്ണടിഞ്ഞുപോയ ഒരു സംസ്‌കാരം ഉയർത്തെഴുന്നേറ്റ് പാറിപ്പറക്കുകയായിരുന്നു, 2014ൽ. ഇന്നും ഉയരങ്ങളിലേക്കു പറന്നുകൊണ്ടിരിക്കുന്നു ആ സംസ്‌കാരം'-ചലച്ചിത്രതാരം കങ്കണാ റണൗട്ടിന്റെ വർണന ആകാശത്തോളം ഉയർന്നുതന്നെ. 1947ലെ ഇന്ത്യൻ സ്വാതന്ത്ര്യം എന്തു സ്വാതന്ത്ര്യം? അത് ഇരന്നുവാങ്ങിയ സ്വാതന്ത്ര്യമല്ലേ? കങ്കണാ റണൗട്ടിന്റെ മൂർച്ചയേറിയ പരിഹാസം. അതെ. 1947ലെ സ്വാതന്ത്ര്യത്തെ മാത്രമല്ല താരം പരിഹസിക്കുകയും ചോദ്യം ചെയ്യുകയും ചെയ്യുന്നത്. സ്വാതന്ത്ര്യസമരത്തെയും അതിനു നേതൃത്വം കൊടുത്ത മഹാത്മാ ഗാന്ധിയെയും ജവഹർലാൽ നെഹ്‌റു, സർദാർ വല്ലഭായ് പട്ടേൽ എന്നിങ്ങനെ മഹാന്മാരായ സ്വാതന്ത്ര്യസമര പോരാളികളെയുമാണ്.
1947ലേത് ഇരന്നുവാങ്ങിയ സ്വാതന്ത്ര്യം മാത്രമായിരുന്നുവെന്ന് ഉറക്കെ പ്രഖ്യാപിക്കുകയാണ് കങ്കണാ റണൗട്ട്. കങ്കണയുടെ ദൃഷ്ടിയിൽ 1857ലെ ശിപായി ലഹള മാത്രമാണ് ബ്രിട്ടീഷുകാരെ വിറപ്പിച്ച ഒരു ഇന്ത്യൻ സ്വാതന്ത്ര്യസമരം എന്നു പറയാൻ. പിന്നെ ചരിത്രത്തിൽ ഒന്നും നടന്നിട്ടില്ല. ഗാന്ധിജിയും നെഹ്‌റുവും പട്ടേലുമൊക്കെ ബ്രിട്ടീഷ് ഭരണാധികാരികളോട് യാചിച്ചു. 1947 ഓഗസ്റ്റ് 15ന് ബ്രിട്ടീഷുകാർ ഇന്ത്യക്കാർക്ക് സ്വാതന്ത്ര്യവും രാജ്യവും ദാനമായി നൽകിയ ശേഷം ബ്രിട്ടനിലേക്കു തിരികെപ്പോയി. 2014ൽ നരേന്ദ്ര മോദി ഇന്ത്യൻ പ്രധാനമന്ത്രിയായില്ലായിരുന്നുവെങ്കിൽ ഇന്ത്യ ഇന്നും അന്ധകാരത്തിലും അജ്ഞതയിലും കഴിയുമായിരുന്നുവെന്ന് പറഞ്ഞുവയ്ക്കുകയാണ് കങ്കണ റണൗട്ട്.
തികഞ്ഞ മോദിഭക്തയാണ് കങ്കണ എന്ന കാര്യം എല്ലാവർക്കുമറിയാം. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ചൂടൻ വക്താവ്. ജനിച്ചു വളർന്നത് ഹിമാചൽപ്രദേശിൽ. താമസിക്കുന്നത് മുംബൈയിൽ. ബോളിവുഡിലെ പേരുകേട്ട നടിയാണ് കങ്കണ. പ്രായം 35 വയസു വരും. മോദിക്കു വേണ്ടി ആരോടും പോരടിക്കും, സംവദിക്കും. 'ടൈംസ് നൗ' ചാനലിന്റെ ഒരു ചർച്ചാ പരിപാടിയിൽ സംസാരിക്കുകയായിരുന്നു കങ്കണ. ഇക്കഴിഞ്ഞ ബുധനാഴ്ചയായിരുന്നു പരിപാടി. 1857ലേതുപോലെ ബ്രിട്ടീഷുകാർക്കെതിരേ ഒരു പ്രക്ഷോഭമോ, വിപ്ലവമോ, സമരമോ നടന്നിട്ടില്ലെന്ന സ്വന്തം കണ്ടുപിടിത്തമാണ് കങ്കണ അവിടെ അവതരിപ്പിച്ചത്. '1947ൽ ഇന്ത്യയിൽ എവിടെയാ ബ്രിട്ടീഷുകാർക്കെതിരേ സമരം നടന്നത്. എന്തെങ്കിലും സമരം എവിടെയെങ്കിലും നടന്നോ?' കങ്കണാ റണൗട്ട് ചോദിക്കുന്നു.
കങ്കണ പറയുന്നതിൽ വളരെ നേരിയ ഒരു ശരിയുണ്ട്. 1857ൽ രക്തരൂക്ഷിതമായൊരു ലഹള നടന്നു. ആദ്യത്തെ ഇന്ത്യൻ സ്വാതന്ത്ര്യസമരം എന്നു തന്നെയാണ് അത് ഇന്ത്യൻ ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്. ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ തിളക്കമേറിയ ഒരു അധ്യായം തന്നെയായിരുന്നു അത്. ആ കാലഘട്ടത്തിൽ അടിച്ചമർത്തപ്പെട്ട ഒരു ജനതയിൽനിന്ന് സ്വാഭാവികമായി ഉണ്ടായ രക്തരൂക്ഷിത വിപ്ലവം. ഒരു വർഷത്തിലേറെക്കാലം നീണ്ടുനിന്ന ആ ലഹളയിൽ 6,000ത്തിലധികം ബ്രിട്ടീഷുകാർ കൊല്ലപ്പെട്ടു. ലക്ഷക്കണക്കിന് ഇന്ത്യക്കാരും.
ഏതാണ്ട് 165 വർഷം മുമ്പ് ദൽഹിക്കടുത്ത് മീററ്റിൽ ഈസ്റ്റിന്ത്യാ കമ്പനിയുടെ സൈന്യത്തിലെ ശിപായിമാർ തുടങ്ങിവച്ച ലഹളയാണ് യഥാർഥത്തിൽ ഇന്ത്യയിൽ നടന്ന ഒരേയൊരു സ്വാതന്ത്ര്യസമരം, അല്ലെങ്കിൽ ലഹള എന്നുപറഞ്ഞ് അഭിമാനിക്കുന്ന കങ്കണാ റണൗട്ടിന്റെ യഥാർഥ ലക്ഷ്യം എന്താവും? വർഷങ്ങളോളം നീണ്ടുനിന്ന യഥാർഥ ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെങ്ങും സംഘ്പരിവാറിനു തൊട്ടുകാണിക്കാൻ ഒരു ചരിത്രപുരുഷനോ ചരിത്രസംഭവമോ ഇല്ലെന്ന യാഥാർഥ്യം മറച്ചുവയ്ക്കാൻ കങ്കണയെന്ന സിനിമാ താരത്തിന്റെ ചെറിയ ബുദ്ധിയിൽ ഉദയംചെയ്ത ഒരു ചിന്ത എന്നതിൽ കവിഞ്ഞ് ഈ ജൽപനത്തിനെന്തു പ്രസക്തി?
നാട്ടുരാജ്യങ്ങളായി ചിതറിക്കിടന്ന ഭാരതം എന്ന ഭൂവിഭാഗത്തെ കച്ചവടത്തിന്റെ പേരിൽ ഈസ്റ്റിന്ത്യാ കമ്പനിയായി വന്ന് കീഴടക്കാൻ ബ്രിട്ടനു കഴിഞ്ഞുവെന്നതു സത്യം. ഇന്ത്യക്കാരെ അടിച്ചമർത്തിയും തല്ലിച്ചതച്ചും ചൂഷണം ചെയ്തും ദീർഘകാലം അടക്കിഭരിക്കാൻ അവർക്കു കഴിഞ്ഞുവെന്നതും സത്യം. ഇതിനിടയിൽ ഇന്ത്യൻ നാഷനൽ കോൺഗ്രസ് ഉണ്ടായി. സുഭാഷ് ചന്ദ്രബോസ് മുതൽ ജവഹർലാൽ നെഹ്‌റു, വല്ലഭായ് പട്ടേൽ എന്നിങ്ങനെ ധാരാളം നേതാക്കൾ വന്നു. കോൺഗ്രസ് ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിനു നേതൃത്വം കൊടുത്തു. അതിന് ആശയപരമായ നേതൃത്വം കൊടുക്കാൻ മഹാത്മാ ഗാന്ധി ഉദിച്ചുയർന്നു. അഹിംസയിലൂന്നിയ ഒരു സമരരീതി അദ്ദേഹം പ്രഖ്യാപിച്ചു. അദ്ദേഹത്തിന്റെ വാക്കുകൾക്ക് വെടിയുണ്ടകളേക്കാൾ തീക്ഷ്ണതയുണ്ടായിരുന്നു. ഗാന്ധിജി ലോകമെങ്ങുമറിയുന്ന സ്വാതന്ത്ര്യസമര നേതാവായി. ഗാന്ധിയൻ സമരരീതിയെയും ഗാന്ധിയൻ ചിന്തയെയും മനസിലാക്കിയാലേ ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിന്റെ ആത്മാവ് ഉൾക്കൊള്ളാൻ കഴിയൂ, ഗാന്ധിജിയുടെ മാഹാത്മ്യം മനസിലാക്കാൻ കഴിയൂ.
ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ അതിവിശാലമായ ചരിത്രത്തിൽ ഏതെങ്കിലുമൊരു കോണിൽ സംഘ്പരിവാറിൽപ്പെട്ടവർ ആരെങ്കിലുമുണ്ടോ? ഇല്ല എന്ന് ആർക്കും കണ്ണുമടച്ച് ഉറക്കെപ്പറയാനാവും. സംഘ്പരിവാർ നേതൃത്വത്തെയോ രാജ്യം ഭരിക്കുന്ന ബി.ജെ.പിയെയോ ഇതുപറഞ്ഞു ബോധ്യപ്പെടുത്തേണ്ടതില്ല. അതാണല്ലോ ബി.ജെ.പി ഭരണം ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ കരുത്തനായ നേതാവും ഉരുക്കുമനുഷ്യനെന്നറിയപ്പെട്ട ആഭ്യന്തര മന്ത്രിയുമായിരുന്ന സർദാർ വല്ലഭായ് പട്ടേലിന്റെ കൂറ്റൻപ്രതിമ ഗുജറാത്തിൽ സ്ഥാപിക്കാൻ മിനക്കെട്ടത്. ഗാന്ധിവധത്തെ തുടർന്ന് ആർ.എസ്.എസിനെ നിരോധിച്ച ഭരണാധികാരിയാണ് സർദാർ വല്ലഭായ് പട്ടേൽ എന്നോർക്കുക.
''ടൈംസ് നൗ''വിലെ പ്രസംഗത്തെ തുടർന്ന് കങ്കണയ്‌ക്കെതിരേ ശകാരവർഷവുമായി സമൂഹമാധ്യമ ലോകം ഇളകിമറിഞ്ഞു. കേന്ദ്ര സർക്കാർ ഈയിടെ നൽകിയ പത്മശ്രീ ബഹുമതി തിരിച്ചുനൽകണമെന്നും ആളുകൾ ആവശ്യപ്പെട്ടു. സ്വാതന്ത്ര്യസമരത്തെയും സ്വാതന്ത്ര്യസമര സേനാനികളെയും ബഹുമാനിക്കാത്തയാൾക്ക് പത്മശ്രീ ബഹുമതിക്ക് അർഹതയില്ലെന്നാണ് വിമർശകർ പറഞ്ഞത്. പക്ഷേ, കങ്കണയ്ക്കു മറുപടിയുണ്ട്. നരേന്ദ്ര മോദി പ്രധാനമന്ത്രിയായ ശേഷം മാത്രമാണ് ഇന്ത്യക്കാർക്ക് ബോധവും ബോധോദയവും ഉണ്ടായതത്രെ-കങ്കണയുടെ മറുപടി. ഇംഗ്ലീഷിൽ സംസാരിക്കാനാവാത്തതിന് ഇന്ത്യയിൽ ഇന്ന് ആരും ആക്ഷേപിക്കപ്പെടുന്നില്ല; ഇന്ത്യൻ നിർമിത വസ്തുക്കൾ ഉപയോഗിക്കുന്നതിനും ഇന്ത്യയിലെ ഏതെങ്കിലും കുഗ്രാമത്തിൽനിന്നു വരുന്നയാളായതിനുമൊന്നും ഇന്ന് ആരും നമ്മെ കളിയാക്കുകയില്ല-കങ്കണ അഭിമാനം കൊള്ളുകയാണ്. ഇതൊക്കെ സാധിച്ചത് മോദി വന്നതിനു ശേഷം മാത്രം.
ചലച്ചിത്ര അഭിനയത്തിലേക്കു വന്ന ഘട്ടത്തിൽ ഏതു പുതുമുഖത്തിനുമെന്നതുപോലെ പല പ്രതിസന്ധികളെയും കങ്കണയ്ക്കു നേരിടേണ്ടിവന്നിട്ടുണ്ട്. അതിൽ ഏറ്റവും പ്രധാനമായിരുന്നു ഇംഗ്ലീഷ് സംസാരിക്കാനുള്ള കഴിവില്ലായ്മ. ബോളിവുഡിലെ സാധാരണ സംസാരഭാഷ ഇംഗ്ലീഷ് തന്നെയാണ്. ഇംഗ്ലീഷ് ഭാഷയിലുള്ള സ്വാധീനക്കുറവ് കങ്കണയെ വല്ലാതെ ഒറ്റപ്പെടുത്തിയിരുന്നതായി റിപ്പോർട്ടുകളുണ്ട്. അന്നത്തെ ഒറ്റപ്പെടൽ ഇന്നും കങ്കണയെ വേട്ടയാടുന്നുണ്ടെന്ന് ഈ പരാമർശം വെളിപ്പെടുത്തുന്നു. ഇന്ത്യൻ നിർമിത വസ്തുക്കളുടെ കാര്യം അവർ ഓർമിപ്പിക്കുന്നത് പ്രധാനമന്ത്രിയുടെ 'മെയ്ക്ക് ഇൻ ഇന്ത്യാ' പദ്ധതിയിലേക്കു വിരൽചൂണ്ടാനാണെന്നതിൽ സംശയമില്ല. ഇന്ത്യയുടെ അഭിമാനമായി കോൺഗ്രസ് നേതാവ് സർദാർ പട്ടേലിന്റെ പേരു കവർന്നെടുത്ത് കൂറ്റൻ പ്രതിമയുണ്ടാക്കിയ കാര്യം കങ്കണ മറന്നുപോയിരിക്കുന്നു. സർക്കാർ അതിനു ചെലവഴിച്ചത് 2,063 കോടി രൂപ!
സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി മഹാത്മാ ഗാന്ധി വിദേശ വസ്തുക്കൾ, പ്രത്യേകിച്ച് വിദേശ വസ്ത്രങ്ങൾ ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്ത കാര്യം കങ്കണാ റണൗട്ടിനറിയുമോ ആവോ? ഇംഗ്ലണ്ടിലെ യന്ത്രത്തറികളിലുണ്ടാക്കുന്ന വസ്ത്രങ്ങൾ ഇന്ത്യയിൽ വിറ്റഴിക്കാൻ നടത്തിയ ശ്രമങ്ങൾക്കെതിരായ ഗാന്ധിയൻ സമരമായിരുന്നു അത്. ഉപ്പിനു നികുതി ഏർപ്പെടുത്തിയപ്പോൾ ജനങ്ങളെക്കൂട്ടി ഉപ്പുസത്യഗ്രഹം നടത്തിയ ചരിത്രം കങ്കണയ്ക്കറിയുമോ? ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ വെട്ടിത്തിളങ്ങുന്ന ഏടുകളാണിതൊക്കെയെന്ന് ഈ സിനിമാ താരത്തിനറിയുമോ?
2014ൽ മാത്രമാണ് ശരിയായൊരു ഭരണം ഇന്ത്യക്കാർ കണ്ടതെന്നു കങ്കണ പറയുമ്പോൾ ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിനെക്കുറിച്ചും അദ്ദേഹത്തിന്റെ മഹത്തായ സംഭാവനകളെക്കുറിച്ചും കങ്കണയ്‌ക്കൊന്നുമറിയില്ലെന്നർഥം. സ്വാതന്ത്ര്യം കിട്ടിയ സമയത്ത് ഇന്ത്യ ഒരു ദരിദ്രരാജ്യമായിരുന്നു. ദാരിദ്ര്യം നീക്കാൻ മാത്രമല്ല അദ്ദേഹം അധ്വാനിച്ചത്. വലിയ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഗവേഷണ കേന്ദ്രങ്ങളും പ്രതിരോധ സ്ഥാപനങ്ങളും കെട്ടിയുയർത്തി ഇന്ത്യയെ ആധുനിക രാജ്യമാക്കി മാറ്റാനാണ് നെഹ്‌റു ശ്രമിച്ചത്. മാനേജ്‌മെന്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ പോലെ, ഐ.ഐ.ടികൾ പോലെ, ഡി.ആർ.ഡി.ഒ പോലെ, ഐ.എസ്.ആർ.ഒ പോലെ, ഭക്രാനംഗൽ അണക്കെട്ട് പോലെ ഇന്നും ഉയർന്നുനിൽക്കുന്ന എത്രയെത്ര സ്ഥാപനങ്ങൾ? ഇതുപോലെ ഒരൊറ്റ സ്ഥാപനമെങ്കിലും പണിതുയർത്താൻ 2014നു ശേഷം ഇന്ത്യയ്ക്കു കഴിഞ്ഞിട്ടുണ്ടോ? നെഹ്‌റു വളർത്തിയെടുത്ത എയർഇന്ത്യ ഉൾപ്പെടെ പൊതുമേഖലാ സ്ഥാപനങ്ങൾ എത്രയെണ്ണം വിറ്റുതുലച്ചു, 2014നു ശേഷം? ഒന്നുംവേണ്ട. ഒരൊറ്റ ചോദ്യം മാത്രംമതി, ആഗോള പട്ടിണി സൂചികയിൽ ഇന്ത്യയുടെ സ്ഥാനമെവിടെയാണ് കങ്കണേ? ഒരു പ്രധാനമന്ത്രിയെപ്പറ്റിക്കുറിച്ചുകൂടി രണ്ടു വാക്ക്. ഡോ. മൻമോഹൻ സിങ്ങിനെക്കുറിച്ചാണ്. ഇന്ത്യൻ റിസർവ് ബാങ്ക് ഗവർണറായിരുന്ന മൻമോഹൻ സിങ് ലോകപ്രശസ്തനായ ധനതത്വ ശാസ്ത്രജ്ഞനായിരുന്നു. ലോകത്തിലെ തന്നെ എക്കാലത്തെയും വലിയ വിദ്യാസമ്പന്നനായ ഭരണത്തലവനും.
കങ്കണാ റണൗട്ട് ഹിന്ദുത്വചിന്തയുടെ ആചാര്യൻ വീർ സവർക്കറെയും വാഴ്ത്തുന്നുണ്ട്. അക്രമം നടത്തിയതിന് ബ്രിട്ടീഷ് ഭരണാധികാരികൾ ആന്തമാനിലെ ജയിലിലാക്കിയപ്പോൾ അവിടെനിന്നു മോചനം തേടി ബ്രിട്ടീഷ് അധികാരികൾക്കു മാപ്പപേക്ഷ കൊടുത്ത കഥകൾ ഈയിടെയും ഇന്ത്യയിൽ വലിയ ചർച്ചാ വിഷയമായിരുന്നു. 1911 ഓഗസ്റ്റ് 30നായിരുന്നു ആദ്യത്തെ മാപ്പപേക്ഷ, ജയിലിലെത്തി രണ്ടു മാസം കഴിഞ്ഞപ്പോൾ. 1912 ഒക്ടോബർ 29നു രണ്ടാമത് മാപ്പപേക്ഷ. 1913 നവംബറിലും 1914 സെപ്റ്റംബറിലും ഓരോ അപേക്ഷകൂടി അയച്ചു. 1915 ഫെബ്രുവരിയിൽ അദ്ദേഹത്തിന്റെ ഭാര്യ യമുനയും ഭാര്യാസഹോദരി യേശുഭായിയും ചേർന്ന് വൈസ്രോയിക്ക് അപേക്ഷ നൽകി. 1915ൽ സവർക്കർ വീണ്ടും മാപ്പപേക്ഷ നൽകി. പിന്നെ 1917ൽ. താൻ മുമ്പു തുടർന്നിരുന്ന വിപ്ലവപാത ഉപേക്ഷിച്ചുവെന്നും ഭരണഘടനയ്ക്കനുസൃതമായി ജീവിച്ചുകൊള്ളാമെന്നും ഉറപ്പു നൽകിക്കൊണ്ടായിരുന്നു മാപ്പപേക്ഷ എന്ന് സവർക്കറുടെ ജീവചരിത്രമെഴുതിയ വൈഭവ് പുരന്തരെ രേഖപ്പെടുത്തിയിട്ടുണ്ട് (''സവർക്കർ: ഹിന്ദുത്വത്തിന്റെ പിതാവിന്റെ യഥാർഥ കഥ. പ്രസിദ്ധീകരണം: ജഗ്ഗര നോട്ട് ബുക്‌സ്, ന്യൂഡൽഹി-പുറം: 150).
1857ലെ ശിപായി ലഹളയിൽ മാത്രമേ യഥാർഥ വിപ്ലവമുള്ളൂ എന്നാണ് കങ്കണ റണൗട്ടിന്റെ കണ്ടുപിടിത്തം. ചരത്രം ഏറെ പഠിക്കാനുണ്ട് കങ്കണയ്ക്ക്. നെഹ്‌റുവിന്റെ പുസ്തകങ്ങളും നെഹ്‌റുവിനെക്കുറിച്ചുള്ള പുസ്തകങ്ങളും വായിക്കണം. കൂട്ടത്തിൽ വൈഭവ് പുരന്തരെയുടെ ''സവർക്കർ'' ജീവചരിത്രവും വായിക്കണം. ഇന്ത്യയിലെ ഏതു വിമാനത്താവളത്തിലും കിട്ടും. മുംബൈ ഡൊമസ്റ്റിക് വിമാനത്താവളത്തിലെ പുസ്തകക്കടയിൽ നിന്നാണ് രണ്ടുവർഷം മുമ്പ് ഈ പുസ്തകം വാങ്ങിയത്. മുംബൈയിൽ താമസിക്കുന്ന കങ്കണ റണൗട്ട് എവിടേക്കും യാത്ര ചെയ്യുന്നത് ഈ വിമാനത്താവളം വഴിയാണ്. പുരന്തരെ ''ടൈംസ് ഓഫ് ഇന്ത്യ''യുടെ മുംബൈ റസിഡന്റ് എഡിറ്ററുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."