ശമനമില്ലാതെ മഴ; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: കേരളത്തില്‍ അടുത്ത രണ്ടു ദിവസം കൂടി വ്യാപകമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. എട്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
കോട്ടയം , പത്തനംതിട്ട, ആലപ്പുഴ , കൊല്ലം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് നെടുമങ്ങാട് , കാട്ടാക്കട , നെയ്യാറ്റിന്‍കര താലൂക്കുകളിലെ സ്‌കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എം.ജി കേരള സര്‍വകലാശാല നാളെ നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചു.
കോഴിക്കോട് നഗരത്തിലും കനത്ത മഴയായിരുന്നു. ചിന്താവളപ്പ് ഉള്‍പ്പെടെ നഗരത്തിലെ ഏതാനും പ്രദേശങ്ങളില്‍ വെള്ളക്കെട്ടുണ്ടായി. മലയോര മേഖലയിലും ശക്തമായ മഴയാണ്.
കനത്ത മഴയില്‍ കൊല്ലം ജില്ലയില്‍ 54 വീടുകള്‍ക്ക് നാശനഷ്ടമുണ്ടായി. 15 കോടിയുടെ നഷ്ടം ജില്ലയില്‍ ഉണ്ടായതായി കണക്കാക്കുന്നു. മഴക്കെടുതിയെ തുടര്‍ന്ന് ജില്ലയില്‍ 21 ദുരിതാശ്വാസക്യാമ്പുകള്‍ ഇതുവരെ തുറന്നു. 705 പേര്‍ ക്യാമ്പുകളില്‍ കഴിയുന്നു. ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍ ക്യാമ്പുകള്‍ സന്ദര്‍ശിച്ചു. മഴക്കെടുത്തിയില്‍ രണ്ടു വീടുകള്‍ പൂര്‍ണമായും 52 വീടുകള്‍ ഭാഗികമായും തകര്‍ന്നു. 670 ഹെക്ടറില്‍ ആയി 52 ലക്ഷം രൂപയുടെ കൃഷി നാശവും കണക്കാക്കുന്നു. പിഡബ്ല്യുഡി റോഡുകള്‍ തകര്‍ന്നത് വഴി നാലേകാല്‍ കോടി രൂപയുടെ നഷ്ടമുണ്ടായി. നാഷണല്‍ ഹൈവേയില്‍ മൂന്നു കോടി 60 ലക്ഷം രൂപയുടെ നാശനഷ്ടം സംഭവിച്ചു. ഇറിഗേഷന്‍ വകുപ്പിന് 7 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായത്. മൃഗസംരക്ഷണ വകുപ്പിന് ഉണ്ടായത് ഏഴര ലക്ഷം രൂപയുടെ നഷ്ടം.
ഡാമുകളിലെ ജലനിരപ്പ് നിലവില്‍ നിയന്ത്രണവിധേയമാണ്. വെള്ളപ്പൊക്കം രൂക്ഷമായിരുന്ന മണ്‍ട്രോത്തുരുത്തില്‍ ജലം ഒഴുകി പോകുന്നതിന് പുറമേ, മഴ മാറി നിന്നതും ആശ്വാസമായി. കരകവിഞ്ഞ കല്ലടയാറ്റിലെ ജലനിരപ്പിനും നേരിയ തോതില്‍ കുറവ് വന്നിട്ടുണ്ട്.
അതേസമയം, ഇടുക്കി,മുല്ലപ്പെരിയാര്‍ ഡാമുകളില്‍ ജലനിരപ്പ് ഉയരുകയാണ്. ഇടുക്കിയില്‍ 2399.16 അടിയിലാണ് ജലനിരപ്പ്. മുല്ലപ്പെരിയാറില്‍ നീരൊഴുക്ക് കൂടിയതിനെ തുടര്‍ന്ന് ജലനിരപ്പ് വര്‍ധിച്ചു. 140.45 അടിയിലാണ് ജലനിരപ്പ്. തമിഴ്‌നാട് 2300 ഘനയടി വെള്ളം കൊണ്ടുപോകുന്നുണ്ട്. ഇടുക്കി ജില്ലയില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടാണുള്ളത്. രാത്രിയാത്രാ നിരോധനം തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."