വളർത്തുനായ ആക്രമിച്ച സംഭവം യുവതിയെ രക്ഷിച്ച നാട്ടുകാർക്കെതിരേ കേസ് ; ഉടമയ്ക്കെതിരേ നടപടിയില്ല
താമരശേരി
അമ്പായത്തോട്ടിൽ സ്വകാര്യ വ്യക്തിയുടെ വളർത്തു നായകൾ യുവതിയെ ആക്രമിച്ച സംഭവത്തിൽ ഉടമക്കെതിരേ നടപടിയെടുക്കാതെ പൊലിസ്. ഉടമ അമ്പായത്തോട് വെഴുപ്പൂർ എസ്റ്റേറ്റ് മീനം കുളത്തുചാൽ റോഷനെതിരേ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തെങ്കിലും ഇന്നലെ രാത്രി തന്നെ വിട്ടയക്കുകയായിരുന്നു.
അതേസമയം നായകൾ അക്രമിക്കുന്നതു കണ്ട് യുവതിയെ രക്ഷപ്പെടുത്തിയ നാട്ടുകാരായ 20 പേർക്കെതിരേയും താമരശേരി പൊലിസ് ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തു.
യുവതിയെ രക്ഷപ്പെടുത്തുന്നതിനിടെ നായകളുടെ ഉടമ റോഷന് അടിയേറ്റെന്നു ചൂണ്ടിക്കാട്ടിയാണ് നാട്ടുകാർക്കെതിരേ പൊലിസ് കേസെടുത്തത്. ഇതിനു പുറമെ തന്റെ ജീപ്പ് കത്തിച്ചുവെന്ന വ്യാജ പരാതിയും റോഷൻ പൊലിസിനു നൽകി. ഇതുമായി ബന്ധപ്പെട്ട് പൊലിസ് കണ്ടാലറിയാവുന്ന പത്തു പേർക്കെതിരേയും കേസെടുത്തിട്ടുണ്ട്.
സംഭവം നടന്നിട്ടും ഏറെ വൈകിയാണ് ഉടമക്കെതിരേ പൊലിസ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. കൂടാതെ യുവതിയെ ആക്രമിക്കുന്ന നായകളെ അകറ്റുമ്പോൾ നാട്ടുകാർക്കു നേരെ റോഷൻ തോക്കു ചൂണ്ടി വെടിവയ്ക്കുമെന്നും കൊടുവാളെടുത്ത് വെട്ടുമെന്നും ഭീഷണിപ്പെടുത്തിയതായും ദൃക്സാക്ഷികൾ പറയുന്നു. എന്നാൽ നാട്ടുകാരുടെ പ്രതിഷേധത്തിനൊടുവിൽ ഉടമക്കെതിരേ കേസെടുത്തെങ്കിലും ഇയാളെ വിട്ടയക്കുകയായിരുന്നു. ഞായറാഴ്ചയാണ് അമ്പായത്തോട് മിച്ചഭൂമിയിൽ ഫൗസിയ(36)ക്ക് വളർത്തു നായകളുടെ ആക്രമണത്തിൽ ഗുരുതര പരുക്കേറ്റത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."